മിനിലോറിയിൽ കുടുങ്ങിയ ഡ്രൈവർ മനോജ് മാത്യുവിനെ പുറത്തെടുക്കുന്നു
പൊൻകുന്നം: പി.പി. റോഡ് രണ്ടാംമൈലിൽ നിയന്ത്രണം വിട്ട മിനിലോറി വെയ്റ്റിങ് ഷെഡിനു സമീപത്തെ തിട്ടയിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാബിനിൽ കുടുങ്ങിപ്പോയ ഡ്രൈവറെ രക്ഷിക്കാനായത് ഒന്നര മണിക്കൂറിന് ശേഷം. ചൊവ്വാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം.
പരിക്കേറ്റ ഡ്രൈവർ തൊടുപുഴ എഴുമുട്ടം കിഴക്കേക്കര മനോജ് മാത്യുവിനെ (36) കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ടക്ക് റെഡിമെയ്ഡ് വസ്ത്രങ്ങളുമായി പോയ ലോറി എതിർദിശയിലേക്ക് ഓടിയെത്തി വെയ്റ്റിങ് ഷെഡിന്റെ തൂണിലുരഞ്ഞ് തിട്ടയിലിടിച്ച് കയറുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസും അഗ്നിരക്ഷാ സേനയുമെത്തി. കാഞ്ഞിരപ്പള്ളിയിൽനിന്നുള്ള അഗ്നിരക്ഷാ സേനയുടെ ശ്രമം വിജയിക്കാതെ വന്നതോടെ പാലായിൽ നിന്നുകൂടി യൂനിറ്റെത്തി. എക്സ്കവേറ്റർ, ക്രെയിൻ എന്നിവ ഉപയോഗിച്ച് ലോറി മാറ്റാനുള്ള ശ്രമം വിജയിച്ചില്ല.
പിന്നീട് ലോറി വടംകെട്ടി ഉയർത്തി നിർത്തി കാബിന്റെ വാതിൽ അറുത്തുമാറ്റിയാണ് ഡ്രൈവറെ പുറത്തെത്തിച്ചത്. സാധാരണ വിദ്യാർഥികൾ ഉൾപ്പെടെ ഏറെ യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന പ്രദേശമാണിവിടം. എന്നാൽ, അപകടസമയത്ത് ആരും ഇല്ലാതിരുന്നതിനാൽ ദുരന്തമൊഴിവായി. രണ്ടുവളവുകളോട് കൂടിയ കവലയാണ് രണ്ടാംമൈൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.