തേന്‍പുഴയിലെ തൂക്കുപാലം
കൂട്ടിക്കല്‍: നൂറ്റാണ്ടിന്റെ പഴക്കമുള്ള തേന്‍പുഴയിലെ തൂക്കുപാലം കോണ്‍ക്രീറ്റ് പാലമാകുന്ന വെംബ്ലിയുടെ സ്വപ്നം ഉത്തരമില്ലാത്ത ചോദ്യമായി നീളുന്നു. തെരഞ്ഞെടുപ്പുകാലത്തു മാത്രം ഉണ്ടാവുന്ന ഉത്തരത്തിനു തെരഞ്ഞെടുപ്പു ഫലം വരുന്നതോടെ ആയുസ്സ് അവസാനിക്കുന്നതാണ് പതിവുകാഴ്ച.
കോട്ടയം-ഇടുക്കി ജില്ലകളെയും കൂട്ടിക്കല്‍-കൊക്കയാര്‍ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന തേന്‍പുഴ പാലത്തിനു പറയാന്‍ നിരവധി കഥകളുണ്ട്. പൂഞ്ഞാര്‍-പീരുമേട് നിയമസഭ മണ്ഡലങ്ങളുടെ കൂടിച്ചേരലും ഈ പാലത്തിന്റെ പ്രത്യേകതയാണ്. നൂറു വര്‍ഷംമുമ്പ് ബ്രിട്ടീഷുകാര്‍ രാജ്യം ഭരിക്കുമ്പോഴാണ് തങ്ങളുടെ തൊഴിലാളികള്‍ക്കായി പ്രദേശത്ത് തടിപ്പാലം നിർമിച്ചത്. ഇംഗ്ലീഷുകാർ നാട് വിട്ടതിനു ശേഷം കോട്ടയം കേന്ദ്രമായ സ്വകാര്യ കമ്പനി തോട്ടം ഏറ്റെടുത്തതോടെ തടിപ്പാലം കമ്പിപ്പാലമായി മാറി. പുല്ലകയാറിനു കുറുകെ കമ്പികള്‍ വലിച്ചുകെട്ടി പലക നിരത്തിയാണു തൂക്കുപാലം പണിതത്.
അപകടഭീതി ഉയർത്തി തൂങ്ങിയാടുന്ന പാലം അറ്റകുറ്റപ്പണി നടത്തുന്നതുപോലും വല്ലപ്പോഴും മാത്രം. പാലത്തിന്റെ അറ്റകുറ്റപ്പണിക്കിടെ താഴെ വീണ് നാട്ടുകാരില്‍ ഒരാള്‍ മരിച്ചതും പഴമക്കാരുടെ ഓർമയിലുണ്ട്. പിന്നീട് പഞ്ചായത്ത് പാലം ഏറ്റെടുത്തെങ്കിലും മൂന്നും നാലു വര്‍ഷം കൂടുമ്പോഴാണ് കമ്പി മുറുക്കലും പലക മാറ്റലുമൊക്കെ നടത്തുന്നത്. പഞ്ചായത്തിന് കൂടുതല്‍ അധികാരവും ഫണ്ടുമൊക്കെ ആയതോടെ ഇതിനു മാറ്റം വന്നെങ്കിലും വാഹനങ്ങള്‍ കടന്നുപോകുന്ന പാലം നാട്ടുകാരുടെ സ്വപ്നമാണ്. രാഷ്ട്രീയക്കാര്‍ തെരഞ്ഞെടുപ്പു കാലത്ത് കോണ്‍ക്രീറ്റ് പാലം പ്രധാന വാഗ്ദാനമാക്കുക പതിവാണ്. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ പാലം വാഗ്ദാനം ചെയ്തവർ ബജറ്റിൽ പാലത്തിനു തുക അനുവദിച്ചെന്ന പ്രചാരണത്തിലും സജീവമായിരുന്നു. മൂന്നു കോടി മുതല്‍ 21 കോടി രൂപ വരെ അനുവദിച്ചതിന്റെ ഫ്ലക്സ് ബോര്‍ഡ് വിവിധ പ്രദേശങ്ങളില്‍ ഉയര്‍ന്നതല്ലാതെ രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും പദ്ധതി യാഥാർഥ്യമായില്ല. ബോർഡുകള്‍ ഇരുട്ടിന്റെ മറവില്‍ എടുത്തുമാറ്റി പ്രവര്‍ത്തകരുടെ മാട്ടിന്കൂടുകളില് മേല്ക്കൂരയാക്കിയെങ്കിലും പാലം തൂക്കുപാലമായി തുടരുകയാണ്.
തേന്പുഴയില്നിന്ന് അപ്രോച്ച് റോഡ് നിര്മിച്ചുമാത്രമേ പാലം നിര്‍മിക്കാന്‍ കഴിയൂ എന്ന അധികാരികളുടെ നിലപാടും പ്രതിസന്ധി സൃഷ്ടിക്കുന്നു. പാലം മുതല്‍ തേന്‍പുഴ വരെ സ്വകാര്യ വ്യക്തികളുടെ തോട്ടമാണ്. ആദ്യമൊക്കെ സ്ഥലം വിട്ടുനല്‍കും എന്നറിയിച്ചെങ്കിലും സര്‍ക്കാര്‍ പണം നല്‍കിയാലേ കൊടുക്കൂ എന്ന് ഉടമ പിന്നീട് നിലപാട് മാറ്റി. കൈയേറാന്‍ ചിലര്‍ നീക്കം നടത്തിയെങ്കിലും നടന്നില്ല. പാലത്തിനായി നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും അധികാരികള്‍ കണ്ണു തുറന്നില്ല.
തൂക്കുപാലം സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്ന് 400 മീറ്റർ മാറി വെട്ടിക്കാനം ഭാഗത്ത് സ്ഥലം നല്കാന് മറ്റൊരു ഭൂവുടമ സന്നദ്ധത അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. കൂട്ടിക്കല്‍ സര്‍ക്കാർ ആശുപത്രി, നിരവധി സ്കൂള്‍- കോളജുകള്‍ എന്നിവിടങ്ങളിലേക്ക് പോകാനുള്ള ഏക ആശ്രയമാണ് ഈ പാലം. ഏഴുമാസം മുമ്പ് ആറ്റു പുറമ്പോക്കില്‍ നിന്ന മരം പാലത്തിനു മുകളിലേക്ക് വീണതോടെ പാലത്തിനുണ്ടായിരുന്ന ഉറപ്പു കുറഞ്ഞു. 2021ലെ പ്രളയത്തില്‍ വെള്ളം കയറി പാലത്തിനു ബലക്ഷയമുണ്ടായിരുന്നു.
വെംബ്ലിയിൽ കോണ്‍ക്രീറ്റ് പാലമെന്ന നാട്ടുകാരുടെ സ്വപ്നം യാഥാർഥ്യമാക്കാന്‍ ശ്രമിക്കും. വിഷയം പുതിയ എം.എല്‍.എയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. സര്‍ക്കാറില്‍ പൂര്‍ണ പ്രതീക്ഷയുണ്ട്. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുമായി കൂടിയാലോചിച്ച് എം.എല്‍.എ മുഖേന സര്‍ക്കാറിനെ സമീപിക്കാനാണ് ആലോചിക്കുന്നത്.
-രജനി രാജന് (വാര്‍ഡ് മെംബര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്)
തേന്‍പുഴയിൽ കോണ്ക്രീറ്റ്പാലം നാടിന്റെ ഏറെക്കാലമായുള്ള സ്വപ്നമാണ്. ഈ ആവശ്യത്തിന് മാസങ്ങളോളം സത്യഗ്രഹസമരം നടത്തിയവരില്‍ ഞാനുമുണ്ടായിരുന്നു. മറ്റു പ്രദേശങ്ങളിലെ വികസനം കാണുമ്പോള്‍ സന്തോഷമുണ്ടെങ്കിലും എന്റെ നാടിന്റെ പിന്നാക്കാവസ്ഥയില്‍ വലിയ സങ്കടം തോന്നുകയാണ്. തേന്‍പുഴ ഭാഗത്ത് തടസ്സമുണ്ടങ്കില് വെട്ടിക്കാനത്ത് പാലം നിര്‍മിക്കാൻ നടപടി ഉണ്ടാവണം
-എം.ആര്. ജയന് (പ്രദേശവാസി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.