നിർമാണം പൂർത്തിയാക്കിയ കോട്ടയം മുട്ടമ്പലം റെയിൽവേ അടിപ്പാത
കോട്ടയം: മുട്ടമ്പലം റെയില്‍വേ അടിപ്പാത പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാവിലെ 10.30ന് ഓൺലൈനിൽ നാടിന് സമര്‍പ്പിക്കും. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായാണ് മുട്ടമ്പലം അടിപ്പാത നിർമിച്ചത്. ഇതോടൊപ്പം കുരീക്കാട്, കടുത്തുരുത്തി, കുറുപ്പന്തറ, കോതനെല്ലൂര്‍ റെയില്‍വേ മേല്പാലങ്ങളുടെ നിർമാണോദ്ഘാടനവും നിർവഹിക്കും. കുരീക്കാട് മേൽപാലത്തിന് 36.89 കോടി, കടുത്തുരുത്തി മേൽപാലം 19.33 കോടി, കുറുപ്പന്തറ മേൽപാലം 30.56 കോടി, കോതനല്ലൂരിൽ സ്ഥലം ഏറ്റെടുക്കലിന് അഞ്ചു കോടിയും ഉൾപ്പെടെ 91.78 കോടി രൂപയാണ് ലഭ്യമാക്കിയത്.
കാരിത്താസിൽ 13.55 കോടി രൂപയും മുളന്തുരുത്തിയിൽ 24.98 കോടി രൂപയും മുടക്കിയുള്ള മേൽപാല നിർമാണം പുരോഗമിക്കുകയാണ്. പാര്‍ലമെന്റ് നിയോജകമണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ തോമസ് ചാഴികാടൻ എം.പിയുടെ ശ്രമഫലമായി 939 കോടിയിലേറെ രൂപയുടെ റെയിൽവേ വികസനം നടന്നതായി എം.പി അറിയിച്ചു.
പാത ഇരട്ടിപ്പിക്കൽ, റെയിൽവേ സ്റ്റേഷൻ റീമോഡലിങ്, രണ്ടാം പ്രവേശന കവാടം, പാർക്കിങ് ഏരിയ, തീർഥാടകർക്കുള്ള സൗകര്യം, മൾട്ടി ലെവൽ ടുവീലർ പാർക്കിങ്, സ്റ്റേഷനുകളുടെ നവീകരണം തുടങ്ങി വിവിധ മേഖലകളിൽ കോട്ടയം മണ്ഡലത്തിലെ റെയിൽവേ വികസനം കുതിക്കുകയാണ്. മെമു, വന്ദേഭാരത് ട്രെയിനുകൾ കോട്ടയം വഴി സർവിസ് ആരംഭിച്ചത് എം.പിയുടെ ഇടപെടലിലൂടെയായിരുന്നു.
എറണാകുളത്ത് സർവിസ് അവസാനിക്കുന്ന ട്രെയിനുകൾ കോട്ടയത്തേക്ക് നീട്ടുക, പാലക്കാട്-എറണാകുളം മെമു കോട്ടയത്തേക്ക് നീട്ടുക, ഐലൻഡ് എക്സ്പ്രസിലെ സ്ലീപ്പർ കോച്ചുകൾ വർധിപ്പിക്കുക, രാവിലെ 10 മുതൽ ഉച്ചക്ക് 1.30 വരെയുള്ള സമയത്തിനിടെ കോട്ടയത്തുനിന്നു വടക്കോട്ട് ട്രെയിൻ അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളും എം.പി റെയിൽവേ അധികൃതർക്കു മുന്നിൽ വെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.