ഏ​റ്റു​മാ​നൂ​ര്‍ വ്യാ​പാ​ര​ഭ​വ​നി​ലെ പാ​ക്കി​ങ്​ കേ​ന്ദ്ര​ത്തി​ല്‍ ഓ​ണ​ക്കി​റ്റ് ത​യാ​റാ​ക്കു​ന്ന സ​പ്ലൈ​കോ

ജീ​വ​ന​ക്കാ​ര്‍

ഓണക്കിറ്റ് ഒരുങ്ങുന്നു; നിറക്കാൻ 101 കേന്ദ്രങ്ങൾ

കോട്ടയം: ഓണത്തിനുള്ള സൗജന്യകിറ്റുകൾ നിറക്കാൻ ജില്ലയിൽ 101 കേന്ദ്രങ്ങൾ. ഇവിടങ്ങളിലെല്ലാം പാക്കിങ് ജോലികൾ പുരോഗമിക്കുകയാണ്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി സപ്ലൈകോ ഔട്ട്ലറ്റുകളോട് ചേർന്നാണ് ഭൂരിഭാഗം പാക്കിങ് കേന്ദ്രങ്ങളും തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഹാളുകളടക്കം പ്രത്യേക സ്ഥലങ്ങൾ ഒരുക്കിയിരുന്നു. ഇത്തവണ ഏറ്റുമാനൂർ വ്യാപാരഭവനനടക്കം ചുരുക്കം ചില കേന്ദ്രങ്ങൾ മാത്രമാണ് ഇത്തരത്തിലുള്ളത്.

ജില്ലയിൽ 4,98,280 കിറ്റുകളാണ് ഒരുക്കുന്നത്. എന്നാൽ, കിറ്റിലേക്ക് ആവശ്യമുള്ള പല സാധനങ്ങളും എത്തിതുടങ്ങിയിട്ടില്ല. സപ്ലൈകോ ഔട്ട്ലറ്റുകളിലെ ഉൽപന്നങ്ങൾ ഉപയോഗിച്ചാണ് കിറ്റ് നിറക്കുന്നത്.നിലവിൽ അന്ത്യോദയ കാർഡ് ഉടമകൾക്കുള്ള കിറ്റുകളാണ് തയാറാക്കുന്നത്. ഇത് അന്തിമഘട്ടത്തിലാണ്. മറ്റ് കാർഡ് ഉടമകൾക്കുള്ള കിറ്റുകൾ കൂടുതലായി സാധനങ്ങൾ എത്തുന്നതോടെ ആരംഭിക്കും.തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ്‌ ഇത്തവണയുള്ളത്. സൗജന്യ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 17ന് ശേഷം റേഷൻകടകളിലൂടെ ആരംഭിക്കുമെന്നാണ് കഴിഞ്ഞദിവസം ഭക്ഷ്യ-പൊതുവിതരണമന്ത്രി ജി.ആ‍ർ. അനിൽ അറിയിച്ചിരുന്നത്. എന്നാൽ, ജില്ലതലത്തിൽ ഇക്കാര്യത്തിൽ വ്യക്തതയായിട്ടില്ല.

ശർക്കരക്ക് പകരം ഇത്തവണ ശർക്കരവരട്ടിയാണ് കിറ്റിൽ. കഴിഞ്ഞവർഷം ശർക്കരയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു. ഗുണനിലവാരവുമായി ബന്ധപ്പെട്ടും ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ് ശർക്കരവരട്ടി ഉൾപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ, മുഴുവൻ കിറ്റിലേക്കും ആവശ്യമായ അളവിൽ ശർക്കരവരട്ടി ലഭിക്കുമോയെന്ന ആശങ്കയുണ്ട്.

ലഭ്യതക്കുറവുണ്ടായാൽ പകരം ഉപ്പേരി നൽകാനാണ് ധാരണ. പായസത്തിനായി ഉണക്കലരിയും നൽകുന്നുണ്ട്. ഇതിന്‍റെയും ലഭ്യതക്കുറവ് പ്രതിസന്ധിക്ക് ഇടയാക്കുമെന്ന ആശങ്കയുണ്ട്. പല കേന്ദ്രങ്ങളിലും ഉപ്പും ലഭിക്കാനില്ലാത്ത സ്ഥിതിയാണ്. കിറ്റിൽ ഉൾപ്പെടുത്താനുള്ള ഉപ്പ് ഗുജറാത്തിൽനിന്നാണ് എത്തുന്നത്. മഴമൂലം അവിടെനിന്ന് ഉപ്പ് അയക്കാൻ വൈകി. അടുത്ത ദിവസം ഇത് ലഭ്യമാക്കുമെന്നാണ് വിവരം. കശുവണ്ടിപ്പരിപ്പും അടുത്ത ദിവസങ്ങളിൽ മാത്രമേ എത്തുകയുള്ളൂ. ഇത്തവണ കാഷ്യു കോർപറേഷനാണ് കശുവണ്ടിപ്പരിപ്പിന്‍റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

സപ്ലൈകോ നേതൃത്വത്തിൽ പായ്ക്ക് ചെയ്യുന്ന കിറ്റ് ഇവർ തന്നെ റേഷൻ കടകളിൽ എത്തിച്ചുനൽകും. 437 പേരാണ് ഓണക്കിറ്റ് പാക്കിങ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ കൂടി ഉള്‍പ്പെടുന്ന കോട്ടയം റീജ്യനില്‍ മൊത്തം 12,47,531 കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റുകളാണ് തയാറാക്കുക.

കോട്ടയം റീജ്യനില്‍ 212 പാക്കിങ് കേന്ദ്രങ്ങളിലായി 968 പേരാണ് ഓണക്കിറ്റുകള്‍ തയാറാക്കുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് കോട്ടയം റീജനല്‍ മാനേജര്‍ സുള്‍ഫിക്കര്‍ അറിയിച്ചു.അടുത്തദിവസങ്ങളിൽ കൂടുതലായി സാധനങ്ങൾ എത്തുന്നതോടെ കിറ്റ് ഒരുക്കലിന് കൂടുതൽ വേഗമാകുമെന്നും ഓണത്തിന് മുമ്പ് ജില്ലയിലെ മുഴുവൻ കാർഡ് ഉടമകൾക്കും കിറ്റ് വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും സപ്ലൈകോ അധികൃതർ പറഞ്ഞു.

Tags:    
News Summary - Onam kit is getting ready; 101 centers to fill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.