കോട്ടയം: എം.ജി. സർവകലാശാലയിൽ പുതിയ വൈസ് ചാൻസലറെ തെരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കാൻ 26ന് വിളിച്ചുചേർത്തിരിക്കുന്ന പ്രത്യേക സെനറ്റ് യോഗം അടിയന്തരമായി ഇടപെട്ട് മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് സെനറ്റ് അംഗങ്ങൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് കത്തുനൽകി. നിലവിലെ വി.സിയുടെ വിരമിക്കലും സംസ്ഥാനത്തെ ഭരണമാറ്റവും ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് അനുകൂല സെനറ്റ് അംഗങ്ങൾ ചാൻസലർ കൂടിയായ ഗവർണറെ സമീപിച്ചിരിക്കുന്നത്. നിലവിൽ സർവകലാശാലയുടെ താൽക്കാലിക ചുമതലയുള്ള വൈസ് ചാൻസലർ ഈ മാസം സർവിസിൽ നിന്നു വിരമിക്കും.
കൃത്യമായ ഭരണസംവിധാനം നിലവിലില്ലാത്ത സമയം നോക്കി തങ്ങൾക്ക് താൽപര്യമുള്ള പ്രതിനിധിയെ തിരുകിക്കയറ്റാനാണ് നിലവിലെ സിൻഡിക്കേറ്റ് ധൃതിപിടിച്ച് യോഗം വിളിച്ചിരിക്കുന്നതെന്ന് കത്തിൽ ആരോപിക്കുന്നു. നിലവിലുള്ള യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് മുൻ ഇടത് സർക്കാറിനാൽ പൂർണമായി നാമനിർദേശം ചെയ്യപ്പെട്ട ഒന്നാണ്. സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് സർക്കാർ അധികാരം ഏൽക്കാനിരിക്കെ, ഇത്തരമൊരു സുപ്രധാന യോഗം ചേരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. പുതിയ സർക്കാറിന് സർവകലാശാല കാര്യങ്ങളിൽ മേൽനോട്ടം വഹിക്കാൻ അവസരം ലഭിക്കുന്നതിന് മുമ്പ് വി.സി നിയമന പ്രക്രിയയിൽ സ്വാധീനം ചെലുത്താനുള്ള നീക്കമാണിതെന്നും സെനറ്റ് അംഗങ്ങൾ കുറ്റപ്പെടുത്തുന്നു.
2024 മാർച്ച് 11ന് നടന്ന സ്പെഷൽ സെനറ്റ് യോഗത്തിൽ ഇതേ സിൻഡിക്കേറ്റ് അംഗങ്ങൾ വി.സി സെർച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള അജണ്ട അട്ടിമറിക്കുകയും നിയമവിരുദ്ധമായി പ്രമേയം പാസാക്കി യോഗം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് നിയമനം തടസ്സപ്പെടുത്തിയവർ ഇപ്പോൾ തങ്ങളുടെ രാഷ്ട്രീയ സ്വാധീനത്തിന്റെ അവസാന നാളുകളിൽ ഇതിനായി ധൃതികൂട്ടുന്നത് ദുരൂഹമാണെന്നും കത്തിൽ വ്യക്തമാക്കുന്നു. തുടർഭരണ സംവിധാനവും സർവകലാശാലയുടെ സുതാര്യതയും മുൻനിർത്തി 26ലെ യോഗം റദ്ദാക്കാൻ വൈസ് ചാൻസലർക്ക് നിർദേശം നൽകണമെന്നും രാഷ്ട്രീയ അതിപ്രസരമില്ലാതെ നിഷ്പക്ഷ രീതിയിൽ വി.സി തെരഞ്ഞെടുപ്പ് നടത്താൻ ഗവർണർ ഇടപെടണമെന്നുമാണ് സെനറ്റ് അംഗങ്ങളുടെ ആവശ്യം. കഴിഞ്ഞ ദിവസം സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയും ഗവർണർക്കും വി.സിക്കും ഇതേ ആവശ്യം ഉന്നയിച്ച് നിവേദനം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.