തൊടുപുഴ നഗരസഭ
ലീഗ്-കോൺഗ്രസ് ഭിന്നത രൂക്ഷം; തൊടുപുഴ നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ച് ചെയർപേഴ്സൻ
തൊടുപുഴ: വ്യാഴാഴ്ച നടന്ന തൊടുപുഴ നഗരസഭ കൗൺസിൽ യോഗത്തിൽ നാടകീയ രംഗങ്ങൾ. യോഗത്തിൽനിന്ന് ചെയർപേഴ്സൻ ഇറങ്ങിപ്പോയി. കഴിഞ്ഞ കൗൺസിലിൽ തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോൺഗ്രസ് കൗൺസിലർ രാജേഷ് ബാബു ആരോപണം തെളിയിക്കണമെന്നും ഇല്ലെങ്കിൽ മാപ്പ് മാപ്പുപറയണമെന്നുമുള്ള ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് മുസ്ലിം ലീഗുകാരിയായ നഗരസഭ ചെയർപേഴ്സൻ സാബിറ ജലീൽ ഇറങ്ങിപ്പോയത്.
ഇവരോടൊപ്പം മറ്റ് മൂന്ന് ലീഗ് കൗൺസിലർമാരും യോഗം ബഹിഷ്കരിച്ചപ്പോൾ രണ്ട് ലീഗ് കൗൺസിലർമാർ പങ്കെടുത്തത് ലീഗിലെ ഭിന്നതയും വെളിവാക്കി. ഒരു ലീഗ് കൗൺസിലർ അവധി എടുത്തിരുന്നു. അതേസമയം, ചെയർപേഴ്സന്റെ അഭാവത്തിൽ കോൺഗ്രസുകാരനായ വൈസ് ചെയർമാൻ കെ. ദീപക്കിന്റെ അധ്യക്ഷതയിൽ കൗൺസിൽ യോഗം ചേരുകയും ചെയ്തു.
പരിഹാരമില്ലാതെ തർക്കം
വ്യാഴാഴ്ച രാവിലെ കൗൺസിൽ യോഗം തുടങ്ങിയതോടെ ഡയസിലെത്തിയ ചെയർപേഴ്സൻ സാബിറ ജലീൽ തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കൗൺസിലർ രാജേഷ് ബാബു മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം തങ്ങൾ യോഗം ബഹിഷ്കരിക്കുകയാണെന്നും അറിയിക്കുകയായിരുന്നു. നീക്കം മുൻകൂട്ടി കണ്ട ഒരു വിഭാഗം കോൺഗ്രസ് കൗൺസിലർമാർ നേരത്തെ ചെയർപേഴ്സനെ കണ്ട് 26ന് യു.ഡി.എഫ് പാർലമന്റെറി പാർട്ടി വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും അവർ വഴങ്ങിയില്ല. എന്നാൽ, ബഹിഷ്കരണ തീരുമാനം മുസ്ലിം ലീഗിലെ ഭിന്നതയും പുറത്തേക്കെത്തിച്ചു. ചെയർപേഴ്സനൊപ്പം മൂന്ന് ലീഗ് കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചപ്പോൾ മുതിർന്ന ലീഗ് കൗൺസിലർമാരായ എ.എം. ഹാരിദ്, സഫിയ ജബ്ബാർ എന്നിവർ ഈ നീക്കത്തോടൊപ്പം ചേർന്നില്ല.
കീറാമുട്ടിയായി തൊടുപുഴ നഗരസഭ
കാലുമാറ്റവും കൂറുമാറ്റവും കൊണ്ട് കുപ്രസിദ്ധിയാർജിച്ച തൊടുപുഴ നഗരസഭയിൽ ഇത്തവണ യു.ഡി.എഫിന് ഭരണം ലഭിച്ചത് മികച്ച മാർജിനിലാണ്. യു.ഡി.എഫിലെ ധാരണപ്രകാരം ചെയർപേഴ്സൻ, വൈസ്ചെയർപേഴ്സൻ സ്ഥാനങ്ങൾ ടേം അടിസ്ഥാനത്തിൽ വീതംവെച്ചു. ആദ്യ ടേമിൽ മുസ്ലിം ലീഗിലെ സാബിറ ജലീൽ ചെയർപേഴ്സനും കോൺഗ്രസിലെ കെ. ദീപക് വൈസ് ചെയർപേഴ്സനുമായി. എന്നാൽ, അധികം വൈകാതെ തന്നെ ഭരണസമിതിക്കുള്ളിൽ പടലപ്പിണക്കങ്ങൾ ആരംഭിക്കുകയായിരുന്നു.
ഇത് നഗരസഭ ഭരണത്തെ ബാധിച്ചതോടെ കോൺഗ്രസ്, ലീഗ് നേതൃത്വങ്ങൾ ഇടപെട്ടെങ്കിലും പരിഹാരമായില്ല. ഇതിനിടെയാണ് കഴിഞ്ഞ 28ന് ചേർന്ന കൗൺസിലിൽ ചെയർപേഴ്സനെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ്, ലീഗ് അംഗങ്ങൾ രംഗത്തുവന്നത്. ആരോപണത്തിന് തെളിവ് ഹാജരാക്കാതെ വന്നതോടെ ലീഗ് കൗൺസിലർക്കെതിരെ പാർട്ടി അച്ചടക്ക നടപടിയെടുത്തു. എന്നാൽ, കോൺഗ്രസ് കൗൺസിലർക്കെതിരെ പാർട്ടി മൃദുസമീപനം സ്വീകരിക്കുന്നുവെന്നാണ് ചെയർപേഴ്സനെ അനുകൂലിക്കുന്നവരുടെ പരാതി. ഇതാണ് വ്യാഴാഴ്ച കൗൺസിൽ ബഹിഷ്കരണത്തിൽ കലാശിച്ചത്. ഏതായാലും വരും ദിവസങ്ങളിലും പോര് കൂടുതൽ രൂക്ഷമാകുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.