പാലാ സെന്‍റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനചടങ്ങില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കോളജിലെ ഹെലിപ്പാഡില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സ്വീകരിക്കുന്നു. മന്ത്രി വി.എൻ. വാസവൻ, ജില്ല കലക്ടർ ചേതൻ
കുമാർ മീണ, ജില്ല പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് എന്നിവർ സമീപം
കോട്ടയം: രണ്ടു ദിവസത്തെ സന്ദർശനത്തിന് കോട്ടയത്തെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഊഷ്മള സ്വീകരണം. കോട്ടയത്തിന്‍റെ പ്രകൃതി സൗന്ദര്യം നുകരാനും കലാവൈവിധ്യം മനസ്സിലാക്കാനും രുചികൾ അറിയാനുമുള്ള അപൂർവ അവസരമാണ് രാജ്യത്തെ പ്രഥമ വനിതക്കായി അക്ഷരനഗരി ഒരുക്കിയത്.
തിരുവനന്തപുരത്തുനിന്ന് വൈകുന്നേരം മൂന്നരയോടെ പാലാ സെന്‍റ് തോമസ് കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിൽ ഹെലികോപ്റ്ററിൽ എത്തിയ ദ്രൗപദി മുർമുവിനെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. മന്ത്രി വി.എൻ. വാസവൻ, ജില്ല കലക്ടർ ചേതൻകുമാർ മീണ എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടർന്ന് കോളജ് അധികൃതർ ഉൾപ്പെടെ ചേർന്ന് സെന്‍റ് തോമസ് കോളജിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം നടന്ന വേദിയിലേക്ക് രാഷ്ട്രപതിയെ ആനയിച്ചു.
കോളജിന്‍റെ പ്രവർത്തനങ്ങളെയും കോട്ടയത്തിന്‍റെ സംഭാവനകളെയും പ്രശംസിച്ച് പത്ത് മിനിറ്റ് ദ്രൗപദി മുർമു സംസാരിച്ചു. തുടർന്ന് കോളജിന്‍റെ ഉപഹാരമായി ആറൻമുള കണ്ണാടി അവർക്ക് സമ്മാനിച്ചു. വൈകുന്നേരം നാലരയോടെ പാലായിൽനിന്നു കോട്ടയം പൊലീസ് ഗ്രൗണ്ടിലേക്ക് രാഷ്ട്രപതി ഹെലികോപ്ടറിൽ യാത്ര ആരംഭിച്ചു. 4.50 ഓടെ ഹെലികോപ്ടർ പൊലീസ് ഗ്രൗണ്ടിലെത്തി. ഇവിടെയും ഗവർണറും മന്ത്രി വാസവനും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.യും ചേർന്ന് രാഷ്ട്രപതിയെ പുഷ്പങ്ങൾ നൽകി സ്വീകരിച്ചു.
അവിടെനിന്ന് റോഡ്മാർഗം ലോഗോസ് ജങ്ഷൻ, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പ് റോഡ്, സീസേഴ്സ് ജങ്ഷൻ, ബേക്കർ ജങ്ഷൻ വഴി കോട്ടയം - കുമരകം റോഡിലൂടെ അഞ്ചര മണിയോടെ കുമരകം താജ് ഹോട്ടലിൽ എത്തി. ഹോട്ടലിലും ഹൃദ്യ സ്വീകരണമാണ് ഒരുക്കിയിരുന്നത്. കേരളത്തനിമയുള്ള ഭക്ഷണവും കഥകളി ഉൾപ്പെടെ കലാരൂപങ്ങൾ കണ്ട് ആസ്വദിക്കാനും എല്ലാ ഒരുക്കവും നടത്തിയിരുന്നു. കായൽ സൗന്ദര്യം ആസ്വദിക്കാൻ സാധിക്കുന്ന മുറിയാണ് രാഷ്ട്രപതിക്കായി ഒരുക്കിയത്. വെള്ളിയാഴ്ച രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷം രാവിലെ 11 ന് റോഡ് മാർഗം കോട്ടയം പൊലീസ് ഗ്രൗണ്ടിൽ എത്തുന്ന രാഷ്ട്രപതി അവിടെനിന്ന് ഹെലികോപ്ടറിൽ കൊച്ചിയിലേക്ക് തിരിക്കും.
കനത്ത സുരക്ഷയിലായിരുന്നു രാഷ്ട്രപതിയുടെ സന്ദർശനം. ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ രാഷ്ട്രപതി മടങ്ങുന്നതുവരെ ഗതാഗതത്തിലും സ്കൂളുകളുടെ പ്രവർത്തന സമയത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഓഫീസുകളിലും യാത്രക്കും പോകുന്നവർ അതിനനുസരിച്ച ക്രമീകരണങ്ങളുണ്ടാക്കണമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.