കോട്ടയം: ആവശ്യത്തിനു വണ്ടി ഇല്ലാതെ കോട്ടയത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് ട്രെയിൻ യാത്ര ദുരിതം. ആയിരക്കണക്കിന് യാത്രക്കാരാണ് കോട്ടയത്തുനിന്ന് കായംകുളം, കൊല്ലം, തിരുവനന്തപുരം ഭാഗത്തേക്ക് യാത്ര ചെയ്യുന്നത്. രാവിലെ 8.38 ന്‍റെ ഐലൻഡ് പോയാൽ പിന്നെ തിരുവനന്തപുരത്തേക്ക് 2.15 ന്‍റെ ശബരി സൂപ്പർ ഫാസ്റ്റേ ഉള്ളൂ. കൊല്ലം വരെ ആണെങ്കിൽ, 9.37 ന് മധുര എക്സ്പ്രസും 11.15ന്‍റെ മെമുവും കഴിഞ്ഞാൽ ശബരി തന്നെ ശരണം.
അതിനിടയിൽ ജനശതാബ്ദിയും ആഴ്ചയിൽ സർവിസ് നടത്തുന്ന ട്രെയിനുകളും ഉണ്ട്. ഇവയൊന്നും സ്ഥിരം യാത്രക്കാർക്ക് ഉപകാരമാവുന്നില്ല. അവയിൽ ടിക്കറ്റ് കിട്ടാൻ എളുപ്പമല്ല. കിട്ടിയാൽ തന്നെ ഗുസ്തി പിടിച്ചേ കയറിപ്പറ്റാനാവൂ. അത്രക്ക് തിരക്കായിരിക്കും. കോട്ടയത്ത് 2.15 ന് എത്തുന്ന ശബരി ഒരിക്കലും കൃത്യസമയത്ത് പ്രതീക്ഷിക്കാനാവില്ല. ആകെയുള്ള നാലു ജനറൽ കോച്ചും കുത്തിനിറച്ചാണ് വരിക. മുമ്പ് ഒരു റിസർവേഷൻ കോച്ച് കോട്ടയം മുതൽ തിരുവനന്തപുരം വരെ ഡി റിസർവ്ഡ് കോച്ച് ആയി അനുവദിച്ചിരുന്നു. അത് റദ്ദാക്കിയത് യാത്രദുരിതത്തിന് ആക്കം കൂട്ടി.
മൂന്നു മണിയുടെ എറണാകുളം -കൊല്ലം മെമുവും 3.28 ന്‍റെ പരശുറാമും ഒക്കെ വാഗൺ ട്രാജഡിയെ ഓർമിപ്പിക്കും. നാലിന്‍റെ വിവേക് വന്നാൽ വന്നു. പിന്നെ നീണ്ട കാത്തിരിപ്പാണ് 5.40 വരെ. കൊല്ലം വരെ പോകേണ്ടവർക്ക് മെമു ഉണ്ട്. നേരത്തെ 4.20 ന് ഒരു മെമു ഉണ്ടായിരുന്നു. ഇപ്പോഴില്ല. 6.10 ന്‍റെ കേരളയും 6.40 ന്‍റെ വേണാടും കോട്ടയം വിട്ടാൽ പിന്നെ തിരുവനന്തപുരം പിടിക്കണേൽ പാടുപെടും. റെയിൽവേയോ ജനപ്രതിനിധികളോ യാത്രക്കാരുടെ ദുരിതം കണ്ടറിഞ്ഞ് ഇടപെടുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.