കൂട്ടിക്കൽ: കൂട്ടിക്കലിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ അഞ്ചംഗ കുടുംബത്തെ രക്ഷപ്പെടുത്തി. കൂട്ടിക്കൽ പഞ്ചായത്തിലെ അഞ്ചാം വാർഡായ ഏന്തയാർ ഞർക്കാട് മണ്ണിടിഞ്ഞ് വീടിനുള്ളിൽ കുടുങ്ങിയ ഞർക്കാട് കൈപ്പള്ളിയിൽ ബാലകൃഷ്ണ പിള്ളയുടെ വീട്ടിലെ അഞ്ചുപേരെ കാഞ്ഞിരപ്പള്ളിയിൽനിന്നെത്തിയ അഗ്നിരക്ഷസേന രക്ഷപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ ഒമ്പതേകാലോടെയാണ് ദുരന്തനിവാരണസേന രക്ഷാപ്രവർത്തനം നടന്നത്.
പുലർച്ച പെയ്ത കനത്ത മഴയിലാണ് ഞെർക്കാട് പ്രദേശത്ത് വീടിനു മുകളിലേക്ക് വലിയ അളവിൽ മണ്ണിടിഞ്ഞു വീണത്. വീടിന്‍റെ പ്രധാന ഭാഗങ്ങളിലേക്കും മുറികൾക്കുള്ളിലേക്കും മണ്ണുംചളിയും ഇരച്ചുകയറിയതോടെ കുടുംബാംഗങ്ങൾ പുറത്തെത്താനാകാതെ അകപ്പെടുകയായിരുന്നു. ഓട്ടിസം ബാധിച്ച പ്രായമായ സ്ത്രീ ഉൾപ്പെടെയുള്ളവരാണ് വീടിനുള്ളിൽ കുടുങ്ങിപ്പോയത്.
വിവരമറിഞ്ഞ ഉടൻതന്നെ കാഞ്ഞിരപ്പള്ളിയിൽനിന്നും അഗ്നിരക്ഷസേന സംഘം സ്ഥലത്തേക്ക് തിരിക്കുകയായിരുന്നു. രക്ഷപ്പെടുത്തിയ അഞ്ചുപേരെയും ഏന്തയാറ്റിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇവർക്ക് ആവശ്യമായ പ്രഥമശുശ്രൂഷയും ഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ സമീപവാസികളോട് ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.