ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ മറ്റൊരു ശുചിമുറിയും തകർച്ചഭീഷണിയിൽ. ഇ.എൻ.ടി വിഭാഗത്തിന്റെ ശസ്ത്രക്രിയ തിയറ്ററിനോട് ചേർന്ന ശുചിമുറിയാണ് ഏതുനിമിഷവും തകർന്നു വീഴാമെന്ന നിലയിലുള്ളത്. പഴയ അത്യാഹിത വിഭാഗത്തിന്റെ രണ്ടാം നിലയിലാണ് ഇ.എൻ.ടി തിയറ്ററും വാർഡും പ്രവർത്തിക്കുന്നത്. ഇതിൽ തിയറ്റർ പ്രവർത്തിക്കുന്ന ഭാഗത്തെ ശുചിമുറിയുടെ പുറത്തെ ഭിത്തി പൊട്ടി വിണ്ടുകീറിയ നിലയിലാണ്.
മൂന്നാം നിലയുടെ മുകളിലാണ് വാട്ടർ ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതിനാൽ ഈ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യരുതെന്ന് പി.ഡബ്ല്യു.ഡി അധികൃതർ അറിയിച്ചിരിക്കുകയാണ്. ഇ.എൻ.ടി വാർഡ്, തിയറ്റർ, അസ്ഥിരോഗ വിഭാഗം ഒ.പി, പ്ലാസ്റ്റർ ഇടുന്ന മുറി, പ്ലാസ്റ്റർ കട്ടിങ് മുറി, പ്രൊസീജിയർ മുറി, ജനറൽ സർജറി ഒ.പി, ന്യൂറോ മെഡിസിൻ ഒ.പി എന്നിവ ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഏതുസമയവും തകർന്നു വീഴാവുന്ന തരത്തിലാണ് കെട്ടിടത്തിന്റെ ഇപ്പോഴത്തെ സ്ഥിതി. പി.ഡബ്ല്യു.ഡി അധികൃതരുടെ നിർദേശത്തെതുടർന്ന് ശുചിമുറി ഉപയോഗിക്കുന്നില്ല.
എന്നാൽ, താഴത്തെ നിലയിൽ വിവിധ വകുപ്പുകൾ പ്രവർത്തിക്കുന്നതിനാൽ ഈ വിഭാഗങ്ങളിലെ വകുപ്പ് മേധാവികൾ അടക്കം ഡോക്ടർമാർ ഇരിക്കുന്നത് ഈ കെട്ടിടത്തിലാണ്. ഡോക്ടർമാരെ കാണാൻ ആയിരക്കണക്കിന് രോഗികളാണ് ഞായറാഴ്ച ഒഴികെ ദിവസങ്ങളിൽ എത്തുന്നത്. കൂടാതെ പ്ലാസ്റ്റർ കട്ടിങ് മുറിയുടെ മേൽഭാഗത്തിനും വിള്ളൽ വീണിട്ടുണ്ട്.
കെട്ടിടത്തിന്റെ ബലക്ഷയം ആശുപത്രി അധികൃതരെ പി.ഡബ്ല്യു.ഡി അധികാരികൾ അറിയിച്ചിട്ടുണ്ടെങ്കിലും ഇ.എൻ.ടി വാർഡും അസ്ഥിരോഗ ഒ.പികളും അനുബന്ധ മുറികളും ഒഴിപ്പിക്കാൻ ആശുപത്രി അധികൃതർ തയാറായില്ല. എന്നാൽ, കെട്ടിടത്തിന്റെ ഒരുഭാഗം ഏതുനിമിഷവും നിലം പതിക്കാവുന്നത് കാണിച്ച് ഈ വിഭാഗത്തിലെ ഡോക്ടർമാർ ആശുപത്രി അധികൃതർക്ക് രേഖാമൂലം കത്ത് നൽകിയിട്ടുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.