കോട്ടയം: പുതുവത്സാരാഘോഷങ്ങൾ കണക്കിലെടുത്ത് സുരക്ഷക്ക് ജില്ലയിൽ 1500 പൊലീസുകാരെ നിയോഗിക്കുമെന്ന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്. പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിങ് സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന സ്ഥലങ്ങളിൽ മഫ്തിയിൽ പൊലീസിന്റെ സാന്നിധ്യമുണ്ടാകും. മദ്യപിച്ചും അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും.
പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നവരെയും നിരോധിത മയക്കുമരുന്നുകളുടെ വിൽപന, ഉപയോഗം എന്നിവ കണ്ടെത്താനും പരിശോധനകൾ ഊർജിതമാക്കും. മദ്യ നിർമാണം, ചാരായ വാറ്റ്, മദ്യ വിൽപന തുടങ്ങിയവ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പട്രോളിങ് ഏർപ്പെടുത്തിയിട്ടുമുണ്ട്.
ജില്ലയിൽ കാപ്പ നിയമനടപടി സ്വീകരിച്ചിട്ടുള്ളവരെയും ക്രിമിനൽ പശ്ചാത്തലമുള്ളവരെയും നിരീക്ഷിക്കാൻ പ്രത്യേകം സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങൾ നടക്കുന്നതിനിടെ പൊതുജന ശല്യമുണ്ടാക്കുന്നവരെയും സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നവരെ നിരീക്ഷിക്കാൻ വനിത പൊലീസിനെ ഉൾപ്പെടുത്തി മഫ്തി ടീമിന് രൂപംനൽകിയിട്ടുണ്ട്.
ന്യൂ ഇയര്‍, ഡി.ജെ പാർട്ടികള്‍ നിരീക്ഷിക്കുമെന്നും സംഘാടകർ പരിപാടിക്കായി മുൻകൂട്ടി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ നിന്നും അനുമതി വാങ്ങണമെന്നും ജില്ല പൊലീസ് അറിയിച്ചു. പരിപാടികളിൽ ലഹരിവസ്തുക്കൾ ഉപയോഗം നടക്കുന്നില്ലെന്ന് സംഘാടകർ ഉറപ്പുവരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.