കോട്ടയം: ദേശീയ സെൻസസിന്റെ ഒരു മാസം നീണ്ടുനിന്ന വീടുകളിലെത്തിയുള്ള ഒന്നാംഘട്ട വിവരശേഖരണം കോട്ടയം ജില്ലയിൽ പൂർത്തിയായി. കെട്ടിട നമ്പറുകളും പ്രധാന പാതകളും ഇടവഴികളും പൊതുസ്ഥലങ്ങളും ഉൾപ്പെടെയുള്ളവ എച്ച്.എൽ.ബി മാപ്പ് രേഖപ്പെടുത്തി സൂപ്പർവൈസർമാർക്ക് സമർപ്പിച്ചതോടെ എന്യൂമറേറ്റർമാരുടെ ഡ്യൂട്ടി അവസാനിച്ചു. തുടർന്ന് ചാർജ് ഓഫിസർമാരിലൂടെ കടന്നുപോയി അവസാനം പ്രിൻസിപ്പൽ സെൻസസ് ഓഫിസറായ ജില്ല കലക്ടറിൽ വിശദാംശങ്ങൾ എത്തുന്നതോടെ ഒന്നാംഘട്ട പൂർണമാകും.
ജില്ലയിൽ മാത്രം വിവരശേഖരണത്തിനായി സ്കൂൾ അധ്യാപകരും സർക്കാർ ജീവനക്കാരും അടക്കം 3144 എന്യൂമറേറ്റർമാരെയും ഇവരുടെ മേൽനോട്ടത്തിന് സൂപ്പർവൈസർമാരെയും ചാർജ് ഓഫിസർമാരെയുമാണ് നിയോഗിച്ചിരുന്നത്. ജൂലൈ 1 മുതൽ 3 വരെ തങ്ങൾക്ക് അനുവദിച്ച ഹൗസ് ലിസ്റ്റിങ് ബ്ലോക്കിലെ (എച്ച്.എൽ.ബി) മുഴുവൻ കെട്ടിടങ്ങൾക്കും നമ്പർ രേഖപ്പെടുത്തി ലേഔട്ട് മാപ്പ് എന്യൂമറേറ്റർമാർ തയാറാക്കി. തുടർന്ന് 4 മുതൽ 30 വരെ വീണ്ടും വീടുകളിലെത്തി ഉടമകളിൽനിന്ന് ശേഖരിച്ച വിവരങ്ങൾ സ്മാർട്ട് ഫോണിലെ എച്ച്.എൽ.ഒ ആപ് വഴി അപ് ലോഡ് ചെയ്ത് കെട്ടിടങ്ങളിൽ സെൻസസ് നമ്പർ രേഖപ്പെടുത്തുകയും ചെയ്തു. ജൂൺ 15 മുതൽ 30 വരെ ജില്ലയിലെ 60916 പേർ സെൽഫ് എന്യുമറേഷൻ ചെയ്തത് എന്യുമറേറ്റർമാർക്ക് സഹായകമായി.
വീടുകളിൽ വിവരശേഖരണത്തിനെത്തിയ എന്യൂമറേറ്റർമാർക്കുണ്ടായത് നല്ലതും മോശവും സങ്കടകരവുമായ അനുഭവങ്ങളാണ്. സർക്കാർ പ്രതിനിധിക്ക് നൽകേണ്ട എല്ലാ ബഹുമാനവും നൽകി ചോദ്യങ്ങൾക്ക് വ്യക്തമായും കൃത്യമായും ഉത്തരം നൽകിയ വീട്ടുടമകളാണ് ഏറെയും. മുമ്പ് സെൻസസ് ഡ്യൂട്ടിക്ക് പോയ അധ്യാപകരുടെ വീടുകളിലെത്തുമ്പോൾ പ്രത്യേക പരിഗണനയും ലഭിച്ചു.
കയർത്തും പരിഹാസത്തോടെയും പെരുമാറിയ വീട്ടുടമകളെ അഭിമുഖീകരിച്ചും കാട് നിറഞ്ഞ ഒറ്റയടി പാതയിലൂടെ ദീർഘദൂരം നടന്ന് ആളില്ലാത്ത തകർന്നടിഞ്ഞ കെട്ടിടങ്ങളിലും ഉദ്യോഗസ്ഥർ നമ്പർ രേഖപ്പെടുത്തി. സെൽഫ് എന്യുമറേഷൻ ഐ.ഡി വീട്ടുടമ നഷ്ടപ്പെടുത്തിയതുകൊണ്ട് വീണ്ടും വിവരശേഖരണം നടത്തേണ്ടതായും വന്നിട്ടുണ്ട്.
സെൻസസ് വിവരശേഖരണത്തിന് എന്യൂമറേറ്റർമാർ എത്തുമ്പേൾ വീട്ടുടമകളിൽനിന്ന് കൂടുതലായി ഉയർന്നത് ആശങ്കകളും പരാതികളും. വ്യക്തിഗത വിവരം ശേഖരിക്കുക വഴി കുടുംബത്തിന്റെ വരുമാനം അറിയാനാണോ എന്നാണ് വീട്ടുടമകളിൽ ചിലരുടെ ചോദ്യം. മുറികളുടെ എണ്ണം അറിയുന്നത് കെട്ടിട നികുതി വർധിപ്പിക്കാനാണോ എന്നും വാഹനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പെൻഷൻ റദ്ദാക്കാനാണോ എന്നും ചിലർ സംശയം പ്രകടിപ്പിച്ചു. അതിനാൽ ചിലർ വാഹന വിവരം പറയാതിരിക്കാനും ശ്രമിച്ചു. മകന് വാഹനമുള്ളതുകൊണ്ട് മാതാവിന് സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിച്ചില്ലെന്ന പരാതിയും പറഞ്ഞവരുണ്ട്.
സെൻസസ് സമ്പ്രദായം തുടക്കം കുറിച്ചത് മുതൽ എല്ലാ തവണവും വില്ലൻ നായ്ക്കളായിരുന്നു. വിവരശേഖരണത്തിനെത്തിയ എന്യൂമറേറ്ററെ നായ്ക്കൾ ആക്രമിച്ചതും ഓടിച്ചതും ഓടിരക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റതും ഇത്തവണയും മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
സെൻസസ് വിവരശേഖരണത്തിന് വന്നതാണെന്ന് എന്യുമറേറ്റർ പറയുമ്പോൾ തന്നെ വളർത്തുനായ്ക്കളെ കൂട്ടിലടക്കുന്നവരുണ്ട്. ‘നിങ്ങൾ കയറി വന്നോളൂ... നായ് ഒന്നും ചെയ്യില്ല...’എന്ന നിലപാട് സ്വീകരിക്കുന്നവരാണ് അധികവും. എന്യൂമറേറ്ററോ മറ്റാരെങ്കിലും ഒരാൾ യാതൊരു പരിചയമില്ലാത്ത ഒരു വീട്ടിൽ ചെന്നാൽ വീട്ടുടമയുടെ സുരക്ഷക്കായി നായ് കുരക്കുന്നതും ആക്രമിക്കാൻ ശ്രമിക്കുന്നതും സ്വഭാവികമാണ്.
നായ്കളെ ഭയമുള്ള ആളാണ് വരുന്നതെങ്കിലും രംഗം കൂടുതൽ വഷളാകുകയും ചെയ്യും. കെട്ടിയ ചങ്ങല പൊട്ടിച്ച് നായ്ക്കൾ പാഞ്ഞടുക്കുകയും ആക്രമിക്കുകയും ചെയ്ത സംഭവവുമുണ്ട്. ‘ഔദ്യോഗിക ഡ്യൂട്ടിക്ക് എത്തുന്നവർ ആരായാലും അവർക്ക് ബുദ്ധിമുട്ടാകാതെ സുരക്ഷ ഉറപ്പാക്കുക’എന്ന സാമാന്യ മര്യാദ നമ്മുടെ സമൂഹം ഇനിയും പഠിക്കേണ്ടതുണ്ട്.
നിരവധി വീടുകൾ ഉൾപ്പെടുന്ന ഹൗസ് ലിസ്റ്റിങ് ബ്ലോക്ക് (എച്ച്.എൽ.ബി) അഥവ ഏരിയയാണ് താലൂക്ക് അധികൃതർ വിഭജിച്ച് വിവരശേഖരണത്തിനായി എന്യൂമറേറ്റർമാർക്ക് കൈമാറിയത്. ഒരു എച്ച്.എൽ.ബിയിൽ പരമാവധി 200നും 300നും ഇടയിൽ കെട്ടിടങ്ങൾ ഉണ്ടാവുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നത്. എന്നാൽ, കെട്ടിടങ്ങൾക്ക് നമ്പർ ഇടുമ്പോഴാണ് പലരും ഞെട്ടിയത്. ഗ്രാമമേഖലയിൽ 300ഉം കടന്ന് 400 മുതൽ 500 വരെ കെട്ടിടങ്ങളാണ് പല ബ്ലോക്കിലും ഉണ്ടായിരുന്നത്. എന്നാൽ, നഗരമേഖലയിൽ കടമുറികൾ കൂടുതലായതിനാൽ 600 എണ്ണം എന്നത് സ്വഭാവികമാണ്. രണ്ടായി തിരിക്കേണ്ട ബ്ലോക്കുകൾ ഒന്നായതോടെ ജോലിഭാരം കൂടുകയും സമയ പരിധിക്കുള്ളിൽ പൂർത്തിയാക്കാൻ രാത്രിയിലും എന്യുമറേറ്റർമാർ വീടുകയറി. അതേസമയം, ഒരു ബ്ലോക്കിൽ മൂന്ന് വീടുകൾ മാത്രം കിട്ടിയ ഭാഗ്യവാന്മാരും രണ്ട് ബ്ലോക്കുകൾ കിട്ടിയ നിർഭാഗ്യവാന്മാരും ഉണ്ട്. എന്യുമറേറ്റർമാരുടെ എണ്ണം കുറച്ച് മൊത്തം ചെലവ് ചുരുക്കാനുള്ള അധികൃതരുടെ ശ്രമം പാളിയോ എന്ന് വിലയിരുത്തേണ്ടതുണ്ട്.
മുൻകാലങ്ങളിലെ സെൻസസ് നടപടികളിൽ നിന്നും വിഭിന്നമായി ഇത്തവണത്തെ സെൻസസിലെ പ്രധാന മാറ്റം വിവരശേഖരണം മൊബൈൽ ആപ് വഴി ഡിജിറ്റലൈസ് ചെയ്തു എന്നതാണ്. എച്ച്.എൽ.ബിയിലെ മുഴുവൻ കെട്ടിടങ്ങൾക്കും വീട്ടുനമ്പറും വീട്ടുനമ്പർ ഇല്ലാത്തിടത്ത് ‘സി.എൻ’ചേർത്തുള്ള നമ്പറും നൽകുകയാണ് ചെയ്തത്. തുടർന്ന് മൊത്തം കെട്ടിടങ്ങളുടെയും എണ്ണം സെൻസസ് ആപ്പിൽ രേഖപ്പെടുത്തി. ശേഷം വീട്ടുടമയിൽനിന്നുള്ള വിവരങ്ങൾ ആപ് വഴി അപ് ലോഡ് ചെയ്യുമ്പോൾ കിട്ടുന്ന നമ്പർ എന്യുമറേറ്റർ വീണ്ടും കെട്ടിടത്തിൽ രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കെട്ടിടം പെയിന്റ് ചെയ്താൽ എഴുതിയ നമ്പർ മാഞ്ഞുപോകാൻ സാധ്യതയേറെ. കെട്ടിടത്തിന്റെ കൃത്യമായ ജി.പി.എസ് വിവരങ്ങൾ ചേർത്തുള്ള ജിയോ ടാഗിങ് നടത്തിയാൽ ഭാവി പരിശോധനക്ക് ഏറെ സഹായകരമാണ്.
ജൂലൈ 31ന് ഒന്നാംഘട്ടം പൂർത്തിയായ ദേശീയ സെൻസസിന്റെ രണ്ടാംഘട്ട വിവരശേഖരണം 2027 ഫെബ്രുവരി -മാർച്ച് മാസങ്ങളിലായി 30 ദിവസം നീണ്ടുനിൽക്കും. ജനസംഖ്യ കണക്കെടുപ്പിനൊപ്പം ജാതി സർവേയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. ഒന്നാം ഘട്ടത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം ചോദ്യങ്ങൾക്കാണ് രണ്ടാംഘട്ടത്തിൽ വീട്ടുടമ ഉത്തരം നൽകേണ്ടതെന്നാണ് ലഭിക്കുന്ന വിവരം. രാജ്യത്തെ 16ാമത്തെയും സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തെയും സെൻസസാണ് 2027ലേത്.
ഗൃഹസന്ദർശനത്തിനിടെ വിഷമകരവും രസകരവുമായ നിരവധി അനുഭവങ്ങളാണ് ഒാരോ എന്യൂമറേറ്റർക്കും പങ്കുവെക്കാനുള്ളത്. ഇത് ചിത്രങ്ങളായും റീലുകളായും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ജോലി സമ്മർദം കുറക്കാനും മേലധികാരികളെ അറിയിക്കാനും ശ്രമിച്ച ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും കുറവല്ല. എന്യുമറേറ്റർമാരുടെ നേരനുഭവങ്ങളിൽ ചിലത്...
മറ്റൊരു വീട്ടിലെ നായയിൽനിന്ന് രക്ഷപ്പെട്ട് മറ്റൊരു വീട്ടിലെത്തിയ എന്യുമറേറ്റർ അവിടത്തെ വല്യമ്മയോട് ചോദിച്ചു ‘നായയുണ്ടോ... കൂട്ടിലാണോ...’ എന്ന്. ‘പേടിക്കേണ്ട ഇവിടെ കടിക്കുന്ന നായയില്ലെന്നും കടിക്കാത്ത നായ്ക്കളേയുള്ളൂവെന്നും’ ചിരിച്ച് കൊണ്ട് വീട്ടിനുള്ളിലേക്ക് ആംഗ്യം കാണിച്ച് വല്യമ്മ മറുപടി പറഞ്ഞു. വല്യമ്മയുടെ പ്രതികരണം വീട്ടിലെ കുടുംബാംഗങ്ങളെക്കുറിച്ചുള്ള തമാശയായിരുന്നു. നായ് ഭയത്തിൽ വന്ന എന്യുമറേറ്റർ വല്യമ്മയുടെ തഗ്ഗ് മറുപടിയിൽ ചിരിച്ചു പോയി.
തെരുവുനായ്ക്കളെ മാത്രമല്ല വളർത്തുനായ്ക്കളെയും എന്യുമറേറ്റർക്ക് കട്ട പേടിയാണ്. ഈ പേടിയുമായി വിവരശേഖരണത്തിന് എന്യുമറേറ്റർ ഒരു വീട്ടിലെത്തിയപ്പോൾ കണ്ടത് നിറയെ രോമമുള്ള വളർത്തുനായയെ ഗൃഹനാഥ മുറ്റത്ത് കളിപ്പിക്കുന്നതും. പേടിക്കേണ്ടെന്ന് പറഞ്ഞതോടെ വാഹനത്തിൽ നിന്നിറങ്ങി എന്യുമറേറ്റർ ഗൃഹനാഥയുടെ അടുത്തേക്ക് നടന്നു. എന്നാൽ, കാര്യങ്ങൾ കൈവിട്ടു, തന്റെ നേരെ പാഞ്ഞടുക്കുന്ന നായെ കണ്ട് ഭയന്നോടിയ എന്യുമറേറ്റർ വാഹനത്തിൽ ചാടിക്കയറി ഡോർ അടച്ചു. ഇതോടെ നായ്കുട്ടിയെ വീട്ടിനുള്ളിലാക്കി പുറത്തുനിന്ന് വാതിലടച്ച് എന്യുമറേറ്റർക്ക് ഗൃഹനാഥ സുരക്ഷയൊരുക്കി. ഭയം മാറിയില്ലെങ്കിലും വാഹനത്തിൽ നിന്നിറങ്ങിയ വീട്ടുനമ്പർ എഴുതി കഴിഞ്ഞപ്പോൾ എന്യുമറേറ്റർ കാണുന്നത് തന്റെ നേരെ നായുടെ ‘മാസ് എൻട്രി’. സംഭവിച്ചത് - ‘നായെ വീട്ടിനുള്ളിലാക്കി മുൻവാതിൽ അടച്ച ഗൃഹനാഥ അടുക്കള വാതിൽ തുറന്നു കിടന്നത് ഓർത്തില്ല...’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.