കോട്ടയത്തെ ആകാശപ്പാതക്ക് ചുവട്ടിൽ യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ പടവലത്തൈ നട്ട്
പ്രതിഷേധിക്കുന്നു
കോട്ടയം: വിവാദ ആകാശപ്പാതക്ക് ചുവട്ടിൽ പടവലത്തൈ നട്ട് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ പ്രതിഷേധിച്ചു. നിയമപരമായും സാങ്കേതികമായും പണിപൂർത്തിയാക്കാൻ സാധിക്കാത്ത കോട്ടയം പട്ടണത്തിലെ ആകാശപ്പാത അപകടപാതയായി മാറിയ പശ്ചാത്തലത്തിൽ എത്രയും വേഗം പൊളിച്ചുനീക്കണമെന്ന് കേരള കോൺഗ്രസ് എം ജില്ല പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ ഈ നിർമിതിയുടെ അലൈൻമെന്റ് സംബന്ധിച്ചും സാങ്കേതികമായി ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. നിർമിതിയുടെ പല ഭാഗങ്ങളും തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലാണ്.
വിദ്യാർഥികൾ ധാരാളമായി എത്തുന്ന രാവിലെയോ വൈകീട്ടോ ഏതെങ്കിലും ഭാഗം താഴേക്ക് പതിച്ചാൽ വലിയ ദുരന്തമാവും. ആകാശപ്പാത സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതിയെ സത്യാവസ്ഥ ബോധ്യപ്പെടുത്തി എത്രയും വേഗം ഇത് പൊളിച്ചുമാറ്റാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം.
കോട്ടയം എം.എൽ.എ ഈഗോ ഉപേക്ഷിച്ച് ജനങ്ങളുടെ സുരക്ഷക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട് എം ജില്ല പ്രസിഡൻറ് ചാക്കോ, സാജൻ തൊടുക, മാലേത്ത് പ്രതാപചന്ദ്രൻ, ബിറ്റു വൃന്ദാവൻ, റോണി വലിയപറമ്പിൽ, ചാർളി ഐസക്, സുനിൽ പയ്യപ്പള്ളി, മിഥിലാജ് മുഹമ്മദ്, റെനീഷ് കാരിമറ്റം, ജോ ജോസേഫ്, പിക്കു ഫിലിപ് മാത്യു, രൂപേഷ് എബ്രഹാം, ജീൻസ് കുര്യൻ, ബിബിൻ വെട്ടിയാനി, തോമസ്കുട്ടി വരിക്കയിൽ, ഷാനോ വൈക്കം, ലിജുമോൻ ജോസഫ്, ജോബിൻ കുട്ടിക്കാട് എന്നിവർ സംസാരിച്ചു.
കോട്ടയം: ആകാശപ്പാത പദ്ധതി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ഉപവാസവുമായി എം.എൽ.എയും പ്രതിഷേധവുമായി സി.പി.എമ്മും രംഗത്തിറങ്ങുന്നതോടെ ശനിയാഴ്ച ആകാശപ്പാത സമരമുഖമാകും. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ആകാശപ്പാതക്കു സമീപം ഉപവാസമിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് എം.പി, എം.എല്‍.എമാരായ മാണി സി. കാപ്പന്, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ സംസാരിക്കും. വൈകീട്ട് അഞ്ചിനാണ് സി.പി.എം ഏരിയ കമ്മിറ്റി ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ല സെക്രട്ടറി എ.വി. റസല്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.