കോട്ടയം: ജില്ലയിലെ പട്ടികവർഗ വികസന വകുപ്പ് ഓഫിസുകൾ കേന്ദ്രീകരിച്ച് വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി വിജിലൻസ് കണ്ടെത്തി. കരാറുകാർക്ക് യഥേഷ്ടം പണം അനുവദിക്കുന്നതായും രേഖകളൊന്നും കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി. അതിന് പിന്നിൽ ക്രമക്കേടുണ്ടെന്നും വിജിലൻസ് സംശയിക്കുന്നു. പട്ടികവർഗക്കാർക്ക് വേണ്ടി നടപ്പാക്കുന്ന ക്ഷേമ പ്രവർത്തനങ്ങളിലും വിവിധ പദ്ധതികളിലും ക്രമക്കേടുകൾ നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ‘ഓപറേഷൻ വനജ്’ എന്ന പേരിൽ വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽപരിശോധനയിലാണ് ജില്ലയിൽ ഇത്തരത്തിലുള്ള നിരവധി ക്രമക്കേടുകൾ കണ്ടെത്തിയത്.
പട്ടികവർഗ ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യംവെച്ച് വിഭാവനം ചെയ്ത പല പദ്ധതികളുടെയും നടത്തിപ്പിൽ പ്രാഥമികമായി ക്രമക്കേട് നടക്കുന്നതായും കണ്ടെത്തി. പട്ടികവർഗ വികസന പ്രോജക്ട് ഓഫിസുകൾവഴി നടപ്പാക്കുന്ന ചില പദ്ധതികളിൽ കാലതാമസം വരുത്തുന്നതായും കണ്ടെത്തി.
കാഞ്ഞിരപ്പള്ളി പട്ടികവർഗ വികസന പ്രോജക്ട് ഓഫിസിൽ നടത്തിയ പരിശോധനയിൽ 2017-18 സാമ്പത്തിക വർഷം രണ്ടരക്കോടി ചെലവഴിച്ച് പൂർത്തീകരിച്ച കുടിവെള്ള പദ്ധതി മുഖേന ഒരു ഗുണഭോക്താവിനുപോലും ഇതുവരെ കുടിവെള്ളം ലഭ്യമാക്കിയിട്ടില്ലെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലാണ് നടത്തിയിട്ടുള്ളത്. ഇവിടെ ചില പദ്ധതികളിൽ കരാർ ഒപ്പിടുന്ന സമയത്ത് തന്നെ പണം മാറി കരാറുകാർക്ക് നൽകുന്നതായും കണ്ടെത്തി. ഇത് വലിയ തട്ടിപ്പാണെന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ.
ഭവനപുനരുദ്ധാരണ പദ്ധതിക്കായി വൈക്കം പട്ടികവർഗ എക്സ്റ്റെൻഷൻ ഓഫിസിൽ ലഭിച്ച 18ഓളം അപേക്ഷകളിൽ നടപടിയെടുക്കാതെ സൂക്ഷിക്കുന്നതായി കണ്ടെത്തി.
ഭവന നവീകരണം ഉൾപ്പെടെ കാര്യങ്ങൾക്കായുള്ളതാണ് ഈ അപേക്ഷകൾ. എക്സ്റ്റെൻഷൻ ഓഫിസിൽ ഊരുകൂട്ടം സമർപ്പിക്കുന്ന ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്തവർക്കും വിവിധ ധനസഹായങ്ങൾ നൽകിയിട്ടുള്ളതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
മേലുകാവ് പട്ടികവർഗ എക്സ്റ്റെൻഷൻ ഓഫിസ്, കാഞ്ഞിരപ്പള്ളി പട്ടികവർഗ വികസന പ്രോജക്ട് ഓഫിസ് എന്നിവിടങ്ങളിൽ വർഷങ്ങളായി ആഭ്യന്തര ഓഡിറ്റ് നടത്തുന്നില്ല.
ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാതെ ഒരേ സ്ഥാപനത്തിൽനിന്ന് കൂടിയ വിലയ്ക്ക് സ്ഥിരമായി വാങ്ങി വിതരണം ചെയ്യുന്നതായും വിജിലൻസ് കണ്ടെത്തി.
ധനസഹായം രേഖപ്പെടുത്തുന്ന വിവാഹ, ചികിത്സ ധനസഹായ രജിസ്റ്ററുകൾ, അനാഥർക്കുള്ള ധനസഹായം നൽകുന്ന കൈത്താങ്ങ് രജിസ്റ്റർ, 14 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിത പഠന സൗകര്യത്തിനായി യാത്രാ സൗകര്യം ഒരുക്കുന്ന ഗോത്രസാരഥി രജിസ്റ്റർ, മേലധികാരികളുടെ സന്ദർശന വിവരങ്ങൾ രേഖപ്പെടുത്തേണ്ട ഇൻസ്പെക്ഷൻ രജിസ്റ്റർ, മൂന്ന് മാസം കൂടുമ്പോൾ ഊരുകൂട്ടം ചേർന്ന് തീരുമാനങ്ങൾ രേഖപ്പെടുത്തേണ്ട ഊരുകൂട്ടം രജിസ്റ്റർ തുടങ്ങി ഓഫിസുകളിൽ സൂക്ഷിക്കേണ്ട പല രജിസ്റ്ററുകളും മേലുകാവ്, പുഞ്ചവയൽ എന്നിവിടങ്ങളിലെ ഓഫിസുകളിൽ പരിപാലിച്ച് വരുന്നില്ലെന്നും വിജിലൻസ് കണ്ടെത്തി.
മിന്നൽ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.