ഫ്ലാറ്റിൽ താമസിച്ച് പണം നൽകാതെ മുങ്ങി; ഒരു വർഷം തടവ്
കോട്ടയം: വടവാതൂരിലെ അബാദ് ന്യൂ ഡേൽ ഫ്ലാറ്റിൽ 15 ദിവസം താമസിച്ച ശേഷം വാടക കൊടുക്കാതെ മുങ്ങിയ കേസിൽ ഇന്ത്യൻ കാത്തലിക് ഫോറം മുൻ നേതാവ് ബിനു ചാക്കോ എന്ന ബിനു പഴയചിറക്ക് ഒരു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ.
വടവാതൂർ സ്വദേശി ജിനു മാത്യുവിന്റെ പരാതിയിൽ 2017ൽ മണർകാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് എസ്. അനന്തകൃഷ്ണൻ ശിക്ഷ വിധിച്ചത്. പരാതിക്കാരന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ റോബിൻ കെ നീലിയറ ഹാജരായി. വാടക തുകയുടെ ചെക്ക് നൽകി ബിനു ചാക്കോ മുങ്ങിനടക്കുകയായിരുന്നു.
ബോധപൂർവം തന്നെയാണ് പ്രതി തട്ടിപ്പ് നടത്തിയത് എന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഫ്ലാറ്റിൽ താമസിക്കുന്നതിനുള്ള കരാർ എന്നിവ തെളിവുകളായി സ്വീകരിച്ചാണ് ശിക്ഷ. വാടകക്ക് കരാർ എഴുതുന്ന സമയത്ത് 72 രൂപ മാത്രമാണ് പ്രതിയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്നത്.
വാടക നൽകാനുള്ള പൈസ ഇല്ലാതിരുന്നിട്ടും കരാർ എഴുതിയത് തട്ടിപ്പിനു വേണ്ടിയാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതിദിനം 3500 രൂപ നിരക്കിൽ 52,500 രൂപ ആണ് പരാതിക്കാരന് പ്രതി നഷ്ടം വരുത്തിയത്. വിവിധ സ്ഥാപനങ്ങളിൽ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും ഇയാൾ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.