കോട്ടയം: വിദ്യാർഥികൾ ലഹരിമരുന്ന് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ഇക്കാര്യം അധികൃതരിൽനിന്ന് മറച്ചുവെക്കുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ല കലക്ടർ ചേതൻ കുമാർ മീണ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നാർക്കോ കോഓഡിനേഷൻ കമ്മിറ്റി-ജില്ലതല ലഹരി വിമുക്തി സമിതി സംയുക്ത യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ലഹരിപദാർഥമായ ടി.എച്ച്.സി കലർന്ന മിഠായി സ്കൂൾ വിദ്യാർഥികൾ ഉപയോഗിച്ചതിന് 34 കേസുകളാണ് എക്സൈസ് വകുപ്പ് ജില്ലയിൽ അടുത്തിടെ എടുത്തത്. കേസുകൾ കണ്ടെത്തുമ്പോൾ സ്കൂളിന്റെ സൽപേരിനെ ബാധിക്കുമെന്ന് ഭയന്ന് റിപ്പോർട്ട് ചെയ്യാതിരിക്കുകയും കുട്ടികളെ സ്കൂളിൽ നിന്നു പുറത്താക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വിദ്യാർഥികളുടെ ഭാവിയെ ബാധിക്കാതെ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കും. അതുകൊണ്ട് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യാൻ സ്കൂളുകൾക്ക് കർശന നിർദേശം നൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന് ജില്ല കലക്ടർ നിർദേശം നൽകി. എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. പരാതികൾ സമയബന്ധിതമായി പരിശോധിച്ച് വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ നിർദേശിച്ചു.
ഓണത്തോടനുബന്ധിച്ച് അനധികൃത മദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും വിൽപന തടയുന്നതിന് എക്സൈസ്-പൊലീസ് സംയുക്ത പരിശോധന ശക്തമാക്കും. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറക്കും. എക്സൈസിന്റെ ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി ജില്ലയിലെ റേഞ്ച്, സർക്കിൾ തലങ്ങളിൽ വാഹന പരിശോധന, സ്ഥാപന പരിശോധന, രാത്രികാല പരിശോധന, അതിർത്തി പ്രദേശങ്ങളിലെ നിരീക്ഷണം എന്നിവ ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.