സാ​ന്ദ്ര​യും ആ​ർ​ദ്ര​യും വീടിന്​ മുന്നിൽ

ഒരുരാത്രികൊണ്ട് അനാഥരായി; സങ്കടക്കടലിൽ രണ്ട് പെൺകുട്ടികൾ

കോട്ടയം: പിതാവി‍െൻറ കരുതലും അമ്മയുടെ വാത്സല്യവും നിറഞ്ഞുനിന്നിരുന്ന കുഞ്ഞുവീടിനുള്ളിൽ ഇനി സാന്ദ്രയും ആർദ്രയും ഒറ്റക്കാണ്. ഇവർക്ക് കാവലും വഴികാട്ടിയുമായിരുന്നവർ ഒന്നുമറിയാതെ കല്ലറയിലുറങ്ങുമ്പോൾ ഒറ്റദിവസംകൊണ്ട് അനാഥരായതി‍െൻറ നോവിലാണ് ഈ രണ്ടു പെൺകുട്ടികൾ.

കഴിഞ്ഞദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ച, കുമരകം പഞ്ചായത്ത് ആറാംവാർഡിൽ പുല്ലൻപറമ്പിൽ പാപ്പച്ച‍‍െൻറയും (56), സൂസമ്മയുടെയും (51) മക്കളാണ് സാന്ദ്രയും ആർദ്രയും. കായലിൽനിന്ന് മണൽവാരി കുടുംബം നോക്കിയിരുന്ന പാപ്പച്ചൻ 2018 മുതൽ ഹൃദയത്തി‍െൻറ വാൽവ് ചുരുങ്ങുന്ന അസുഖത്തിന് ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് ആറുമാസം മുമ്പ് കുടലിൽ കാൻസർ ബാധിച്ചത്. രോഗം ബാധിച്ചഭാഗം ഏപ്രിൽ 27ന് ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. ആശുപത്രിയിൽ ഭർത്താവിന് കൂട്ടിരുന്ന സൂസമ്മ മേയ് ആറിന് പ്രഭാതഭക്ഷണം വാങ്ങാനിറങ്ങിയപ്പോൾ ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ തട്ടി പരിക്കേറ്റിരുന്നു. എന്നാൽ, ഭർത്താവി‍െൻറ ചികിത്സക്കിടക്ക് സൂസമ്മ ഇത് കാര്യമാക്കിയില്ല. ആരോടും പറഞ്ഞുമില്ല. തുടർന്ന് കീമോ ചെയ്യാനുള്ള തീയതിയെടുത്തശേഷം, പാപ്പച്ചനും സൂസമ്മയും രണ്ടുദിവസം കഴിഞ്ഞുവീട്ടിലേക്കുമടങ്ങി. പിന്നീടാണ് സൂസമ്മക്ക് കാലിൽ നീരുവന്നത്. പനിയുമുണ്ടായിരുന്നു. ആദ്യം കുമരകം ആശുപത്രിയിലും തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിലും എത്തിച്ചു.

കാലിൽ പൊട്ടൽ കണ്ടെത്തിയതിനാൽ അവിടെനിന്ന് എക്സ്റേ എടുത്ത് ബാന്‍റേജ് ഇട്ട് വിട്ടയച്ചു. വീട്ടിലെത്തിയശേഷം ശരീരവേദന അസഹ്യമായതോടെയാണ് വാഹനം തട്ടിയകാര്യം മക്കളോട് പറഞ്ഞത്. ഉടൻ മെഡിക്കൽ കോളജിൽ അഡ്മിറ്റ്ചെയ്തു. 22ന് പുലർച്ച 3.30ഓടെയാണ് സൂസമ്മ മരിച്ചത്. പനി കൂടിയതാണെന്നാണ് ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞത്.

എന്നാൽ, ഇടക്ക് ഒരു ഡോക്ടർ സൂസമ്മക്ക് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നതായി പറഞ്ഞിരുന്നു. വീട്ടിലെത്തിച്ച സൂസമ്മയുടെ മൃതദേഹത്തിനരികിലിരിക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ട് പാപ്പച്ചനും മരിച്ചു. ഇരുവരുടെയും മൃതദേഹം സെൻട്രൽ കുമരകം ചർച്ച് സെമിത്തേരിയിൽ ഒരു കല്ലറയിലാണ് അടക്കിയത്. മൂത്തമകൾ സാന്ദ്ര ബി.എസ്സി നഴ്സിങ്ങും ആർദ്ര ബി.എ ഹിസ്റ്ററിയും കഴിഞ്ഞ് പരീക്ഷയെഴുതിയിരിക്കുകയാണ്. പഠിക്കാൻ മിടുക്കരായ മക്കൾക്കുവേണ്ടി, അസുഖബാധിതനായിട്ടും പാപ്പച്ചൻ ജോലിക്കുപോയിരുന്നു. തുടർപഠനം, മുന്നോട്ടുള്ള ജീവിതം ഇതൊക്കെ ഇവർക്കുമുന്നിൽ ചോദ്യചിഹ്നമാണ്. തുരുത്തുപോലെ നാലുചുറ്റും വെള്ളം നിറഞ്ഞുകിടക്കുന്ന പ്രദേശത്താണ് വീട്. പാപ്പച്ച‍‍െൻറ സഹോദരൻ കൊച്ചുമോനും കുടുംബവുമാണ് ഇപ്പോൾ ഇവർക്ക് ആശ്രയം. ഹൗസ്ബോട്ടിൽ പാചകക്കാരനായ കൊച്ചുമോനും പ്രാരാബ്ധങ്ങളേറെയാണ്.

Tags:    
News Summary - Parents die and children become orphans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.