വെളിയന്നൂർ പഞ്ചായത്ത് ഓഫിസ് കെട്ടിടം
കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന സ്വരാജ് ട്രോഫി പുരസ്കാരത്തിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനം വെളിയന്നൂർ പഞ്ചായത്തിന്. സർക്കാർ അനുവദിച്ച പദ്ധതിവിഹിതത്തിന്റെ വിനിയോഗത്തിന് പുറമെ, അതിദാരിദ്ര്യ നിർമാർജനത്തിലെ പുരോഗതി, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി, മാലിന്യസംസ്കരണരംഗത്ത് സ്വീകരിച്ച പുതുമാതൃക, വാർഷിക പദ്ധതിയിലെ പ്രവർത്തനങ്ങളുടെ മികവ്, സംരംഭങ്ങൾ ആരംഭിക്കുന്നതിൽ കാണിച്ച വേറിട്ട ഇടപെടൽ, ആരോഗ്യ-വിദ്യഭ്യാസ മേഖലയിലെ നേട്ടങ്ങൾ, ഭിന്നശേഷി സൗഹൃദ സമീപനം, സേവനങ്ങളിലെ കൃത്യത തുടങ്ങിയ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളാണ് പുരസ്കാര നേട്ടത്തിലേക്കെത്തിച്ചത്.
2023-24 വാർഷിക പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ച് പദ്ധതിതുക ചെലവഴിക്കലിൽ നൂറുശതമാനം നേട്ടം കൈവരിച്ചു. കെട്ടിടനികുതി സമാഹരിക്കുന്നതിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന്റെ ഭാഗമായി വെളിയന്നൂരിലെ ബഡ്സ് സ്കൂൾ ആരംഭിച്ചു. കനിവ് പേപ്പർ പ്രോഡക്ട്സ് എന്ന സ്ഥാപനത്തിലൂടെ പേപ്പർ പേന, നോട്ട് പാഡ്, ഫയലുകൾ തുടങ്ങി ഏറ്റവും ഒടുവിൽ ഇതൾ എന്ന ബ്രാൻഡിൽ പുതിയ നോട്ട് ബുക്കുകളും ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്.
വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം തുടർച്ചയായി രണ്ടുതവണ ലഭിച്ചു. ജില്ലയിൽ ജൈവവൈവിധ്യ ആക്ഷൻ പ്ലാനും ബയോഡൈവേഴ്സിറ്റി രജിസ്റ്റർ രണ്ട് വാല്യങ്ങളും തയാറാക്കിയ ഏക ഗ്രാമപഞ്ചായത്താണ് വെളിയന്നൂർ. മാലിന്യം, ഊർജം, വ്യവസായം, കൃഷി തുടങ്ങിയ മേഖലകളിൽ പുറന്തള്ളുന്ന കാർബണിന്റെ അളവ് കണക്കാക്കി ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനം ഏറ്റെടുക്കുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ കാമ്പയിൻ ജില്ലയിൽ ആദ്യഘട്ടത്തിൽ ഏറ്റെടുത്ത പഞ്ചായത്തും വെളിയന്നൂരാണ്.50 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവുമടങ്ങുന്ന പുരസ്കാരം ബുധനാഴ്ച ഗുരുവായൂരിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.