വൈ​ക്ക​ത്തെ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ​കെ. ​ബി​നി​മോ​ന്‍റെ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​ൽ​നി​ന്ന്

കോട്ടയം: ജില്ലയിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടിയേകി ഒമ്പതു സീറ്റും യു.ഡി.എഫ് കൈയടക്കി. മന്ത്രി വി.എൻ. വാസവൻ, ഡോ. എൻ. ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. ജോബ് മൈക്കിൾ എന്നിവർ തോറ്റു. തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവർ വിജയിച്ചു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ എന്നിവരാണ് തോറ്റ മറ്റു പ്രമുഖർ.

വൈക്കവും പൂഞ്ഞാറും ആദ്യഘട്ടത്തിൽ എൽ.ഡി.എഫിന് പ്രതീക്ഷ നൽകിയെങ്കിലും അവസാനത്തോടെ മാറിമറിഞ്ഞു. 2021ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അഞ്ച്, യു.ഡി.എഫിന് നാല് എന്നതായിരുന്നു സീറ്റ് നില. ഏറ്റുമാനൂരിൽ സി.പി.എമ്മും വൈക്കത്ത് സി.പി.ഐയും ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നിവിടങ്ങളിൽ കേരള കോൺഗ്രസ് എമ്മും ആയിരുന്നു ജയിച്ചത്. കോട്ടയത്തും പുതുപ്പള്ളിയിലും കോൺഗ്രസും കടുത്തുരുത്തിയിൽ കേരള കോൺഗ്രസും പാലായിൽ മാണി സി. കാപ്പന്‍റെ നാഷനലിസ്റ്റ് കോൺഗ്രസ് കേരളയും. ഇത്തവണ അഞ്ചു സീറ്റിലാണ് കേരള കോൺഗ്രസ് എം മത്സരിച്ചത്. സി.പി.എം മൂന്നു സീറ്റിലും സി.പി.ഐ ഒരു സീറ്റിലും.

കോട്ടയം

കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ നാലാം തവണയും ജയിച്ചു. കഴിഞ്ഞ തവണത്തെ എതിരാളി അഡ്വ. കെ. അനിൽകുമാർ വീണ്ടും തിരുവഞ്ചൂരിനോടു തോറ്റു. തിരുവഞ്ചൂർ രാധാകൃഷ്ണൻ 68,893 വോട്ടും അഡ്വ. കെ. അനിൽ കുമാർ 32,907 വോട്ടും നേടി. ബി.ഡി.ജെ.എസ് സ്ഥാനാർഥി പി. അനിൽകുമാർ 9726 വോട്ടുനേടി.

പാലാ

പാലായിൽ കഴിഞ്ഞ തവണത്തെ എതിരാളികളും മാറിയില്ല. ജയവും മാറിയില്ല. എൽ.ഡി.എഫ് സ്ഥാനാർഥിയും കേരള കോൺഗ്രസ് എം ചെയർമാനുമായ ജോസ് കെ. മാണി 2991 വോട്ടിന് യു.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പനോടു തോറ്റു. മാണി സി. കാപ്പൻ 50,799 വോട്ടും ജോസ് കെ. മാണി 47,808 വോട്ടും ബി.ജെ.പി സ്ഥാനാർഥി ഷോൺ ജോർജ് 35,304 വോട്ടും നേടി.

കടുത്തുരുത്തി

യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. മോൻസ് ജോസഫ് തുടർച്ചയായ അഞ്ചാം തവണയും ജയം ആവർത്തിച്ചു. 70,353 വോട്ടാണ് ഇദ്ദേഹം നേടിയത്. കേരള കോൺഗ്രസ് എമ്മിലെ നിർമല ജിമ്മി 39,053 വോട്ടും ബി.ഡി.ജെ.എസിലെ സുരേഷ് ഇട്ടിക്കുന്നേൽ 12,228 വോട്ടും നേടി.

കാഞ്ഞിരപ്പള്ളി

2011 മുതൽ മണ്ഡലത്തിലെ എം.എൽ.എ ആയിരുന്ന ഡോ. എൻ. ജയരാജിന്‍റെ കാഞ്ഞിരപ്പള്ളിയിലെ തോൽവി പാർട്ടിക്ക് അപ്രതീക്ഷിതമായി. യു.ഡി.എഫ് സ്ഥാനാർഥിയും സെന്‍റ് ഡൊമിനിക്സ് കോളജ് അധ്യാപകനുമായ പ്രഫ. റോണി കെ. ബേബി 5772 വോട്ടിന് ജയിച്ചു. 56646 വോട്ടാണ് അദ്ദേഹം നേടിയത്. കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാനാർഥിയുമായ അഡ്വ. ജോർജ് കുര്യന് 26,984 വോട്ട് ലഭിച്ചു.

ചങ്ങനാശ്ശേരി

യു.ഡി.എഫ് സ്ഥാനാർഥി വിനു ജോബ് കുഴിമണ്ണിൽ 8368 വോട്ടിന് സിറ്റിങ് എം.എൽ.എ അഡ്വ. ജോബ് മൈക്കിളിനെ പരാജയപ്പെടുത്തി. വിനു ജോബ് കുഴിമണ്ണിൽ- 55991, അഡ്വ. ജോബ് മൈക്കിൾ-47623, ബി. രാധാകൃഷ്ണ മേനോൻ (ബി.ജെ.പി)-14803 എന്നതാണ് വോട്ടുനില.

ഏറ്റുമാനൂർ

ഏറ്റുമാനൂരിൽ മന്ത്രി വി.എൻ. വാസവനെ തോൽപിച്ചത് ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷാണ്. 19,752 ആണ് ഇദ്ദേഹത്തിന്‍റെ ഭൂരിപക്ഷം. വി.എൻ. വാസവൻ 44325 വോട്ടും എൻ.ഡി.എ സ്ഥാനാർഥി ആതിര ഡി. നായർ 12975 വോട്ടും നേടി.

പൂഞ്ഞാർ

സിറ്റിങ് എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന് അടിതെറ്റി. 6693 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് യു.ഡി.എഫിലെ എം.ജെ. സെബാസ്റ്റ്യൻ വിജയിച്ചു. 56900 വോട്ടാണ് എം.ജെ. സെബാസ്റ്റ്യന് ലഭിച്ചത്. പി.സി. ജോർജ് 36,172 വോട്ടുനേടി.

പുതുപ്പള്ളി

അഡ്വ. ചാണ്ടി ഉമ്മൻ ജില്ലയിലെ ഉയർന്ന ഭൂരിപക്ഷത്തിൽ ജയം സ്വന്തമാക്കി. 52,907 ആണ് ഇദ്ദേഹത്തിന്‍റെ ഭൂരിപക്ഷം. സി.പി.എമ്മിലെ കെ.എം. രാധാകൃഷ്ണന് 31,124 വോട്ടും ബി.ജെ.പിയിലെ രവീന്ദ്രനാഥ് വാകത്താനത്തിന് 11,544 വോട്ടും ലഭിച്ചു.

വൈക്കം

ഏതു തരംഗത്തിനിടയിലും എൽ.ഡി.എഫിനൊപ്പം നിന്നിരുന്ന വൈക്കവും ഇത്തവണ കൈവിട്ടു. സി.പി.ഐയുടെ ഏക സീറ്റിൽ പി. പ്രദീപ് 1360 വോട്ടിനാണ് പരാജയപ്പെട്ടത്. യു.ഡി.എഫിലെ കെ. ബിനിമോൻ 52944 വോട്ടു നേടി ജയിച്ചു. സി.പി.ഐ വിട്ട് എൻ.ഡി.എ സ്ഥാനാർഥിയായ മുൻ എം.എൽ.എ കെ. അജിത്തിന് 20,297 വോട്ടുലഭിച്ചു.

Tags:    
News Summary - Congress won full seats in kottayam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.