സ്ത്രീ നവോത്ഥാനത്തിന്റെ വഴിമുടക്കികളെ ഒറ്റപ്പെടുത്തണം -കെ.എൻ.എം മർകസുദ്ദഅവ

കൊടുവള്ളി: പൊതുവേദിയിൽ സമ്മാനം സ്വീകരിച്ചതിന് പത്താം ക്ലാസ് പെൺകുട്ടിയെ അപമാനിച്ച സമസ്ത മതപണ്ഡിതൻ സ്ത്രീ സമൂഹത്തോട് മാപ്പുപറയണമെന്ന് കെ.എൻ.എം മർകസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ല ലീഡേഴ്സ് മീറ്റ് ആവശ്യപ്പെട്ടു. ഇസ്‍ലാം നിർദേശിച്ച മര്യാദകൾ പാലിച്ച് പൊതുഇടങ്ങളിൽ സ്ത്രീകൾക്ക് പ്രത്യക്ഷപ്പെടാമെന്നിരിക്കെ അവരെ സാമൂഹിക മുഖ്യധാരയിൽനിന്ന് അരികുവത്കരിക്കുന്നത് അപലപനീയമാണ്. സ്ത്രീകൾക്ക് അക്ഷരാഭ്യാസവും ആരാധന സ്വാതന്ത്ര്യവും വിലക്കിയവർ വർഷങ്ങളുടെ ശ്രമം കൊണ്ട് നേടിയെടുത്ത നവോത്ഥാനത്തെ അടിമേൽ മറിക്കുകയാണ്. ജാറങ്ങളിലും നേർച്ചയിടങ്ങളിലും സ്ത്രീകൾക്ക് കൂടിച്ചേരലിന് അവസരമൊരുക്കുന്നവർ സ്ത്രീ നവോത്ഥാനത്തിന്റെ വഴികൾ കൊട്ടിയടക്കുന്നതിനെതിരെ വിശ്വാസി സമൂഹം ജാഗ്രത്താകണമെന്നും നേതൃസംഗമം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് പി.ടി. അബ്ദുൽ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.പി. ഹുസൈൻ കോയ, അബ്ദുൽ റഷീദ് മടവൂർ, അബ്ദുല്ലത്തീഫ് അത്താണിക്കൽ, ശുക്കൂർ കോണിക്കൽ, കുഞ്ഞിക്കോയ ഒളവണ്ണ, മഹ്ബൂബ് ഇടിയങ്ങര, എൻ.ടി. അബ്ദുറഹിമാൻ, സത്താർ ഓമശ്ശേരി, ഫാറൂഖ് പുതിയങ്ങാടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.