ഈരാറ്റുപേട്ട: മഴക്കാലം ആരംഭിച്ചതോടെ ഈരാറ്റുപേട്ട -വാഗമൺ റോഡിൽ അപകടങ്ങൾ പതിവാകുന്നു. തീക്കോയി മുതൽ കാരികാട് വരെയുള്ള സ്ഥലങ്ങളിലാണ് അപകടങ്ങൾ കൂടുതലും. വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും നിയന്ത്രണംവിട്ട് തിട്ടയിലിടിക്കുന്നതും പതിവാണ്. ശനിയാഴ്ച വാഗമണിൽനിന്ന് വന്ന കാർ കാരികാട് ടോപ്പിന് സമീപം നിയന്ത്രണംവിട്ട് കലുങ്കിലിടിച്ച് മറിഞ്ഞിരുന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും കാറിന് സാരമായ കേടുപാടുണ്ടായി.
റോഡ് പുതുക്കി നിർമിച്ചതോടെയുണ്ടായ വാഹനങ്ങളുടെ തിരക്കും അമിത വേഗവുമാണ് അപകടങ്ങൾ വർധിക്കാൻ കാരണം. മുമ്പ് മറ്റു വഴികളിൽകൂടി ഹൈറേഞ്ച് ഭാഗത്തേക്ക് പോയിരുന്നവർ ഇപ്പോൾ ഇതുവഴിയാണ് യാത്ര. വാഗമണിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണവും കൂടി. തമിഴ്‌നാട്ടിൽനിന്നുളള നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡിൽ കയറ്റിറക്കമോ വളവുകളോ അപകടസൂചനാ ബോർഡുകളോ ഇല്ലാത്തത് അപകടത്തിന് കാരണമാകുന്നു.
അപകടങ്ങൾ കുറക്കാൻ വളവുകളും വേഗവും വ്യക്തമാക്കുന്ന സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൂടുതൽ റിഫ്ലക്ടറുകളും സ്ഥാപിക്കണം. വാഗമൺ റൂട്ടിൽ മോട്ടോർ വാഹന വകുപ്പ് പരിശോധനയും പൊലീസ് പരിശോധനയും ഊർജിതമാക്കണം. വാഗമൺ സന്ദർശിച്ച് വരുന്നവർ കൂടുതലും മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന പാരാതിയുമുണ്ട്. നിയമ ലംഘകരെ പിടികൂടുന്നതിനായി പൊലീസ് പരിശോധന ശക്തമാക്കണം. ഇതോടൊപ്പം എ.ഐ കാമറകളും നിരീക്ഷണ കാമറകളും സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
ശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങാണ് വാഗമൺ യാത്രയിൽ വേണ്ടത്. കുത്തനെയുള്ള കയറ്റവും ഇറക്കവും വളവുകളുമുള്ള മലയോര മേഖല പരിചയമില്ലാത്തവരാണ് അപകടത്തിൽപ്പെട്ടവരെല്ലാം. അമിത വേഗത്തിൽ ഇറക്കമിറങ്ങി വരുന്നത് ബ്രേക്ക് നഷ്ടപ്പെടാനും ഇടയാക്കും. പരമാവധി വേഗം കുറച്ച് കയറ്റം കയറിയ ഗിയറിൽ തന്നെ വാഹനം ഇറക്കുവാനും ശ്രദ്ധിക്കണം.
ശക്തമായ മഴ പെയ്യുമ്പോൾ റോഡിലൂടെ വെള്ളം ഒഴുകുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടാൻ സാധ്യതയേറെയാണ്. മഴക്കാലയാത്രയിൽ കോടമഞ്ഞാണ് ഏറ്റവും വില്ലനായി വരുന്നത്. അതിനാൽ കോടമഞ്ഞിൽ റോഡിന്‍റെ ദൃശ്യങ്ങൾ വ്യക്തമായി കാണാവുന്ന ലൈറ്റ് സംവിധാനങ്ങൾ വാഹനങ്ങളിൽ അത്യാവശ്യമാണ്. തീക്കോയി കല്ലം മുതൽ വാഗമൺ വരെയുള്ള പ്രദേശങ്ങളിലാണ് കോടമഞ്ഞ് കൂടുതലായുള്ളത്. വാഗമണ്ണിലേക്കുള്ള വിനോദസഞ്ചാരികൾ മഴക്കാലത്ത് രാത്രിയാത്ര ഒഴിവാക്കുന്നതാണ് നല്ലത്.
കാലാവസ്ഥ പ്രതികൂലമായാൽ ജില്ല ഭരണകൂടം ഇതിലേയുള്ള രാത്രികാല യാത്ര നിരോധിക്കാറുണ്ട്. യാത്രക്കാർ റോഡരികിൽ വാഹനം നിർത്തിയിട്ട് ദൃശ്യങ്ങൾ കാണാനായി ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. ഒരു വശത്ത് കുത്തനെയുള്ള പാറക്കെട്ടുകളിൽനിന്ന് മണ്ണിടിച്ചിലും കല്ല് താഴോട്ടു വീണുള്ള അപകടത്തിനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.