കോട്ടയം: അധ്യയന വർഷം ആരംഭിക്കാൻ മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ സ്കൂളുകളുടെ ഫിറ്റ്നസ് സാക്ഷ്യപ്പെടുത്തി ക്ലാസുകൾ കൃത്യമായി തുടങ്ങാൻ ഓഫിസുകൾ കയറിയിറങ്ങി പ്രധാനാധ്യാപകരുടെ നെട്ടോട്ടം. മേയ് 31നകം ഫിറ്റ്നസ് നേടിയാലേ ക്ലാസ് തുടങ്ങാൻ കഴിയൂ എന്നതാണു വെല്ലുവിളി. വനം വകുപ്പ്, കെ.എസ്.ഇ.ബി, അഗ്നിരക്ഷ സേന, മോട്ടോർ വാഹന വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ അനുമതിയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന അസി. എൻജിനീയരാണ് ഫിറ്റ്നസ് നൽകേണ്ടത്. ഫലത്തിൽ ഫിറ്റ്നസ് ഉറപ്പാക്കാൻ പ്രധാനാധ്യപകർ ആറ് ഓഫിസ് കയറിയിറങ്ങണം. അതും പല തവണ.
സ്കൂളുകൾ പാലിക്കേണ്ട നിബന്ധനകൾക്ക് ചെക്ക്ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും വിവിധ വകുപ്പുകൾക്ക് കൃത്യമായ ഉത്തരവോ നിർദേശമോ നൽകാത്തത് ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായാണ് ഹെഡ്മാസ്റ്റർമാരുടെ പരാതി. ജില്ല വിദ്യാഭ്യാസ ഓഫിസർമാർക്കോ ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്കോ പോലും വ്യക്തമായ ധാരണ ഇല്ലത്രെ. എന്ത് അനുമതിയാണു നൽകേണ്ടതെന്നതിൽ വകുപ്പുകൾക്കും വ്യക്തമായ ധാരണയില്ല. പഞ്ചായത്ത് വകുപ്പ് വിവിധ വകുപ്പുകൾക്കായി തയാറാക്കിയ ചെക്ക്ലിസ്റ്റ് പാലിക്കുന്നുണ്ടോ എന്നു ഉറപ്പ് വരുത്തുകയാണ് യഥാർഥത്തിൽ വേണ്ടത്.
എന്നാൽ, ചെക്ക്ലിസ്റ്റ് ശരിവെക്കുകയാണോ എൻ.ഒ.സി ആണോ വേണ്ടതെന്ന സംശയം പലർക്കുമുണ്ട്. എൻ.ഒ.സി ആണു നൽകേണ്ടതെങ്കിൽ പല സ്കൂളുകളും അമിത ബാധ്യതയിൽ വലയും. കെ.എസ്.ഇ.ബിയുടെ എൻ.ഒ.സി വേണമെങ്കിൽ മിക്ക സ്കൂളുകളും വയറിങ് ഏതാണ്ട് പൂർണമായും മാറ്റേണ്ടി വരും. കെട്ടിടത്തിനു ചുറ്റും അഗ്നിരക്ഷ സേനയുടെ വാഹനം ഓടിക്കാൻ സൗകര്യം വേണമെന്നാണ് ഫയർഫോഴ്സ് എൻ.ഒ.സിയുടെ നിബന്ധന.
അഞ്ചു വകുപ്പുകളും കർക്കശ നിബന്ധനകൾ ഉറപ്പാക്കുന്ന പരിശോധനയുടെ അടിസ്ഥാനത്തിലേ ഫിറ്റ്നസ് അനുമതി നൽകാവൂ എന്നാണു സർക്കാർ നിർദേശം. വിവിധ അപകടങ്ങളും ദുരന്തങ്ങളും തടഞ്ഞ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടി.
സ്കൂളുകളിലെ സ്വിച്ച്ബോർഡുകൾ കുട്ടികളുടെ കൈ എത്തുന്ന സ്ഥലത്ത് ആവരുതെന്നതാണ് കെ.എസ്.ഇ.ബി ചെക്ക്ലിസ്റ്റിലെ പ്രധാന നിബന്ധന. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥാർ നേരിട്ട് എത്തി ഇത്തരം കാര്യങ്ങൾ പരിശോധിച്ചു മാത്രമേ അനുമതി നൽകൂ. പരിശോധനയ്ക്കു മുമ്പ് സ്കൂൾ അധികൃതർ ട്രഷറിയിൽ കെ.എസ്.ഇ.ബി പേരിൽ 550 രൂപ അടയ്ക്കുകയും വേണം.
സ്കൂൾ കെട്ടിടത്തിൽ ഫയർ എസ്റ്റിങ്ഗ്യൂഷർ വേണമെന്നതാണ് അഗ്നിരക്ഷ സേനയുടെ നിബന്ധനകളിൽ പ്രധാനം. തീപിടുത്തമുണ്ടായാൽ കുട്ടികൾക്ക് രക്ഷപ്പെടാനുള്ള സൂചക ബോർഡുകൾ സ്കൂളിൽ സ്ഥാപിക്കണം. അഗ്നിരക്ഷ സേന വാഹനങ്ങൾക്ക് സ്കൂൾ പരിസരത്ത് എത്താനുള്ള സൗകര്യവും ഉണ്ടായിരിക്കണം.
മോട്ടോർ വാഹന വകുപ്പ് സ്കൂൾ വാഹനങ്ങളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പ് വരുത്തണം. കുറഞ്ഞത് 10 വർഷത്തെ പരിചയം ഉള്ളവരായിരിക്കണം സ്കൂൾ വാഹന ഡ്രൈവർമാർ. ഹെവി വാഹനമാണെങ്കിൽ അഞ്ചു വർഷ പരിചയം വേണം. സീറ്റിങ് ശേഷി അനുസരിച്ചേ കുട്ടികളെ കൊണ്ടുപോകാവൂ. നിർത്തി യാത്ര അനുവദിക്കില്ല. എല്ലാ ബസിലും വാതിലുകളുടെ എണ്ണത്തിന് അനുസരിച്ച് ഡോർ അറ്റൻഡർമാർ വേണം. വാഹനത്തിൽ അഗ്നിശമന ഉപകരണങ്ങൾ, പ്രഥമ ശുശ്രൂഷ കിറ്റ്, ജി.പി.എസ് എന്നിവ ഉണ്ടായിരിക്കണം.
വിപുല സുരക്ഷ ക്രമീകരണമാണ് ആരോഗ്യവകുപ്പും നിർദേശിക്കുന്നത്. ശുദ്ധജല സ്രോതസ്സുകളുടെ ഗുണനിലവാരം പരിശോധിച്ച് സർട്ടിഫിക്കറ്റ് വാങ്ങണം. വാട്ടർ ടാങ്കുകൾ നിർബന്ധമായും വൃത്തിയാക്കണം. കുട്ടികൾക്ക് അയൺ ഫോളിക് ഗുളിക ലഭ്യത ഉറപ്പാക്കണം. പാചകത്തൊഴിലാളികൾക്ക് ഹെൽത്ത്കാർഡ് നിർബന്ധമാണ്. പാത്രങ്ങളടെ വൃത്തിയും സുരക്ഷയും പരിശോധിക്കണം. മുഴുവൻ ജീവനക്കാർക്കും ആരോഗ്യ വകുപ്പ് സഹായത്തോടെ പ്രഥമ ശുശ്രൂഷ പരിശീലനം നൽകും.
കുട്ടികൾക്ക് അടക്കം പാമ്പ് കടിയേൽക്കുന്നതു വർധിക്കുന്നതിനാൽ കർക്കശ സുരക്ഷ പരിശോധനക്കു ശേഷം മാത്രം ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് അനുമതി നൽകിയാൽ മതിയെന്നാണ് വനം വകുപ്പ് തീരുമാനം. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍റെ മാർഗനിർദേശങ്ങൾക്കു പുറമെ വനം വകുപ്പിന്‍റെ 13 അധിക സുരക്ഷ നിർദേശങ്ങളും പാലിച്ചുവേണം ഫിറ്റ്നസ് അനുമതിയെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഫോറസ്റ്റ് കൺസർവേറ്റർമാർക്കു നൽകിയിരിക്കുന്ന നിർദേശം.
പരിശോധനക്കു ശേഷം റിപ്പോർട്ടിൽ സർപ്പ വളണ്ടിയറും സെക്ഷൻ ഫോറസ്റ്റ് ഓഫിസറും ഒപ്പിടണം. ഇത് റേഞ്ച് ഫോറസ്റ്റ് ഓഫിസർ സാക്ഷ്യപ്പെടുത്തണം. എന്നാൽ, പല ജില്ലയിലും വനം വകുപ്പ് ഓഫിസിൽ മതിയായ ജീവനക്കാർ ഇല്ലാത്തതു നടപടികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. എല്ലായിടത്തും പരിശോധനക്കു പോകാൻ രണ്ടു ജീവനക്കാർ മാത്രമേ ഉള്ളൂവെന്നാണ് കോട്ടയം പാറമ്പുഴയിലെ വനം വകുപ്പ് ഓഫിസിൽ അപേക്ഷ നൽകിയ പ്രധാനാധ്യപകനു ലഭിച്ച മറുപടി.
സ്കൂൾ കെട്ടിടങ്ങളിലും ക്ലാസ് മുറികളിലും പാമ്പുകൾക്ക് കടക്കാൻ സാധ്യതയുള്ള മാളങ്ങളും സുഷിരങ്ങളും അടയ്ക്കണം. എലികളെ ആകർഷിക്കുന്ന വിധത്തിലുളള മാലിന്യനിക്ഷേപം ഒഴിവാക്കണം. സ്കൂൾ വളപ്പിലെ കാടുപടലങ്ങൾ നീക്കണം. വിറക്, കല്ല്, മറ്റു നിർമാണ സാമഗ്രികൾ എന്നിവ ക്ലാസ് മുറികൾക്ക് സമീപം കൂട്ടിയിടരുത്. സ്കൂളിലെ രണ്ടു ജീവനക്കാരുടെയെങ്കിലും മൊബൈൽ ഫോണിൽ വനം വകുപ്പിന്‍റെ സർപ്പ ആപ് ഇൻസ്റ്റാൾ ചെയ്യണം. പ്രദേശത്തെ അംഗീകൃത പാമ്പ് പിടുത്തക്കാരുടെ ഫോൺ നമ്പർ സ്കൂൾ ഓഫിസിൽ പ്രദർശിപ്പിക്കണം.
വിവിധ വകുപ്പുകൾ കയറിയിറങ്ങി പ്രധാനാധ്യാപകർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കുറയ്ക്കാൻ ജില്ല തല നോഡൽ ഓഫിസർമാരെ നിയമിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നുവെങ്കിലും പ്രാവർത്തികമായിട്ടില്ല.
നിബന്ധനകളെല്ലാം പാലിച്ചാലും പഞ്ചായത്ത് അസി. എൻജിനീയർ അനാവശ്യ തടസ്സവാദങ്ങൾ ഉന്നയിച്ച് തലവേദന സൃഷ്ടിക്കുന്നതും പതിവാണെന്ന് ഹെഡ്മാസ്റ്റർമാർ പറയുന്നു. അതതു വർഷം മാർച്ച് 31നു മുമ്പാണ് ഫിറ്റ്നസിന് അപേക്ഷ നൽകേണ്ടത്. അതുപ്രകാരം അപേക്ഷ സമർപ്പിച്ചതിനു ശേഷമാണ് ഇത്തവണ പുതിയ നിബന്ധനകൾ വന്നത്. ഇതിനിടെ തെരഞ്ഞെടുപ്പ് വന്നതോടെ പലയിടത്തും ഒന്നും നീങ്ങാത്ത സ്ഥിതിയായി. എൽ.പി സ്കൂളിന് 100 രൂപയും യു.പി സ്കൂളിന് 150 രൂപയും അടച്ചാണ് കെ. സ്മാർട്ട് വഴി പഞ്ചായത്തിൽ അപേക്ഷിക്കേണ്ടത്. ഈ വർഷം മറ്റു വകുപ്പുകളിലും ഫീസ് അടയ്ക്കണം.
അധിക ജോലിഭാരവും സാമ്പത്തിക ബാധ്യതയും കാരണം എച്ച്.എം ആകാൻ ആരും തയാറാകാത്ത സ്ഥിതിയാണെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ അസി.സെക്രട്ടറി ജോസ് രാഗാദ്രി മാധ്യമത്തോടു പറഞ്ഞു. വിവിധ ആവശ്യങ്ങൾക്കു കൈയിൽനിന്ന് പണം ചെലവഴിക്കേണ്ട സ്ഥിതിയാണ്. തൂപ്പുകാരുടെ ശമ്പളം അടക്കം സ്വന്തം പോക്കറ്റിൽനിന്ന് എടുത്തുകൊടുത്താൽ മാസങ്ങളോ ചിലപ്പോൾ ഒരു വർഷം വരെ കഴിഞ്ഞാണു ഫണ്ട് പാസായി വരുന്നത്.
ഫയർ എസ്റ്റിങ്ഗ്യൂഷർ രണ്ടെണ്ണം വേണമെന്നതടക്കം പുതിയ നിബന്ധനകളും തലവേദനയാണ്. പല വകുപ്പുകൾ കയറിയിറങ്ങി പ്രധാനാധ്യാപകരെ വലയ്ക്കുന്നതിനു പകരം രക്ഷാകർതൃ പ്രതിനിധികൾ അടക്കം ഉൾക്കൊള്ളുന്ന സ്കൂൾ സുരക്ഷ സമിതികൾക്കു ചുമതല നൽകിയാൽ ഇത്തരം കഷ്ടപ്പാടുകൾ കുറയ്ക്കാവുന്നതേയുള്ളൂ. സ്വന്തം കുഞ്ഞുങ്ങളുടെ സുരക്ഷയിൽ രക്ഷിതാക്കളോളം ഉത്കണ്ഠ മറ്റാർക്കുമുണ്ടാവില്ലല്ലോയെന്നും അദ്ദേഹം പറയുന്നു.
അവധിക്കാലമായിട്ടും തീരാത്ത വിവിധ ജോലിഭാരങ്ങളിൽ വലയുന്നതിനൊപ്പമാണ് പ്രധാനാധ്യാപകർ ഫിറ്റ്നസിനായി ഓഫിസുകൾ കയറിയിറങ്ങുന്നത്. വേനൽ അവധിയിലും എല്ലാ ദിവസവും സ്കൂളിൽ വന്നിട്ടുപോലും ജോലി ഒതുങ്ങാത്ത അവസ്ഥ. എല്ലാ ജീവനക്കാരുടെയും സർവീസ് രേഖകൾ ഉൾപ്പെടെ റെക്കോഡുകൾ തയാറാക്കുന്നത് ഈ സമയത്താണ്. 68 റെക്കോഡാണ് രണ്ടു മാസം കൊണ്ടു തയാറാക്കേണ്ടത്. ക്ലാസുള്ള ദിവസങ്ങളിൽ സമയം കിട്ടാത്തതിനാലാണ് ഈ പണി അവധിക്കാലത്തു ചെയ്യുന്നത്. പേ ബിൽ രജിസ്റ്റർ നെറ്റിലുണ്ടെങ്കിലും ഓഡിറ്റ് പ്രശ്നങ്ങൾ വന്നേക്കാമെന്നതിനാൽ സ്കൂളിലെ ബുക്കിൽ എഴുതി ചേർക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.