തിരുനക്കര ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചശേഷം
കോട്ടയം: തിരുനക്കര ബസ്സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചുനീക്കുന്നത് ഏറക്കുറെ പൂർണമായതോടെ, ഇതുവഴി ബസുകൾ കടത്തിവിടണമെന്ന് ആവശ്യം. പൊളിച്ച ഭാഗത്തെ മണ്ണ് മാറ്റുന്നത് മാത്രമാണ് അവശേഷിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ ഇത് പൂർത്തിയാകും. ഇതിനു പിന്നാലെ, പഴയതുപോലെ ബസ്ബേ പുനഃസ്ഥാപിക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളും വ്യാപാരികളും ആവശ്യപ്പെടുന്നത്. പൊലീസും സമാനനിലപാടിലാണ്.
നിലവില്‍, സ്വകാര്യ ബസുകള്‍ പോസ്റ്റ് ഓഫിസ് റോഡിലും എം.സി റോഡിലും നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. മെഡിക്കല്‍ കോളജ്, ഏറ്റുമാനൂര്‍ ഭാഗത്തേക്കുള്ള ബസുകള്‍ പോസ്റ്റ് ഓഫിസ് റോഡിലാണ് നിർത്തുന്നത്.
ഇത് ഗതാഗത തടസ്സത്തിനും അപകടങ്ങള്‍ക്കും കാരണമാകാറുണ്ട്. യാത്രക്കാർക്കും ഇത് ദുരിതം സൃഷ്ടിക്കുന്നുണ്ട്.
പഴയതുപോലെ പൊളിച്ചുനീക്കിയ കോംപ്ലക്സിനുള്ളിലൂടെ ബസുകള്‍ കയറിയിറങ്ങാന്‍ അനുവദിച്ചാല്‍ ഗതാഗതതടസ്സം ഒഴിവാകുമെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍, പഴയ ബസ്ബേയിൽ മണ്ണ് നിറഞ്ഞുകിടക്കുന്നത് ചളി, പൊടി ശല്യത്തിന് കാരണമാകുമെന്ന് ആശങ്കയുണ്ട്.
ഇതിന് പരിഹാരം കാണാൻ പഴയ ബസ് ബേയിലെ മണ്ണ് പൂർണമായി നീക്കുകയോ അല്ലെങ്കിൽ ടാറിങ് നടത്തി റോഡ് ഒരുക്കുകയോ വേണമെന്ന് വ്യാപാരികൾ പറയുന്നു.
അതേസമയം, ജോലികൾ പൂർണമായയെന്ന് കരാറുകാരൻ ഔദ്യോഗികമായി അറിയിച്ചശേഷം വിഷയം കൗൺസിലിന്റെ പരിഗണനക്ക് വിടാനാണ് നഗരസഭ തീരുമാനം. കൗൺസിലിന്റെ തീരുമാനമനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ പറഞ്ഞു.
ഇതിനിടെ, സ്ഥലം അളന്ന് തിട്ടപ്പെടുത്തി നൽകണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ആര്.ഡി.ഒക്ക് കത്ത് നല്കി. ഇത് പൂർത്തിയാക്കിയശേഷം ആദ്യഘട്ടമായി സ്ഥലം വേലിക്കെട്ടി തിരിക്കാനാണ് തീരുമാനം.
ഹൈകോടതി വിധിയെത്തുടര്‍ന്ന് സെപ്റ്റംബര്‍ 13നാണ് തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിച്ചുനീക്കാനുള്ള ജോലികൾ ആരംഭിച്ചത്. മണ്ഡലകാലത്തുണ്ടാകാവുന്ന ഗതാഗത തടസ്സം ചൂണ്ടിക്കാട്ടി 45 ദിവസത്തിനുള്ളില്‍ പൊളിക്കല്‍ പൂര്‍ത്തിയാക്കണമെന്നു കലക്ടര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും വൈകിയിരുന്നു.
ആദ്യഘട്ടങ്ങളില്‍ പൊളിക്കല്‍ പകല്‍ മാത്രമായിരുന്നതും വേഗം കുറയാന്‍ കാരണമായി. പിന്നീട്, ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി രാത്രിയും പൊളിക്കല്‍ ആരംഭിക്കുകയായിരുന്നു. നവകേരള സദസ്സിനായി രണ്ടാഴ്ച ജോലികള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. പൊളിച്ചനീക്കിയ സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കുമെന്ന് നഗരസഭ അവകാശപ്പെടുന്നുണ്ടെങ്കിലും പ്രാരംഭ നടപടികൾപോലും ആരംഭിച്ചിട്ടില്ല.
കോട്ടയം: തിരുനക്കര ബസ്സ്റ്റാൻഡ് പൊളിക്കാൻ കരാറെടുത്ത കമ്പനി അനധികൃതമായി മണ്ണ് കടത്തിയിട്ടും നടപടി സ്വീകരിക്കാതിരുന്ന നഗരസഭ പ്രിൻസിപ്പൽ എൻജിനീയറെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ യോഗത്തിൽ പ്രമേയം. നീണ്ട ചർച്ചകൾക്കൊടുവിൽ കോട്ടയം നഗരസഭ കൗൺസിൽ യോഗം പ്രമേയം അംഗീകരിച്ചു.
12 ദിവസം മുമ്പ് മണ്ണ് നീക്കം ചെയ്യുന്നത് അറിഞ്ഞെത്തിയ കൗൺസിലർമാർ ഇക്കാര്യം നഗരസഭ എൻജിനീയറിങ് വിഭാഗത്തെ അറിയിച്ചിട്ടും തുടർനടപടി സ്വീകരിച്ചില്ലെന്ന് കക്ഷിഭേദമന്യേ അംഗങ്ങൾ ആരോപിച്ചു. രണ്ടരയടി താഴ്ചയിൽനിന്ന് മണ്ണ് നീക്കി. നവകേരള സദസ്സിന്റെ പന്തൽ നിർമിക്കാനെത്തിച്ച മണ്ണിനൊപ്പം സ്റ്റാൻഡിൽനിന്ന് മണ്ണ് കടത്തി. ഇത് കരാർ ലംഘനമാണ്.
പൊളിക്കുന്ന കെട്ടിടാവശിഷ്ടങ്ങൾ മാത്രം നീക്കാനാണ് കരാറുകാരന് അനുമതിയുള്ളത്. ഇത് ലംഘിച്ച് ഏകദേശം 150 ലോഡ് മണ്ണ് കടത്തിയിട്ടും എൻജിനീയറിങ് വിഭാഗം കണ്ണടച്ചു. ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള നീക്കമാണ് അധ്യക്ഷ നടത്തുന്നതെന്നും കൗൺസിലർമാർ പറഞ്ഞു. ഇത് നിഷേധിച്ച അധ്യക്ഷ, ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ തുടങ്ങുമ്പോൾ പല കൗൺസിലർമാരും ഇടപെടുകയാണെന്ന് പറഞ്ഞു. ഇതോടെ നടപടി നിർത്തേണ്ടി വരുകയാണെന്നും ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു.
ഇതിനെതിരെ പ്രതിഷേധിച്ച കൗൺസിലർമാർ ചെയർപേഴ്സൻ ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു. ഇതോടെ നടപടി സ്വീകരിക്കാൻ തനിക്ക് തടസ്സമൊന്നുമില്ലെന്ന് ഇവർ അറിയിച്ചു. തുടർന്ന് പ്രിൻസിപ്പൽ എൻജിനീയറെ സ്ഥലം മാറ്റാൻ സർക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയം അധ്യക്ഷ അംഗീകരിച്ചു. ആവശ്യമെങ്കിൽ മറ്റ് എൻജിനീയർമാർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും ഇവർ അറിയിച്ചു.
മണ്ണുനീക്കിയ വിഷയത്തിൽ പരിശോധന നടത്തി വ്യാഴാഴ്ച രാവിലെ ചേരുന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് എൻജിനീയറിങ് വിഭാഗത്തിന് അധ്യക്ഷ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.