കടുത്തുരുത്തി: കടുത്തുരുത്തി നിയോജക മണ്ഡലത്തിന്റെ സ്വപ്ന പദ്ധതിയായി ആവിഷ്കരിച്ച കടുത്തുരുത്തി ടൗൺ ബൈപാസിന്റെ ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 5ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും.
ഉദ്ഘാടനത്തിന് മുന്നോടിയായി പരിപാടിയുടെ സുഗമമായ നടത്തിപ്പും വിപുലമായ മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനായി മന്ത്രി അഡ്വ. മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ കടുത്തുരുത്തിയിൽ സർവകക്ഷി യോഗം ചേർന്നു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും വ്യാപാരികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ചടങ്ങിനായി ഉറപ്പുവരുത്തിയത്. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയി ജോർജ് വെട്ടിക്കത്തടം അധ്യക്ഷത വഹിച്ച യോഗം മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
കടുത്തുരുത്തി ബ്ലോക്ക് ജങ്ഷനിൽനിന്ന് ആരംഭിച്ച് ഐ.ടി.സി ജങ്ഷന് സമീപം അവസാനിക്കുന്ന 1.5 കിലോമീറ്റർ ദൂരമുള്ള ബൈപാസ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ, കോട്ടയം-എറണാകുളം സംസ്ഥാന പാതയിലെയും കടുത്തുരുത്തി ടൗണിലെയും കാലങ്ങളായുള്ള ഗതാഗതക്കുരുക്കിനും കടുത്ത യാത്രാ ദുരിതത്തിനും ശാശ്വത പരിഹാരമാകും.
സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം 35 കോടി രൂപ വിനിയോഗിച്ചാണ് ഈ മാതൃകാ പദ്ധതി യാഥാർഥ്യമാക്കിയത്. ഫ്ലൈഓവർ, വലിയ തോടിന് കുറുകെയും ചുള്ളിത്തോടിന് കുറുകെയുമുള്ള രണ്ട് പാലങ്ങൾ, അടിപ്പാത എന്നിവയെല്ലാം ഉൾപ്പെടുത്തി ബി.എം ആൻഡ് ബി.സി ടാറിങ് നടത്തി അത്യാധുനിക രീതിയിലാണ് റോഡ് നിർമിച്ചിരിക്കുന്നത്.
വഴിയോര കച്ചവടങ്ങളും കൈയേറ്റങ്ങളും ബൈപാസിൽ പൂർണമായും നിരോധിക്കാൻ പൊതുമരാമത്ത് വകുപ്പും പൊലീസും തീരുമാനിച്ചിട്ടുണ്ട്. ടാർ ചെയ്ത ഭാഗത്തിന് ഇരുവശവുമുള്ള സ്ഥലം ഫുട്പാത്തിനും പാർക്കിങ്ങിനും മാത്രമായി ഉപയോഗിക്കും. ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.
ശനിയാഴ്ച വൈകീട്ട് 5ന് ഐ.ടി.സി ജങ്ഷന് സമീപമുള്ള ബൈപാസ് പ്രവേശന കവാടത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് സ്വീകരണം നൽകും. തുടർന്ന് ഘോഷയാത്രയോടെയുള്ള റോഡ് ഷോ ബൈപാസ് വഴി ബ്ലോക്ക് ജങ്ഷനിലും അവിടെ നിന്ന് മാർക്കറ്റ് ജങ്ഷൻ വഴി കടുത്തുരുത്തി ടൗണിലുമെത്തും. തുടർന്ന് ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം ചേരും.
മന്ത്രി അഡ്വ. മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക ഉദ്ഘാടനവും ബൈപാസ് സമർപ്പണ പ്രഖ്യാപനവും നടത്തും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ സമ്മേളനത്തിന്റെ ഉദ്ഘാടനവും അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണവും നടത്തും. കോട്ടയം ജില്ല കലക്ടർ ചേതൻ കുമാർ മീണ സ്വാഗതവും പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം ചീഫ് എൻജിനീയർ റിപ്പോർട്ടും അവതരിപ്പിക്കും. ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികളും പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളും സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.