മൂന്നാറിൽ കുറിഞ്ഞി വസന്തം; 12 വർഷത്തിലൊരിക്കൽ പൂക്കുന്ന കുറിഞ്ഞികളാണ് മൂന്നാർ മലനിരകളിൽ പൂവിട്ടുതുടങ്ങിയത്

തൊടുപുഴ: നീലക്കുറിഞ്ഞി വസന്തത്തിന്റെ വരവറിയിച്ച് മൂന്നാർ കുന്നുകളിലെ പുൽമേടുകൾ വയലറ്റണിയാൻ ഒരുങ്ങുന്നു. പ്രതീക്ഷയേകി ചൊക്രമുടി കുന്നുകളിൽ ചെടികൾ പൂക്കാൻ തയാറെടുത്തു തുടങ്ങി. മൂന്നാറിലെ ചൊക്രമുടി, മീശപ്പുലിമല, ഇഡലിമേട്, മാട്ടുപെട്ടി, സൈലന്‍റ്വാലി എന്നീ മലനിരകളിൽ ഇത്തവണ നീലക്കുറിഞ്ഞി പൂവിടുമെന്ന് സസ്യ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

12 വർഷത്തിലൊരിക്കൽ പൂക്കുന്ന സ്ട്രോബിലാന്തസ് കുന്തിയാന ഇനം കുറിഞ്ഞികളായിരിക്കും പൂക്കളാൽ പരവതാനി വിരിക്കുക. ഭൂമി കൈയേറ്റവും നീലക്കുറിഞ്ഞിയുടെ സ്വാഭാവിക വാസസ്ഥലങ്ങൾ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അടുത്തിടെ വിവാദമുണ്ടായ ചൊക്രമുടിയിൽ തന്നെ കുറിഞ്ഞികൾ പൂവിടുന്നു എന്നത് പരിസ്ഥിതി സ്നേഹികളെയും ആവേശത്തിലാക്കിയിട്ടുണ്ട്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് കുറിഞ്ഞി പൂക്കുക. 2014ലാണ് ഇതിന് മുമ്പ് നീലക്കുറിഞ്ഞി മൂന്നാറിൽ വസന്തം വിരിയിച്ചത്. നീലക്കുറിഞ്ഞി സീസൺ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ, ജില്ല ഭരണകൂടം വിവിധ വകുപ്പുകളുടെ യോഗം മൂന്നാറിൽ വിളിച്ചുചേർത്തിരുന്നു. ദേവികുളം സബ് കലക്ടർ വി.എം. ആര്യയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വനം വകുപ്പ്, പൊലീസ്, കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപറേഷൻ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, മൂന്നാർ എൻവയൺമെന്റ് ആൻഡ് വൈൽഡ്‌ലൈഫ് സൊസൈറ്റി, വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രതിനിധികൾ പങ്കെടുത്തു.

ചോക്രമുടി, മീശപ്പുലിമല എന്നിവ സന്ദർശിക്കാൻ വിനോദസഞ്ചാരികൾക്ക് സ്ലോട്ട് ബുക്ക് ചെയ്യാൻ കഴിയുന്ന മൊബൈൽ ആപ് വികസിപ്പിക്കുമെന്ന് ദേവികുളം സബ് കലക്ടർ വി.എം ആര്യ പറഞ്ഞു. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ പൊതു ഗതാഗത സംവിധാനം ശക്തിപ്പെടുത്തി വാഹനത്തിരക്കും ഗതാഗത കുരുക്കും കുറക്കാനുള്ള നടപടിയും ആലോചനയിലാണ്. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നു വരുന്നതായും ഏറ്റവും മികച്ച കുറിഞ്ഞി സീസൺ സഞ്ചാരികൾക്ക് ആസ്വദിക്കാനുള്ള എല്ലാ ഒരുക്കവും ജില്ല ഭരണകൂടം പൂർത്തീകരിക്കുമെന്നും സബ് കലക്ടർ ‘മാധ്യമ’ത്തോട് പറഞ്ഞു. കുറിഞ്ഞി വസന്തം കാണാൻ ലക്ഷക്കണക്കിന് ആളുകൾ മൂന്നാറിലേക്ക് എത്തുമെന്നാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്. 

Tags:    
News Summary - Kurinji spring in Munnar; Kurinjis, which bloom once every 12 years, have started blooming in the Munnar hills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.