മൂന്നാം ക്ലാസ് വിദ്യാർഥി അഭയദേവ് കായലോര ബീച്ചിൽ നീന്തിയെത്തിപ്പോൾ
വൈക്കം: ഇരു കൈകളും ബന്ധിച്ച് വേമ്പനാട്ട് കായൽ കുറുകെ നീന്തിക്കയറി എട്ടുവയസ്സുകാരൻ. വൈക്കം അയ്യർകുളങ്ങര ഗവ. യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ എം. അഭയദേവ് ആണ് ഒരു മണിക്കൂറും 25 മിനിറ്റും കൊണ്ട് കായലോര ബീച്ചിൽ നീന്തിക്കയറിയത്. വൈക്കം തെക്കേനട മാറാനൂർ വീട്ടിൽ മന്മഥൻ - രമ്യ ദമ്പതികളുടെ മകനാണ്. രാവിലെ 6.46 ന് ആലപ്പുഴ ജില്ലയിലെ ചേർത്തല കാര്യാത്തു കടവിൽ നിന്ന് ആരംഭിച്ച നീന്തൽ പെരുമ്പാവൂർ യൂനിയൻ ബാങ്ക് സീനിയർ മാനേജർ അരവിന്ദ് ഉദ്ഘാടനം ചെയ്തു.
ചെറുപ്രായത്തിൽ തന്നെ അഭയദേവിന്റെ നീന്തൽപ്രാവീണ്യം മനസ്സിലാക്കിയ മുത്തച്ഛൻ രാഘവൻ നായരുടെ മുൻകൈയിൽ ഉദയനാപുരം ശ്രീ മുരുക നീന്തൽ ക്ലബിലെ റിട്ട. ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥനായ ഷാജി കുമാറിന്റെ നേതൃത്വത്തിൽ പരിശീലനം തുടങ്ങി. കായലിനു കുറുകെ നീന്തി കടക്കാൻ കോതമംഗലത്തുള്ള ഡോൾഫിൻ അക്വാട്ടിക് നീന്തൽ ക്ലബിലെ പരിശീലകനായ ബിജു തങ്കപ്പന്റെ കീഴിൽ മൂന്നുമാസം വിദഗ്ധ പരിശീലനം നേടി. കായൽ നീന്തിയെത്തിയ അഭയ ദേവിനെ വൈക്കം ബീച്ചിൽ സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ ചേർന്ന അനുമോദന യോഗത്തിൽ പൗരാവലി ആദരിച്ചു. നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തർ ഉദ്ഘാടനം ചെയ്തു.
എസ്.എം.സി. ചെയർമാൻ അഡ്വ. അംബരീഷ് ജി. വാസു അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി. രഞ്ജിത് കുമാർ, കൗൺസിലർമാരായ എ.സി. മണിയമ്മ, എം.കെ. മഹേഷ് എന്നിവർ സംസാരിച്ചു. അയ്യർകുളങ്ങര ഗവ. യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് സതീഷ് വി. രാജ് സ്വാഗതവും അധ്യാപിക സുനില നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.