ലൈഫ് പദ്ധതി: കോട്ടയം ജില്ലയിൽ ആദ്യഘട്ടത്തിൽ 4030 പേർക്ക് വീട്

കോട്ടയം: 'ലൈഫ് 2020' ഭവന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ആദ്യഘട്ടത്തിൽ 4030 കുടുംബങ്ങൾക്ക് വീട്. അന്തിമ ഗുണഭോക്തൃപട്ടികയിൽനിന്നുള്ള ഈ 4030 കുടുംബങ്ങൾ ഡിസംബർ 25നകം കരാറിൽ ഒപ്പിടും. ഇതിൽ പട്ടികജാതി, പട്ടികവർഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽപെട്ടവർക്കും അതിദാരിദ്ര്യ നിർണയ പ്രക്രിയയിലൂടെ കണ്ടെത്തിയ ഗുണഭോക്താക്കളിൽ വീടില്ലാത്തവർക്കുമാണ് മുൻഗണന നൽകിയിട്ടുള്ളത്.

2023 മാർച്ച് 31നകം പരമാവധി വീടുകളുടെ നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ലൈഫ് മിഷൻ ജില്ല കോഓർഡിനേറ്റർ ഷറഫ് പി. ഹംസ പറഞ്ഞു. ഭൂമിയുള്ള ഭവനരഹിതരുടെ വിഭാഗത്തിൽ 17,309 പേരും ഭൂരഹിത ഭവനരഹിതരുടെ വിഭാഗത്തിൽ 11,466 പേരുമായി 28,775 പേരാണ് അന്തിമപട്ടികയിൽ ഇടം നേടിയിട്ടുള്ളത്. ഇവർക്കുള്ള വീടുകൾ ഘട്ടമായി വിതരണം ചെയ്യും.

2017-18ൽ ലൈഫ് പദ്ധതി ആരംഭിച്ചത് മുതൽ 12,073 വീടുകളാണ് ജില്ലയിൽ ഇതുവരെ നിർമിച്ചത്. 1170 വീടുകളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്. 2017ലെ ഭൂരഹിത ഭവന രഹിതരുടെ പട്ടികയിൽ ഉൾപ്പെട്ടവർക്കായി ലൈഫ് മിഷൻ നിർമിച്ചു നൽകുന്ന ഭവനസമുച്ചയം-പള്ളം ബ്ലോക്ക് പഞ്ചായത്തിലെ വിജയപുരം ഗ്രാമപഞ്ചായത്ത് ചെമ്പോല കോളനിയിൽ അവസാനഘട്ടത്തിലാണ്.

'മനസ്സോടിത്തിരി മണ്ണ്' എന്ന കാമ്പയിനിലൂടെ വെള്ളൂർ ഗ്രാമപഞ്ചായത്തിൽ തോന്നല്ലൂർ വാർഡിൽ ഡോ.ബി.ആർ. രാജലക്ഷ്മി, സഹോദരൻ ആർ.ബി. ബാബു എന്നിവർ തങ്ങളുടെ മാതാപിതാക്കളുടെ സ്മരണാർഥം നൽകിയ 65.084 സെന്റ് ഭൂമിയിൽ ലൈഫ് പട്ടികയിലെ ഭൂരഹിതരായ ഗുണഭോക്താക്കൾക്കായി 13 വീടുകളുടെ നിർമാണവും പൂർത്തിയാകാറായിട്ടുണ്ട്. 2023 ജനുവരിയിൽ ഈ വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറും.

Tags:    
News Summary - LIFE Project: Houses for 4030 people in Kottayam district in the first phase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.