കോട്ടയം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കുമാരനല്ലൂർ ഷോപ്പിങ് കോംപ്ലക്സിന് ബലക്ഷയമെന്ന എൻജിനീയറിങ് വിഭാഗത്തിന്റെ കണ്ടെത്തൽ തള്ളി നഗരസഭ കൗൺസിൽ യോഗം.
കഴിഞ്ഞദിവസം നഗരസഭയുടെ ഉടമസ്ഥതയിലുള്ള കുമാരനല്ലൂർ ഷോപ്പിങ് കോംപ്ലക്സിലെ കോൺക്രീറ്റ് പാളികൾ തകർന്നുവീണിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ കൗൺസിലർമാരുടെ ചോദ്യത്തിന് മറുപടിയായാണ് ഷോപ്പിങ് കോംപ്ലക്സിന് ബലക്ഷയമുണ്ടെന്ന് പരിശോധനയിൽ വ്യക്തമായതായി മുനിസിപ്പൽ എൻജിനീയർ അറിയിച്ചത്. വിദഗ്ധ എജൻസികളെ ഉപയോഗിച്ച് പരിശോധന നടത്തിയശേഷം ബലപ്പെടുത്താൻ കഴിയുമെങ്കിൽ ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ, പൊളിച്ചുകളയണമെന്ന് പറയാൻ എളുപ്പമാണെന്നും അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തുകയാണ് വേണ്ടതെന്നുമായിരുന്നു കക്ഷിഭേദമേന്യ കൗൺസിലർമാരുടെ വാദം. പൊളിച്ചുനീക്കിയാൽ പുനർനിർമിക്കാൻ നഗരസഭയുടെ പക്കൽ പണമില്ലാത്തതിനാൽ കെട്ടിടം നിലനിർത്താനുള്ള നടപടി സ്വീകരിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇതിനായി നഗരസഭയുടെ നേതൃത്വത്തിൽ ഇവിടുത്തെ വാടകക്കാരുടെ യോഗം വിളിക്കണമെന്നും കെട്ടിടം ബലപ്പെടുത്താനുള്ള ചുമതല അവർക്കുതന്നെ നൽകണമെന്നുമുള്ള നിർദേശം ചില കൗൺസിലർമാർ മുന്നോട്ടുവെച്ചു.
മൂന്നുമാസത്തെ വാടക ഇളവ് ചെയ്ത് നൽകി അതത് കച്ചവടക്കാർക്കുതന്നെ കെട്ടിടം ബലപ്പെടുത്താനുള്ള ചുമതല നൽകണം. നഗരസഭ എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ വേണം ജോലികൾ നടത്താനെന്നും ആവശ്യമുയർന്നു.
നാഗമ്പടം മുനിസിപ്പൽ മൈതാനത്ത് എക്സിബിഷൻ നടത്താനായി കൗൺസിലിന്റെ അനുമതി വാങ്ങിയില്ലെന്ന ആക്ഷേപം വലിയ ബഹളത്തിൽ കലാശിച്ചു. അനുമതി നൽകിയതിൽ ഉദ്യോഗസ്ഥതലത്തിൽ അഴിമതി നടന്നുവെന്നും കൗൺസിലർമാർ ആരോപിച്ചു.
നിയമപ്രകാരം ലഭിക്കേണ്ട സെക്യൂരിറ്റി തുക വാങ്ങിയില്ലെന്നും ഇതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. ടിക്കറ്റ് വിൽപനയിൽ അനുസൃതമായി ടാക്സും ലഭിക്കണം. ഇതും വാങ്ങിയില്ല. വിറ്റ ടിക്കറ്റുകളുടെ കണക്കുകൾ ലഭ്യമല്ലാത്തതും വിമർശനത്തിനിടയാക്കി. ടിക്കറ്റ് വിൽപന പരിശോധിക്കാൻ നഗരസഭ ഉദ്യോഗസ്ഥർ തയാറാകാത്തതിൽ വീഴ്ചയുണ്ടായി. ചെയർപേഴ്സനെതിരെ വൈസ് ചെയർമാൻമാർ അടക്കം കോൺഗ്രസ് കൗൺസിലർമാർ രംഗത്തെത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി. സെക്രട്ടറിയുടെ ശിപാർശയിൽ പരിപാടിക്ക് മുൻകൂർ അനുമതി നൽകുകയായിരുന്നുവെന്നായിരുന്നു ചെയർപേഴ്സന്റെ നിലപാട്. എന്നാൽ, ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. അഴിമതിയുണ്ടെന്ന് എൽ.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ ആരോപിച്ചു.
ഏറെനേരം നീണ്ട വാദപ്രതിവാദങ്ങൾക്കുശേഷം ഒരാഴ്ചക്കുള്ളിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയടക്കം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സെക്രട്ടറിക്ക് ചെയർപേഴ്സൻ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.