കുഴൽക്കിണർ നിർമ്മാണം
കോട്ടയം: വേനൽ രൂക്ഷമാകുന്നതിനിടെ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും കാറ്റിൽപറത്തി ജില്ലയിൽ കുഴൽക്കിണർ നിർമാണം തകൃതി. അന്തർ സംസ്ഥാന കമ്പനികളാണ് ജില്ലയുടെ മലയോരങ്ങളിലടക്കം വ്യാപകമായി കുഴിക്കുന്നത്.
പരിശോധനയൊന്നുമില്ലാതെ അശാസ്ത്രീയമായാണ് നിർമാണം. ഇത് ഭൂഗർഭ ജലനിരപ്പിനെ ബാധിക്കുമെന്ന് പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഭൂഗർഭ ജല വകുപ്പ് ഉദ്യോഗസ്ഥരും ഇക്കാര്യം ശരിവെക്കുന്നു. പുതുതായി കുഴൽക്കിണറുകൾ കുഴിച്ച സ്ഥലങ്ങളുടെ സമീപത്തെ കിണറുകൾ, കുളങ്ങൾ എന്നിവയിൽ വെള്ളം കുറഞ്ഞതായും പരാതിയുണ്ട്. ഭൂഗർഭജല വകുപ്പിെൻറ പ്രവർത്തനത്തിലെ പോരായ്മകളാണ് അന്തർ സംസ്ഥാന മാഫിയ ജില്ലയിൽ പിടിമുറുക്കാൻ കാരണമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വകാര്യലോബികളെ നേരിടാൻ കഴിയുന്ന യന്ത്രസാമഗ്രി ഭൂഗർഭജല വകുപ്പിനില്ല.
ഇവ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നുമില്ല. ജിയോളജിസ്റ്റുകൾ സ്ഥാനം കണ്ടതിനുശേഷമാണ് ഭൂഗർഭജല വകുപ്പ് കിണർ കുത്തുന്നത്.
എന്നാൽ, അന്തർ സംസ്ഥാന ലോബി സ്ഥാനം കാണാതെയാണ് കിണർ കുത്തുന്നത്. ഇത് പാരിസ്ഥിതികപ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഭൂഗർഭ പാറകളിൽനിന്നുമാത്രമേ വെള്ളം എടുക്കാവൂവെന്നാണ് നിയമം. ഭൂഗർഭ ജലവകുപ്പിെൻറ നിയമപ്രകാരം 310 അടിയിൽ കൂടുതൽ താഴ്ത്താൻ പാടില്ലെന്നാണ് നിയമം. എന്നാൽ, 800 മുതൽ 1000വരെ അടിയാണു താഴ്ത്തുന്നത്. സ്വകാര്യ കുഴൽക്കിണർ കമ്പനികൾക്ക് കേരളത്തിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. പേരിനു മാത്രമായി ചില കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. രജിസ്റ്റർ ചെയ്യാത്ത അമ്പതോളം കമ്പനികളാണ് ജില്ലയിൽ ഇപ്പോൾ വ്യാപകമായി കുഴൽ താഴ്ത്തുന്നത്.
അനിയന്ത്രിതമായതും അശാസ്ത്രീയമായതുമായ കുഴൽക്കിണർ കുഴിക്കൽ തമിഴ്നാട്ടിൽ നിരോധിച്ചതോടെയാണ് ലോബി കേരളം ലക്ഷ്യമാക്കിയത്.
കഴിഞ്ഞ സർക്കാർ കാലത്ത് വകുപ്പിെൻറ പുനരുദ്ധാരണത്തിനും പുതിയ മെഷിനറികൾ വാങ്ങുന്നതിനുമായി ഒമ്പതു കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, ചെലവഴിച്ചിട്ടില്ല. അതേസമയം, വേനൽക്കാലത്തും ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി ദിവസവും അഞ്ച് കുഴൽ എന്ന കണക്കിൽ കുഴിക്കുന്നുണ്ടെന്ന് ഇവർ പറയുന്നു.
ഭൂഗർഭജല വകുപ്പിൽനിന്ന് കുഴൽക്കിണർ കുത്താൻ കർഷകർക്ക് സബ്സിഡി ലഭിക്കും. 30 സെന്റ് മുതൽ അഞ്ച് ഏക്കർവരെയുള്ള കർഷകർക്ക് കൃഷി ഓഫിസിൽനിന്ന് ചെറുകിട നാമമാത്ര കർഷകർ എന്ന സർട്ടിഫിക്കറ്റ് നൽകിയാൽ 50 ശതമാനം സബ്സിഡി ലഭിക്കും. കിണർ കുത്തി വെള്ളം ലഭിച്ചില്ലെങ്കിൽ റീഫണ്ടും ലഭിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.