കോട്ടയം: അയ്മനം ജെ. ബ്ലോക്ക് ഒമ്പതിനായിരം പാടശേഖരത്തെ നെല്ലു സംഭരണത്തിൽ അനിശ്ചിതത്വം തുടരുന്നു. ജെ. ബ്ലോക്കിലെ 400 ഏക്കറിലെ നെല്ലാണ് കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങളായിട്ടും പാടശേഖരത്ത് കൂട്ടിയിട്ടിരിക്കുന്നത്. ക്വിന്റലിന് 3.5 കിലോ കിഴിവ് വേണമെന്ന മില്ലുടമകളുടെ ആവശ്യം കര്‍ഷകര്‍ അംഗീകരിക്കാതെ വന്നതാണ് സംഭരണം തടസ്സപ്പെടാന്‍ കാരണം. വിഷയത്തിൽ ബുധനാഴ്ച കലക്ടര്‍ ഇടപെട്ടെങ്കിലും തീരുമാനം നീളുകയാണ്. വ്യാഴാഴ്ചയും നെല്ല് എടുക്കാൻ മില്ലുടമകൾ തയാറാകാത്ത സാഹചര്യത്തിൽ കര്‍ഷകര്‍ പാഡി മാര്‍ക്കറ്റിങ് ഓഫിസിലേക്കു മാര്‍ച്ച് നടത്തി.
ബുധനാഴ്ച നെൽകർഷക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പാഡി മാര്‍ക്കറ്റിങ് ഓഫിസറെയും കലക്ടറെയും കണ്ടിരുന്നു. കിഴിവില്ലാതെ നെല്ലു സംഭരിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചിട്ടും സംഭരണം നടന്നില്ല. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ വീണ്ടും സമിതിയുടെ നേതൃത്വത്തില്‍ കലക്ടറെ കണ്ടു. അവധിയിലായിരുന്ന പാഡി മാര്‍ക്കറ്റിങ് ഓഫിസറെ കലക്ടര്‍ വിളിച്ചു വരുത്തി. തുടര്‍ന്ന് പാഡി മാര്‍ക്കറ്റിങ് ഓഫിസറെ കര്‍ഷകര്‍ പ്രതിഷേധം അറിയിച്ചതോടെ, പുതിയ മില്ലുകളെ സംഭരണ രംഗത്തേക്ക് എത്തിക്കാന്‍ ശ്രമിക്കാമെന്ന് ഓഫിസര്‍ ഉറപ്പു നല്കി. പല മില്ലുകളെയും ബന്ധപ്പെട്ടുവെങ്കിലും തീരുമാനമായില്ല.
വൈകിട്ട് ചേര്‍ന്ന പാടശേഖര സമിതി യോഗത്തിലും കിഴിവ് നല്‍കില്ലെന്ന തീരുമാനത്തില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍, നെല്ലില്‍ പതിരിന്റെ അംശം കൂടുതലാണെന്നും 1.5 കിലോയെങ്കിലും കിഴിവു നല്‍കാതെ സംഭരണം നടത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് മില്ലുടമകള്‍. ജില്ലയിലെ തന്നെ ഏറ്റവും മികച്ച നെല്ലാണെന്നും കഴിഞ്ഞ മൂന്നു വര്‍ഷവും കിഴിവില്ലാതെ ഇവിടെ സംഭരണം നടന്നിരുന്നുവെന്നും കര്‍ഷകര്‍ പറയുന്നു. നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ 10ന് പാഡി മാര്‍ക്കറ്റിങ് ഓഫിസിലേക്ക് വീണ്ടും മാര്‍ച്ച് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.