കാഞ്ഞിരപ്പള്ളി ബൈപാസിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ നിലയിൽ
കനത്ത മഴയിൽ ബൈപാസിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു
കാഞ്ഞിരപ്പള്ളി: നിര്‍മാണത്തിലിരിക്കുന്ന ബൈപാസിന്റെ കല്‍ക്കെട്ട് മഴയില്‍ ഇടിഞ്ഞുവീണു. ബുധനാഴ്ച വൈകീട്ടത്തെ മഴയിൽ പതിനഞ്ച് അടിയോളം നീളത്തിലാണ് കെട്ട് ഇടിഞ്ഞ് വീണത്. ഉറപ്പില്ലാതെ കെട്ടിയതാണ് കല്‍ക്കെട്ട് ഇടിഞ്ഞുവീഴാന്‍ കാരണമെന്നാണ് ആരോപണമുയരുന്നത്. പഴയ കരാറുകാരായ ഗുജറാത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി നിര്‍മിച്ച കെട്ടാണ് തകര്‍ന്നത്. ബൈപാസിന്റെ നിര്‍മാണം നടത്തുന്ന കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോർപറേഷന് അധികൃതര്‍ അടുത്ത ദിവസം സ്ഥലത്ത് പരിശോധന നടത്തും. പുതിയ കരാറുകാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കുകയായിരുന്നു. ഇതോടെ ഇതുവരെ നടത്തിയ മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും ബലം പരിശോധിക്കേണ്ട സ്ഥിതിയാണ്.
തെരുവത്ത് കണ്‍സ്ട്രക്ഷന്‍സാണ് പുതിയ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. 2024 ഫെബ്രുവരിയിലാണ് ബൈപാസ് നിര്‍മാണം ആരംഭിക്കുന്നത്. 2025 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാല്‍, ആദ്യം കരാര്‍ ഏറ്റെടുത്ത ഗുജറാത്ത് കേന്ദ്രമായ കമ്പനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിച്ചു. നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാകാത്തതോടെ കാരാറുകാരനെ നീക്കുകയും 2025 ജൂണില്‍ നിര്‍മാണം മുടങ്ങുകയും ചെയ്തു.
പിന്നീട് റീ ടെന്‍ഡര്‍ ചെയ്താണ് പുതിയ കരാര്‍ നല്‍കിയത്. 78.69 കോടി രുപയാണ് പദ്ധതിക്കായി കിഫ്ബിയില്‍നിന്ന് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. 24.76 കോടി രൂപയാണ് സ്ഥലമേറ്റെടുക്കലിന് ആകെ ചെലവായത്. റോഡ് രൂപവത്കരിക്കുന്നതിനും ഫ്ലൈഓവര്‍ നിര്‍മാണത്തിനുമായി ആകെ കണക്കാക്കിയ തുക 26.17 കോടി രൂപയായിരുന്നു. ഇപ്പോള്‍ പുതുക്കിയ നിരക്ക് പ്രകാരം 35.30 കോടി രൂപയാണ് എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്. കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോർപറേഷനാണ് നിര്‍മാണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.