ഈരാറ്റുപേട്ടയിലെ ഒരു പഴക്കട
ഈരാറ്റുപേട്ട: കടുത്ത വേനലിൽ എത്തിയ റമദാനിൽ നോമ്പു തുറക്ക് ശീതളിമ പകർന്ന് പഴവിപണി സജീവം. സ്വദേശിയും വിദേശിയുമായ പഴങ്ങളുടെ വലിയ വൈവിധ്യ തന്നെയുണ്ട് വിപണിയിൽ. വിലയിൽ വർധനയുണ്ടെങ്കിലും ചൂടിനെ അതിജീവിക്കാൻ പഴങ്ങളെയാണ് കൂടുതലും ആശ്രയിക്കുന്നത്.
തണ്ണിമത്തനും മുന്തിരിക്കുമാണ് കൂടുതൽ വിൽപന. ഇതോടൊപ്പം ബ്ലൂബെറി, മാങ്കോസ്റ്റിൻ, റംബൂട്ടാൻ, സ്വീറ്റ് ടാമറിണ്ട്, റോയൽ ഗാല, സിട്രസ്, ഡ്രാഗൺ ഫ്രൂട്ട് എന്നിവയ്ക്കും ആവശ്യക്കാരുണ്ട്. കശ്മീർ, ഷിംല ആപ്പിളുകളേക്കാൾ പ്രിയം ഇറ്റലി, തുർക്കി, യു.എസ്, പോളണ്ട്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത ആപ്പിളിനാണ്. 200 മുതൽ 300 രൂപവരെയാണ് വില. തണ്ണിമത്തൻ, കൈതച്ചക്ക, മുന്തിരികൾ, പപ്പായ, പഴം തുടങ്ങിയവയാണ് വിപണിയിലെ നാടൻ ഇനങ്ങൾ.
പ്രാദേശികമായി വ്യത്യാസം വരുന്നുണ്ടെങ്കിലും വേനൽക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റുപോകുന്ന തണ്ണിമത്തന് 30 രൂപ മുതലാണ് വില. 60 മുതൽ 80 രൂപ വരെ ആയിരുന്ന പച്ചമുന്തിരിയുടെ വില രണ്ടുദിവസം കൊണ്ട് 120 രൂപ വരെയെത്തി. കറുത്ത മുന്തിരിക്കൊപ്പം പച്ച മുന്തിരിയും ഇപ്പോൾ കൂടുതലായി എത്തുന്നുണ്ട്.
വാഴപ്പഴങ്ങളിൽ നേന്ത്രൻ, ഞാലിപ്പൂവൻ പഴങ്ങൾക്കും വില കൂടുതലാണ്. മറ്റു ജില്ലകളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തുന്ന നേന്ത്രപ്പഴമാണ് കൂടുതലും വിൽപ്പനക്കുള്ളത്. തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പഴങ്ങൾ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.