പാമ്പാടി: അണലി പാമ്പിന്റെ പേടിയിലാണ് പാമ്പാടിയും പരിസരങ്ങളും. അണലി പെരുകുന്നതായും നിയന്ത്രിച്ചില്ലെങ്കിൽ പലർക്കും ജീവഹാനി സംഭവിക്കാമെന്നും കർഷകർ അടക്കം ആശങ്കപ്പെടുന്നു. പുരയിടങ്ങളിൽ അണലി പാമ്പുകൾ വലിയതോതിൽ വർധിച്ചുവരുന്നതായി കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു.
കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങളിൽ മഴക്കാലമായതോടെ അണലി പെറ്റുപെരുകുകയാണ്. ഒരു പ്രസവത്തിൽ നിരവധി കുഞ്ഞുങ്ങളുണ്ട്. ടാപ്പിങ്ങ് തൊഴിലാളികൾക്കാണ് ഇത് എറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. അതിരാവിലെ ടാപ്പിങ്ങിനു പോകുന്നവർ ജീവഭയത്തോടെയാണ് ജോലി ചെയ്യുന്നത്.
ഒരുകാലത്ത് പശുവളർത്തലിന് പേരുകേട്ട പാമ്പാടി മേഖലയിൽ അത് കുറഞ്ഞതോടെ പുരയിടങ്ങൾ പുല്ല് കയറി നശിക്കുകയാണ്. പാമ്പ് ഉൾപ്പെടെ ക്ഷുദ്രജീവികളെ ഭയന്ന് ക്ഷീരകർഷകർ പശുക്കളെ മേയാനും വിടാറില്ല. പുല്ല് പറിക്കാൻ ആളുകളെ ലഭിക്കാതായത് പാമ്പുകൾക്ക് താവളമായി.
മഴക്കാലത്ത് തന്നെ പാമ്പ് ശല്യം രൂക്ഷമാണ്. വേനൽ ആകുന്നതോടെ പാമ്പിൻ കുഞ്ഞുങ്ങൾ വീടുകൾക്ക് സമീപം എത്താനും സാധ്യത കൂടുതലാണ്. തൊഴിലുറപ്പ് പദ്ധതിയിൽ കാട് തെളിക്കൽ നടക്കുന്നുണ്ടെങ്കിലും ഭയത്താൽ പൂർണമായ പണി സാധിക്കുന്നുമില്ല. 66 അണലി വർഗങ്ങളാണ് പൊതുവിലുള്ളത്.
സാധാരണ ഏകദേശം 20 കുഞ്ഞുങ്ങൾക്കാണ് അണലി ജൻമം നൽകുന്നത്. ഇവ ചെറുപ്പകാലം മുതലേ വളരെയേറെ സ്വയം പര്യാപ്തരായിരിക്കും. ചില സന്ദർഭങ്ങളിൽ ഒറ്റ പ്രസവത്തിൽ നാൽപതോളം കുഞ്ഞുങ്ങളുമുണ്ടാകാറുണ്ട്. കടുത്ത വിഷമുള്ള അണലിയുടെ കടിയേറ്റാൽ ചികിൽസ ലഭിക്കണമെങ്കിൽ കോട്ടയം മെഡിക്കൽ കോളജ് വരെ എത്തണം. പാമ്പാടി താലൂക്ക് ആശുപത്രിയിൽ വിഷ ചികിത്സ ഉറപ്പാക്കാൻ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.