കൂട്ടിക്കൽ: ദേശീയപാത 183ല് മുണ്ടക്കയത്തുനിന്ന് ആരംഭിച്ച് കൂട്ടിക്കൽ-ഏന്തയാർ- ഇളങ്കാട്- വല്യേന്ത വരെ നിലവിലുള്ള സംസ്ഥാനപാതയുടെ തുടർച്ചയായി പുതിയൊരു റോഡ് കൂടി യാഥാർഥ്യമാകുന്നു. സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വാഗമണിലേക്ക് ഏഴു കിലോമീറ്റർ നീളമുള്ളതാണ് പുതിയ പാത.
പൊതുമരാമത്ത് വകുപ്പ് മുഖേന 17 കോടി രൂപ അനുവദിച്ചത് പ്രകാരം റോഡ് നിർമാണത്തിന് ടെൻഡർ ക്ഷണിച്ച് കരാർ ഉറപ്പിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. പ്രശസ്ത കരാർ കമ്പനിയായ രാജീ മാത്യു പാമ്പ്ലാനിൽ ആൻഡ് കമ്പനിയാണ് പണി കരാർ എടുത്തിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സെപ്റ്റംബർ അവസാനത്തേക്ക് നിർമാണം ആരംഭിക്കും.
നിർമാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ദേശീയപാതയിൽനിന്ന് നേരിട്ടു വാഗമണിലേക്ക് എത്താനുള്ള എളുപ്പവഴിയായി ഇത് മാറും. എരുമേലിയിൽ നിർദിഷ്ട ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷനൽ എയർപോർട്ട് യാഥാർഥ്യമാകുമ്പോൾ ദേശീയ, അന്താരാഷ്ട്ര തലങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വിമാനത്താവളത്തിൽനിന്ന് വാഗമണിലേക്ക് 45 മിനിറ്റ് കൊണ്ട് എത്താനാവും.
വാഗമണിലേക്കു സഞ്ചാരികളുടെ വരവ് ഏറെ വർധിക്കാൻ ഇത് സഹായകമാവുമെന്നാണു പ്രതീക്ഷ. വാഗമണിന്റെ ഇനിയും സഞ്ചാരികൾ കാര്യമായി കടന്നുചെന്നിട്ടില്ലാത്ത പ്രകൃതിരമണീയമായ കുറെയേറെ പ്രദേശങ്ങൾ കൂടി ടൂറിസ്റ്റുകൾക്ക് പ്രാപ്യമാകും. പരമാവധി ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ച് 2026 ൽ മുണ്ടക്കയം -കൂട്ടിക്കൽ -വാഗമൺ റോഡ് തുറന്നുകൊടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.