പ്രതീകാത്മക ചിത്രം
കോട്ടയം: സംസ്ഥാനത്ത് സ്കൂൾ കുട്ടികൾക്ക് പാമ്പുകടിയേൽക്കുന്നതുൾപ്പെടെ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അവർക്കായുള്ള സുരക്ഷ മാർഗരേഖ വിജ്ഞാപനമായി സർക്കാർ ഉടൻ പുറത്തിറക്കും.വിദ്യാർഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മുമ്പ് പല സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം ക്രോഡീകരിച്ച് മാർഗരേഖയായി പുറത്തിറക്കാനാണ് നീക്കം. രണ്ടാഴ്ചക്കകം നടപടികൾ കൈക്കൊള്ളണമെന്ന ഹൈകോടതി നിർദേശത്തെ തുടർന്നാണ് സർക്കാറിന്റെ നീക്കം.
2019 ൽ സുൽത്താൻ ബത്തേരിയിൽ സ്കൂളിൽവെച്ച് പാമ്പ് കടിയേറ്റ് വിദ്യാർഥിനി മതിയായ ചികിത്സ കിട്ടാതെ മരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ താലൂക്ക്, ജനറൽ, ജില്ല ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങളും പീഡിയാട്രിക് വെന്റിലേറ്റർ അടക്കം സൗകര്യങ്ങളും ഉറപ്പാക്കണമെന്നും വിദ്യാർഥി സുരക്ഷക്കായി മാർഗരേഖ വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഹൈകോടതിയിൽ പൊതുതാല്പര്യ ഹരജി ഫയൽ ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാർഗരേഖ രൂപവത്കരിച്ച്, സർക്കാർ ഹൈകോടതിക്ക് സമർപ്പിച്ചിരിക്കുന്നത്. അത് ഉടൻ വിജ്ഞാപനമായി പുറത്തിറക്കും.
വിദ്യാർഥികൾക്ക് അത്യാഹിതം ഉണ്ടായാൽ അടിയന്തിര മെഡിക്കൽ കെയർ ഉറപ്പാക്കണമെന്നും വിവിധ വകുപ്പുകളുമായി ചേർന്നുള്ള പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പാക്കണമെന്നും മാർഗരേഖയിലുണ്ട്. അടിയന്തരഘട്ടങ്ങൾ നേരിടാനായി സ്കൂളുകളിൽ മോക്ഡ്രിൽ സംഘടിപ്പിക്കുക, എല്ലാ സ്കൂളുകളിലും സുരക്ഷാ ഓഡിറ്റ് നിർബന്ധമായും നടത്തുക, ഫസ്റ്റ് എയ്ഡ് കിറ്റുകൾ എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാക്കുക, അടിയന്തര ഘട്ടങ്ങളിൽ അത് ഉപയോഗിക്കുന്നെന്ന് ഉറപ്പാക്കുക, സമീപത്തെ പ്രാഥമിക, താലൂക്ക് ആശുപത്രിയുമായി സഹകരിച്ച് കുട്ടികൾക്ക് അടിയന്തരമായി ചികിൽസ ലഭ്യമാക്കുന്നതിനുള്ള പദ്ധതി തയാറാക്കി സൂക്ഷിക്കുക,വൃത്തിയും സുരക്ഷിതവുമായ ശൗചാലയങ്ങൾ ഉറപ്പാക്കുക, ഗുരുതരമായ പരിക്കേൽക്കുന്ന സംഭവങ്ങളുണ്ടായാൽ പരമാവധി ഒരു മണിക്കൂറിനുള്ളിൽ ചികിൽസ ലഭ്യമാക്കുക എന്നിവയും മാർഗരേഖയിലുണ്ട്. ജില്ല വിദ്യാഭ്യാസ ഉദ്യോഗസ്ഥർ സ്കൂളുകൾ സന്ദർശിച്ച് മാർഗരേഖയിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കിയോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നു.
പാമ്പ് ശല്യം രൂക്ഷമായ ഇടങ്ങളിൽ അതിന് തടയിടാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കണം. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്ലാസ് മുറികളും വിദ്യാലയ പരിസരങ്ങളും ശുചിയായി സൂക്ഷിക്കണം. ആരോഗ്യ, സ്കൂൾ, വനം, തദ്ദേശ സ്ഥാപനം, പൊലീസ്, ഫയർ ഫോഴ്സ് തുടങ്ങിയ വകുപ്പുകളുമായി ചേർന്നുള്ള അടിയന്തിര ഇടപെടലുകൾ നടത്തണമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു.ഇടക്കിടെ ആരോഗ്യസംബന്ധമായ ക്ലാസുകൾ വിദ്യാർഥികൾക്ക് നൽകണം.
ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് പാമ്പുകടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കണം. കൈക്കൊള്ളേണ്ട നടപടികൾ എൻ.സി.സി കാഡറ്റുകൾക്കുള്ള ഹാൻഡ്ബുക്കിലും ഉൾപ്പെടുത്തണം. അടുത്തുള്ള ആശുപത്രിയിലെ ആംബുലൻസ് സംവിധാന നമ്പർ ഉൾപ്പെടെ സ്കൂൾ മേധാവി സൂക്ഷിച്ച് വക്കണം തുടങ്ങി നിരവധി കാര്യങ്ങൾ മാർഗരേഖയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.