കോട്ടയം: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് എൻ.എ.ബി.എച്ച് (നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ്- എമറാൾഡ്) അംഗീകാരം. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജിന് ആദ്യമായി ലഭിക്കുന്ന നേട്ടമാണിത്.
സർക്കാർ മെഡിക്കൽ കോളജിലെ ചികിത്സയുടെ, പ്രത്യേകിച്ച് അത്യാഹിത വിഭാഗത്തിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക എന്ന ലക്ഷ്യമിട്ട് മന്ത്രി വീണ ജോർജ് മുന്നോട്ടുവെച്ച ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനീഷ്യേറ്റീവ് പദ്ധതിയുടെ ചുവടുപിടിച്ചാണ് ഈ നേട്ടം. എമർജൻസി വിഭാഗത്തിൽ ഒരു പ്രഫസർ, നാല് അസി. പ്രഫസർ, 10 സീനിയർ റസിഡന്റ് ഡോക്ടർമാർ എന്നിവരെ നിയമിച്ചതോടെയാണ് അക്രഡിറ്റേഷന് ഈ വിഭാഗം സജ്ജമായത്.
ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ എന്നിവരുടെ നേതൃത്വവും നിർണായകമായി. പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. കെ. അജിത്കുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് ആർ. ഡോ. രതീഷ് കുമാർ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. അഞ്ജലി പ്രേം, ഡോ. സിറിൽ ജേക്കബ് കുര്യൻ, ആർ.എം.ഒ ഡോ. സാം ക്രിസ്റ്റി മാമ്മൻ, ചീഫ് നഴ്സിങ് ഓഫിസർ പി.കെ. ഉഷ, എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരുടെ കൂട്ടായ പരിശ്രമവുമുണ്ടായി.
ക്വാളിറ്റി ഇംപ്രൂവ്മെന്റ് സെൽ നോഡൽ ഓഫിസർ ഡോ. സരിത ജെ. ഷേണായി, കോഓഡിനേറ്റർമാരായ നൈസ്മോൾ ജോർജ്, ആർ. ചൈത്ര, എസ്. രാജലക്ഷ്മി, ഇൻഫെക്ഷൻ കൺട്രോൾ കോഓഡിനേറ്റർമാരായ ബിജോ ലൂക്കോസ്, എസ്. സീമ, ട്രീസ ജോർജ്, ക്ലിനിക്കൽ നഴ്സിങ് എജുക്കേഷൻ യൂനിറ്റ് കോഓഡിനേറ്റർമാരായ എസ്. സ്മിത, റോസി ജോൺ എന്നിവർ ഗുണനിലവാര മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
നേരത്തെ പ്രസവ-പ്രസവാനന്തര സേവനങ്ങൾക്കുള്ള ദേശീയ നിലവാര അംഗീകാരവും കെ.യു.എച്ച്.എസ് എ പ്ലസ് ഗ്രേഡ് അക്രഡിറ്റേഷനും ആശുപത്രി നേടിയിട്ടുണ്ട്. രോഗീസൗഹൃദ സേവനങ്ങൾ, സുരക്ഷ പ്രോട്ടോക്കോളുകൾ, ശുചിത്വം, അടിയന്തര സേവനങ്ങളുടെ കാര്യക്ഷമത, നിലവാര നിയന്ത്രണം തുടങ്ങിയ എല്ലാ മേഖലകളിലും നടപ്പാക്കിയ പുരോഗതികളെ അടിസ്ഥാനമാക്കിയാണ് അംഗീകാരം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.