കോട്ടയം: കോഴിവില കുത്തനെ താഴ്ന്നതോടെ കർഷകർക്ക് ദുരിതകാലം. തീറ്റക്കും കോഴിക്കുഞ്ഞിനും വില വർധിച്ചതോടെ ദുരിതം ഇരട്ടിയായി. ഉൽപാദന ചെലവുപോലും കിട്ടുന്നില്ലെന്നാണ് കർഷകർ പറയുന്നത്. ദിവസവും വില താഴേക്ക് വരുന്ന അവസ്ഥയാണ്. തീറ്റക്ക് കിലോ 44 രൂപയോളമാണ്. കോഴിക്കുഞ്ഞുങ്ങളുടെ വില 45 മുതൽ 50 വരെയും.
ഇറച്ചിക്ക് പാകമാകുന്നതുവരെ വളർത്തിയെടുക്കുമ്പോൾ കർഷകർക്ക് കിട്ടുന്നത് 86 രൂപയോളവും. പ്രാദേശിക വിലയിൽ നേരിയ വ്യത്യാസമുണ്ടാകും. എങ്ങനെ ലാഭമുണ്ടാക്കാനാകുമെന്ന ആശങ്കയിലാണ് കർഷകർ. മണ്ഡലകാലം കൂടിയായതിനാൽ കിട്ടുന്ന വിലയ്ക്ക് വിൽക്കേണ്ട അവസ്ഥയാണ് കർഷകർക്ക്.
ഓണത്തിന് 150 രൂപക്ക് അടുത്ത് വില ലഭിച്ചിരുന്ന കോഴിക്ക് ഇപ്പോൾ വില 100 രൂപയാണ്. ഒരുകിലോ കോഴിക്ക് 110 രൂപയോളം മുടക്ക് വരുമ്പോൾ കർഷകർക്ക് ലഭിക്കുന്നതാകട്ടെ 60 രൂപയും. ഇടനിലക്കാരും ചില്ലറ വ്യാപാരികളും 20 മുതൽ 25 രൂപ വരെ ലാഭം എടുക്കുമ്പോൾ കർഷകന് നഷ്ടം 45 രൂപയോളം വരും. ക്രിസ്മസ്, ഈസ്റ്റർ തുടങ്ങിയ വിശേഷ അവസരങ്ങളിൽ നല്ല വില ലഭിക്കുമെന്നതിനാൽ മുൻകാലങ്ങളിൽ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാമായിരുന്നു.
മേഖലയിൽ കുത്തകകൾ എത്തിയതോടെ ഉൽപാദന ചെലവിൽ വൻകുറവുണ്ടായി. അന്യസംസ്ഥാനങ്ങളിൽ വളർത്തുന്ന ഇറച്ചിക്കോഴികളെ കേരളത്തിൽ എത്തിച്ച് വിലകുറച്ച് വിൽക്കുന്നതും പ്രതിസന്ധിയായി.
ജില്ലയിൽ മണിയാപറമ്പ്, ഉല്ലല, കൈപ്പുഴമുട്ട് മേഖലകളിൽ ഉണ്ടായിരുന്ന നൂറുകണക്കിന് കോഴിവളർത്തൽ കർഷകരിൽ പകുതിയിലധികം പേരും കൃഷി അവസാനിപ്പിച്ചു. കോഴിത്തീറ്റ വില വർധനക്ക് പുറമെ കോഴികളിൽ കണ്ടെത്തിയ അസുഖങ്ങളും കർഷകർക്ക് തിരിച്ചടിയായി. വൻതുക ബാങ്കുകളിൽ കടമെടുത്താണ് പലരും മേഖലയിലേക്ക് ഇറങ്ങിയത്. അടവ് മുടങ്ങിയതോടെ പലരും ജപ്തിയുടെ വക്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.