കോട്ടയം: സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിൽ കല്ലുകടി. പച്ചക്കറികൾക്കടക്കം വില കുതിച്ചുയരുന്നതിനൊപ്പം സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് പ്രതിസന്ധിയാകുന്നത്. പുതിയ അധ്യയന വർഷം തുടങ്ങി മൂന്നാം മാസത്തിലേക്ക് കടന്നിട്ടും ഉച്ചഭക്ഷണ ഫണ്ട് സർക്കാർ നൽകിയിട്ടില്ല. കഴിഞ്ഞ മാർച്ചിലെ തുകയും ഭൂരിഭാഗം സ്കൂളുകൾക്കും ലഭിച്ചിട്ടില്ല. പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില കുതിക്കുമ്പോൾ ഉച്ചഭക്ഷണം നല്‍കാനായി സ്വന്തം കൈയില്‍നിന്ന് പണം മുടക്കി കടക്കെണിയിലായിരിക്കുകയാണ് പ്രധാനാധ്യാപകര്‍.
പലചരക്ക് സാധനങ്ങൾ കടം വാങ്ങിയായിരുന്നു ചില സ്കൂളുകൾ മുന്നോട്ടുപോയിരുന്നത്. കടക്കാരിൽ പലരും ഇനി കടം നൽകാനില്ലെന്ന് അറിയിച്ചു കഴിഞ്ഞു. സാധാരണ ഒരുമാസത്തെ തുക ബില്ല് സമർപ്പിച്ച് പിറ്റേ മാസം പകുതിയോടെ ലഭിക്കുന്നതായിരുന്നു പതിവ്.
എന്നാൽ, ഇത്തവണ ഒരുരൂപപോലും അനുവദിച്ചിട്ടില്ല. പ്രധാനാധ്യാപകർക്ക് ഇത് വലിയ ബാധ്യതയാണ് വരുത്തിയിരിക്കുന്നത്. ഇവർ മറ്റ് അധ്യാപകരുടെ സഹായത്തോടെയാണ് ഇപ്പോൾ നടത്തിപ്പിനുള്ള പണം കണ്ടെത്തുന്നത്. ഇതോടെ പ്രധാനാധ്യാപകനൊപ്പം മറ്റ് അധ്യാപകരും കടക്കെണിയിലായ സ്ഥിതിയാണ്.
2016ലെ നിരക്കിലാണ് ഇപ്പോഴും ഉച്ചഭക്ഷണ ഫണ്ട് അനുവദിക്കുന്നത്. പാചകവാതകത്തിന് അന്ന് 800 രൂപയിൽ താഴെയായിരുന്നു. ഇത് ഇരട്ടിയോളം വർധിച്ചപ്പോഴാണ് തുക പഴയനിരക്കിൽ തുടരുന്നതെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഗ്യാസ് ഒഴിവാക്കാമെന്ന് വെച്ചാൽ പറ്റില്ലെന്നും പ്രധാനാധ്യാപകർ പറയുന്നു. വിറകുകൊണ്ട് പാചകം ചെയ്യരുതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. അതിനാൽ എത്ര വില ഉയർന്നാലും ഗ്യാസ് വാങ്ങേണ്ട സ്ഥിതിയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
അരി സപ്ലൈകോ വഴി സർക്കാറാണ് നൽകുന്നത്. ബാക്കിയുള്ള സാധനങ്ങളെല്ലാം സ്കൂളുകൾ അധികൃതർ വില കൊടുത്തുവാങ്ങണം. തക്കാളിയടക്കമുള്ള പച്ചക്കറികൾക്കെല്ലാം പൊള്ളുന്ന വിലയായി. പയറിനും വില കുതിച്ചുയർന്നിരിക്കുകയാണ്. ഇതിനിടെയാണ് നൽകുന്ന തുകപോലും പിടിച്ചുവെക്കുന്ന സർക്കാർ നിലപാട്.
ഉച്ചഭക്ഷണം നൽകാൻ 150 കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ഒരു കുട്ടിക്ക് എട്ടു രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. 500 കുട്ടികള്‍ പഠിക്കുന്ന സ്കൂളിലാണെങ്കില്‍ ഒരു കുട്ടിക്ക് ഏഴു രൂപ. അതിനു മുകളില്‍ കുട്ടികളുണ്ടെങ്കില്‍ ആറു രൂപയും. ഈ തുകകൊണ്ട് ഉച്ചഭക്ഷണം മാത്രമല്ല ആഴ്ചയില്‍ രണ്ടു ദിവസം പാലും ഒരു ദിനം മുട്ടയും നല്‍കണം. വില വര്‍ധന രൂക്ഷമായ സാഹചര്യത്തില്‍ ഇതെങ്ങനെ സാധ്യമാകുമെന്നാണ് പ്രധാനാധ്യാപകര്‍ ചോദിക്കുന്നത്.
മുട്ടക്കും പാലിനും ഇതിനിടയിൽ പലതവണയാണ് വില ഉയർന്നത്. പച്ചക്കറികൾക്ക് വില കുതിച്ചുയർന്നതോടെ ഈ വിലയുടെ ഇരട്ടി ചെലവിട്ടാൽപോലും പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് അധ്യാപക സംഘടനകളും ചൂണ്ടിക്കാട്ടുന്നു. പോഷകസമൃദ്ധമായ ഭക്ഷണം നൽകണമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, അനുവദിക്കുന്നതാകട്ടെ തുച്ഛമായ തുകയുമെന്ന് കെ.എസ്.ടി.യു ജില്ല പ്രസിഡന്റ് നാസർ മുണ്ടക്കയം പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ട് മൂലം ചില സ്കൂളുകള്‍ മുട്ടയും പാലും വിതരണം നിര്‍ത്തിയിട്ടുണ്ട്. ഉച്ചഭക്ഷണ വിതരണത്തിന്റെ ചുമതലയില്‍നിന്ന് മാറ്റണമെന്ന ആവശ്യവും പ്രധാനാധ്യാപകര്‍ മുന്നോട്ട് വെക്കുന്നുണ്ട്.പാചകത്തൊഴിലാളികൾക്കും സ്കൂൾ തുറന്ന് രണ്ട് മാസം പിന്നിട്ടിട്ടും വേതനം ലഭിച്ചിട്ടില്ല. പലർക്കും 30,000 രൂപവരെയാണ് ലഭിക്കാനുള്ളത്. ഓണത്തിന് മുമ്പ് തുക അനുവദിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.