പാലാ: നഗരസഭ കൗൺസിൽ ഹാളിൽനിന്ന് കാണാതായ കേരള കോൺഗ്രസ് എം നഗരസഭ കൗൺസിലർ ജോസ് ചീരാങ്കുഴിയുടെ എയർ പോഡ് തിരികെ ലഭിച്ചു. ഇത് കൗൺസിൽ ഹാളിൽനിന്ന് കാണാതായ എയർ പോഡാണോയെന്ന് ഉറപ്പ് വരുത്താൻ കൂടുതൽ അന്വേഷണം നടത്താനുള്ള തയാറെടുപ്പിലാണ് പൊലീസ്. എയർ പോഡ് പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറി. എന്നാൽ, എയർ പോഡ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത് ആരാണെന്ന് വെളിപ്പെടുത്താനാകില്ലെന്നാണ് പൊലീസ് നിലപാട്.
ജോസ് ചീരാങ്കുഴിയുടെ എയർ പോഡ് മോഷ്ടിച്ചത് ഭരണപക്ഷത്തെ സി.പി.എം കൗൺസിലറായ ബിനു പുളിക്കക്കണ്ടമാണെന്ന ആരോപണം ഏറെ വിവാദങ്ങൾക്കു വഴിതെളിച്ചിരുന്നു. എയർ പോഡ് മോഷണം പോയത് സംബന്ധിച്ച് ജനുവരി 18ന് ചേർന്ന നഗരസഭ കൗൺസിലിൽ ജോസ് ചീരാംകുഴി പരാതിപ്പെടുകയും നഗരസഭ അധ്യക്ഷക്ക് പരാതി നൽകുകയും ചെയ്തിരുന്നു. മോഷ്ടിച്ചവർ എയർ പോഡ് തിരികെ നൽകാൻ തയാറാകണമെന്ന് ജോസ് ചീരാങ്കുഴി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും നൽകിയില്ല.
ബിനു പുളിക്കക്കണ്ടമാണ് എയർ പോഡ് മോഷ്ടിച്ചതെന്നും വീടിന്റെ ലൊക്കേഷൻ കാണിച്ചതിന്റെ തെളിവ് പക്കൽ ഉണ്ടെന്നും ജോസ് ചീരാങ്കുഴി ആരോപിച്ചിരുന്നു. എയർ പോഡ് കാണാതായത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ലൊക്കേഷൻ നോക്കണമെന്നും ബിനു പുളിക്കക്കണ്ടവും ആവശ്യപ്പെട്ടിരുന്നു. എയർ പോഡ് ലൊക്കേഷൻ അവസാനമായി മാഞ്ചസ്റ്ററിലാണ് കാണിച്ചിരുന്നതെന്ന് ജോസ് ചീരാംകുഴി പറഞ്ഞിരുന്നു. ഒക്ടോബർ നാലിനാണ് കൗൺസിൽ ഹാളിൽനിന്ന് എയർ പോഡ് മോഷണം പോയത്. 16 പൊലീസിൽ പരാതി നൽകി. ഡിസംബർ 18നുശേഷം ലൊക്കേഷൻ കാണിച്ചിരുന്നില്ല.
എന്നാൽ, എയർ പോഡ് സംബന്ധിച്ച വിവരങ്ങൾ അറിയില്ലെന്ന് ഡിവൈ.എസ്.പി കെ. സദൻ പറഞ്ഞു. തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായും കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും ബിനു പുളിക്കക്കണ്ടവും പറഞ്ഞു. എയർ പോഡ് പാലായിൽ എത്തിയതായി സൂചന ലഭിച്ചിട്ടുണ്ടെന്നും എന്നാൽ, തന്റെ കാണാതായ എയർ പോഡാണോ ഇതെന്ന് അറിയില്ലെന്നും ജോസ് ചിരാംകുഴിയും പറഞ്ഞു.
ആപ്പിൾ കമ്പനിയുടെ എയർ പോഡാണ് കൗൺസിൽ ഹാളിൽനിന്ന് കാണാതായത്. ഇതു സംബന്ധിച്ച് കമ്പനിക്ക് കത്ത് നൽകും. എയർ പോഡ് നമ്പർ പരിശോധിച്ച് ചീരാങ്കുഴിയുടെ കാണാതായ എയർ പോഡ് ആണോ ഇതെന്ന് ഉറപ്പുവരുത്തും. ഇതിനായി കോടതിയിൽ അപേക്ഷ നൽകി എയർ പോഡ് തിരികെ വാങ്ങി ശാസ്ത്രീയ പരിശോധന നടത്തുമെന്ന് എസ്.എച്ച്.ഒ ജോബിൻ ആന്റണി പറഞ്ഞു. കഴിഞ്ഞ ദിവസം നഗരസഭ ഓഫിസിൽ എത്തി പൊലീസ് തെളിവുകൾ ശേഖരിച്ചിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയ ജോസ് ചീരാങ്കുഴിയോട് പൊലീസ് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു.
മാഞ്ചസ്റ്ററിൽ നഴ്സായ യുവതി മാതാവിനൊപ്പമെത്തിയാണ് എയർ പോഡ് പൊലീസിന് കൈമാറിയതെന്ന് സൂചനയുണ്ട്. യുവതി മാഞ്ചസ്റ്ററിലേക്കു തിരികെ പോകുകയും ചെയ്തതായി പറയപ്പെടുന്നു. എന്നാൽ, ഇതുസംബന്ധിച്ച് വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയാറായിട്ടില്ല. എങ്ങനെ ഇവർക്ക് എയർ പോഡ് ലഭിച്ചുവെന്ന കാര്യത്തിലും വ്യക്തതയില്ല. എല്ലാക്കാര്യങ്ങളും അന്വേഷിച്ചുവരുകയാണെന്നും ഇതിനുശേഷമേ എന്തെങ്കിലും പറയാൻ കഴിയുകയുള്ളൂവെന്നും ഇവർ പറയുന്നു. ഇതിനിടെ, എയർ പോഡ് മോഷണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആൾ മുൻകൂർ ജാമ്യത്തിനുള്ള ശ്രമം നടത്തുന്നതായി അഭ്യൂഹവുമുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.