തമിഴ്നാട് സ്വദേശിനി സംഗീത അരുള്‍ലാലിന്‍റെ മൃതദേഹം ഏറ്റുവാങ്ങാന്‍ പാലാ ജനറല്‍ ആശുപത്രിയിലെത്തിയ ഭര്‍ത്താവ് വെങ്കിടേഷിനെ മന്ത്രി മോന്‍സ് ജോസഫ് ആശ്വസിപ്പിക്കുന്നു. ആന്‍റോ ആന്‍റണി എം.പി സമീപം
മണ്ണിടിച്ചിൽ ദുരന്തം ജോസഫിന് വിട നൽകി നാട്; സംഗീതയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി
കോട്ടയം: കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിൽ മരണമടഞ്ഞ പൂഞ്ഞാര്‍ തെക്കേക്കര ചേലകാട്ട് ജോസഫിന്‍റെ മൃതദേഹം പെരിങ്ങളം തിരുഹൃദയ പള്ളിയില്‍ സംസ്കരിച്ചു. തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശിനി സംഗീത അരുള്‍ലാലിന്‍റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. പാലാ ജനല്‍ ആശുപത്രിയില്‍ ആര്‍.ഡി.ഒ ഷാഹിന രാമകൃഷ്ണന്‍റെ മേല്‍നോട്ടത്തിലാണ് രണ്ട് മൃതദേഹങ്ങളുടെയും പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ജോസഫിന്‍റെ മൃതദേഹം കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി. ഭര്‍ത്താവ് വെങ്കിടേഷും സുഹൃത്തുക്കളുമാണ് സംഗീതയുടെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയത്. സംഗീതയുടെ മൃതദേഹവുമായി പോയ ആംബുലന്‍സിനെ കുമളി ചെക്ക്പോസ്റ്റുവരെ മീനച്ചില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ മജോഷ് മൈക്കിള്‍ അനുഗമിച്ചു. കുമളി ചെക്ക്പോസ്റ്റില്‍ കമ്പം തഹസില്‍ദാര്‍ മൃതദേഹം ഏറ്റുവാങ്ങി.
ജില്ലയുടെ ചുമതലയുള്ള മന്ത്രി മോന്‍സ് ജോസഫ്, ആന്‍റോ ആന്‍റണി എം.പി, എം.എല്‍.എമാരായ മാണി സി. കാപ്പന്‍, എന്‍.ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍ മരണമടഞ്ഞവര്‍ക്ക് അന്തിമോപചാരമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാറിന് വേണ്ടി പാലാ ആര്‍.ഡി.ഒ ഇരുവര്‍ക്കും റീത്ത് സമര്‍പ്പിച്ചു.
കനത്ത മഴയിലും മണ്ണിടിച്ചിലിലും കോട്ടയം ജില്ലയിൽ രണ്ടുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഞായറാഴ്ച രാത്രി വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് പൂഞ്ഞാർ നടുഭാഗം മംഗളഗിരിയിൽ ഉറവപ്ലാവിൽ ജോസഫ് മരിച്ചത്. മണ്ണിനടിയിൽപ്പെട്ട ജോസഫിന്‍റെ മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ രക്ഷപ്പെടുത്തി. തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന മണിയൻകല്ലേൽ ജോസഫും (അപ്പച്ചൻ) ഭാര്യ കുഞ്ഞുഞ്ഞുമ്മയും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ വേലത്തുശേരിക്ക് സമീപം സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോഴാണ് സംഗീത അരുള്‍ലാൽ മണ്ണിടിച്ചിലില്‍പെട്ടത്. വാഗമണ്‍ സന്ദർശിച്ച് മടങ്ങുന്നതിനിടെ ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.