കാഞ്ഞിരപ്പള്ളി: കോൺഗ്രസിലെ പ്രഫ. റോണി കെ. ബേബിയിലൂടെ കോൺഗ്രസിനും യു.ഡി.എഫിനും കാഞ്ഞിരപ്പള്ളിയിൽ അട്ടിമറി വിജയം. 2011ൽ രൂപവത്കൃതമായ പുതിയ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഇത് കോൺഗ്രസിന്‍റെ കന്നിവിജയമാണ്. പിറവി മുതൽ മണ്ഡലത്തെ പ്രതിനിധാനം ചെയ്തത് കേരള കോൺഗ്രസ് (എം)ലെ ഡോ. എൻ. ജയരാജാണ്. എൽ.ഡി.എഫ്, യു ഡി.എഫ് മുന്നണികളിൽനിന്ന് മത്സരിച്ചു ജയിച്ചിട്ടുള്ള ഡോ. എൻ. ജയരാജ് 2011, 2016, 2021 തെരഞ്ഞെടുപ്പുകളിൽ ജയിച്ച് കാഞ്ഞിരപ്പള്ളിയിൽനിന്ന് ഹാട്രിക് ജയം നേടിയിരുന്നു. 2021ൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ജയരാജ് കോൺഗ്രസിലെ ജോസഫ് വാഴയ്ക്കനെ 13,703 വോട്ടിനാണു പരാജയപ്പെടുത്തിയത്.
എൽ.ഡി.എഫും കേരള കോൺഗ്രസും ജയം ഉറപ്പിച്ചിരുന്ന മണ്ഡലത്തിൽ 5772 വോട്ടിന്‍റെ അട്ടിമറി ജയം കോൺഗ്രസ് അണികൾക്കും ആവേശമായി. 48കാരനായ പ്രഫ. റോണി കെ. ബേബി രാഷ്ട്രീയത്തിലെ സൗമ്യ മുഖങ്ങളിലൊന്നാണ്. കെ.പി.സി.സി വക്താവ്, ഡി.സി.സി ജനറൽ സെക്രട്ടറി കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജ് അധ്യാപകൻ എന്നീ നിലയിൽ പ്രവർത്തിക്കുന്നു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശിയാണ്. മണ്ഡലത്തിലെ ആകെയുളള ഒമ്പതിൽ ആറു പഞ്ചായത്തിലും യു.ഡി.എഫ് ഭൂരിപക്ഷം നേടി. കാഞ്ഞിരപ്പള്ളി, മണിമല, വാഴൂർ, കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളിൽ പ്രഫ. റോണി കെ. ബേബി ലീഡ് നേടിയപ്പോൾ പള്ളിക്കത്തോട്, ചിറക്കടവ്, വെളളാവൂർ പഞ്ചായത്തുകളിൽ മാത്രമാണ് ഡോ. എൻ. ജയരാജിന് ലീഡ്. ജന്മനാടായ കാഞ്ഞിരപ്പളളിയിൽ ലഭിച്ച 3888 വോട്ട് ലീഡും മണിമലയിലെ 2159 വോട്ട് ലീഡുമാണ് റോണിയെ അട്ടിമറി ജയത്തിലേക്കു നയിച്ചത്.
ചിറക്കടവിൽ മാത്രമാണ് ജയരാജിന്‍റെ ലീഡ് 1000 കടന്നത്. അദ്ദേഹത്തിന്‍റെ ജന്മനാടായ കറുകച്ചാൽ പഞ്ചായത്തിൽ യു.ഡി.എഫാണ് 49 വോട്ടിനു ലീഡ് ചെയ്തത്. 2008ൽ ദേശീയതലത്തിൽ രാഹുൽ ഗാന്ധി നടത്തിയ ടാലന്റ് സേർച്ചിൽ മികവ് തെളിയിച്ച് കേരളത്തിലെ ആദ്യ സ്ഥാനക്കാരിലെത്തിയതിലൂടെയാണ് റോണി ശ്രദ്ധ നേടുന്നത്. ആനുകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ നാലു പുസ്തകങ്ങളും ആയിരത്തിലേറെ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമാണ്. ഭരണവിരുദ്ധ വികാരം ഉണ്ടായാലും ഡോ. എൻ. ജയരാജിന്‍റെ വ്യക്തിപ്രഭാവത്തിലൂടെ ജയിക്കാനാവുമെന്ന എൽ.ഡി.എഫ് പ്രതീക്ഷയാണ് റോണിയുടെ കുതിപ്പിൽ ഇല്ലാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.