ചെറുവള്ളിയിൽ മിന്നലേറ്റ് ചത്ത പശുക്കൾ
ചെറുവള്ളിയിൽ മിന്നലേറ്റ് 12 പശുക്കൾ ചത്തു
എരുമേലി: ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ മിന്നലിൽ 12 ചെറുവള്ളി പശുക്കൾ ചത്തു. ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ളതും കേരളത്തിലെ നാടൻ പശു ഇനങ്ങളിൽപെട്ടതുമായ ചെറുവള്ളി പശുക്കളാണ് ചത്തത്. തോട്ടം തൊഴിലാളികളായി റെജിയുടെ എട്ട് പശുക്കൾ ചത്തു. രതീഷ് ബാലൻ, മാത്തുക്കുട്ടി, രാജു, ശാന്തമ്മ എന്നിവരുടെ ഓരോ പശുക്കളും ചത്തു.
വ്യാഴാഴ്ച രാവിലെ റബർ വെട്ടാൻ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് പശുക്കൾ കൂട്ടമായി ചത്തുകിടക്കുന്നത് കണ്ടത്. ബുധനാഴ്ച ഉണ്ടായ മിന്നലേറ്റാണ് ഇവ ചത്തതെന്ന് കരുതുന്നു. അഴിച്ചുവിട്ട് വളർത്തുന്ന പശുക്കൾ രാത്രിയും കൂട്ടമായി എസ്റ്റേറ്റിൽ തന്നെയാണ് കഴിച്ചുകൂട്ടുന്നത്. രണ്ട് ഗർഭിണി പശുക്കളടക്കം 12 പശുക്കളാണ് മിന്നലേറ്റ് ചത്തത്. സമീപത്തെ റബർ മരങ്ങൾക്കും മിന്നലേറ്റതായി തോട്ടം തൊഴിലാളികൾ പറയുന്നു.
ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ജോജി മാത്യു, ഡോ. ഫിറോസ്, എരുമേലി സീനിയർ വെറ്ററിനറി സർജൻ സുജ ചാക്കോ, മൊബൈൽ ഫാം എയ്ഡ് യൂനിറ്റ് വെറ്ററിനറി സർജൻ റ്റി.എസ്. അരുൺ എന്നിവർ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടപടി പൂർത്തീകരിച്ച ശേഷം പശുക്കളെ ചെറുവള്ളി തോട്ടത്തിൽ തന്നെ കുഴിച്ചുമൂടി.
കേരളത്തിലെ നാടൻ പശു ഇനങ്ങളിൽപ്പട്ട ചെറുവള്ളി പശുക്കൾക്ക് കുറഞ്ഞ പരിപാലനം ആവശ്യമുള്ളതും ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമാണ്. പാൽ അളവിൽ കുറവാണെങ്കിലും ഔഷധഗുണം കൂടുതലാണ്. എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിലും പരിസരപ്രദേശങ്ങളിലുമാണ് ഇത്തരം പശുക്കളെ കൂടുതലായി കാണപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.