കോട്ടയം എസ്.എച്ച് ക്നാനായ ദേവാലയത്തിലെ ഊട്ടുനേർച്ചയിൽ പങ്കെടുക്കാനെത്തിയ എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ വിശ്വാസികൾക്കൊപ്പം
കോട്ടയം: പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറെ ദൂരം മുന്നിലോടുകയാണ് എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ. നേരത്തേ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതാണ് ഇദ്ദേഹത്തിന് പ്രചാരണരംഗത്ത് ഗുണമായത്. എന്നാൽ, അതൊന്നും വിജയസാധ്യതയെ ബാധിക്കുന്ന വിഷയങ്ങളല്ലെന്ന് പറഞ്ഞ് മുന്നേറുകയാണ് യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്. വൈകിയെത്തിയ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി ഇവർക്കൊപ്പമെത്താനുള്ള ഓട്ടപ്പാച്ചിലിലും. തിങ്കളാഴ്ച നടക്കുന്ന റോഡ് ഷോയോടെ തുഷാർ കളത്തിലിറങ്ങും.
തോമസ് ചാഴികാടൻ കോട്ടയം, ഏറ്റുമാനൂർ നിയോജക മണ്ഡലങ്ങളിൽ സൗഹൃദ സന്ദർശനത്തോടെയാണ് ഞായറാഴ്ചത്തെ പര്യടനത്തിന് തുടക്കമിട്ടത്. വരും ദിവസങ്ങളില്‍ സൗഹൃദ സന്ദര്‍ശനങ്ങള്‍ കൂടുതല്‍ മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിക്കാനും പരമാവധി വോട്ടര്‍മാരെ കാണാനുമാണ് എൽ.ഡി.എഫ് നീക്കം.
കോട്ടയം എസ്.എച്ച് മൗണ്ട് ക്നാനായ കത്തോലിക്ക പള്ളിയിലെ ഊട്ടുനേർച്ചയിൽ പങ്കെടുക്കാനെത്തിയ ഫ്രാൻസിസ് ജോർജ് വിശ്വാസികളെ നേരിൽ കണ്ട് സൗഹൃദസംഭാഷണം നടത്തി. പുതിയ വോട്ടർമാരുമായും സംവദിച്ചു.
ഊട്ടുനേർച്ചക്കെത്തിയ എതിർ സ്ഥാനാർഥി തോമസ് ചാഴികാടനുമായി അൽപനേരം കുശലാന്വേഷണം നടത്തിയ ശേഷമാണ് മടങ്ങിയത്. തുടർന്ന് സംക്രാന്തി ലിറ്റിൽ ഫ്ലവർ പള്ളി, പാക്കിൽ കാരമൂട് പള്ളി, പാലായിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങൾ സന്ദർശിച്ചു.
തുഷാർ വെള്ളാപ്പള്ളി സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ഉടൻ മതമേലധ്യക്ഷരെയും ആത്മീയ-സാമുദായിക നേതാക്കളെയും സന്ദർശിച്ചിരുന്നു. ഞായറാഴ്ച പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലെ വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് അഭ്യർഥിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലിന് പൊലീസ് പരേഡ് ഗ്രൗണ്ടിൽനിന്ന് തിരുനക്കരയിലേക്ക് നടത്തുന്ന റോഡ് ഷോയോടെ പരസ്യപ്രചാരണത്തിന് തുടക്കമാകും.
ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ ഉദ്ഘാടനം ചെയ്യും. എൻ.ഡി.എ സംസ്ഥാന-ജില്ല നേതാക്കൾ ഷോയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.