ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സാപിഴവിനെ തുടർന്ന് യുവതി മരിച്ചതായി പരാതി. കോതനല്ലൂർ ചാമക്കാല കന്നവെട്ടിയിൽ അംബുജാക്ഷന്റെ ഭാര്യ ശാലിനി അംബുജാക്ഷൻ (49) ആണ് മരിച്ചത്. ഗർഭാശയ പരിശോധനക്കെത്തിയ യുവതിയുടെ വയറ്റിൽ ഗുളിക നിക്ഷേപിച്ചതിനെ തുടർന്ന് അസ്വസ്ഥതയും ബോധക്ഷയവും ഉണ്ടായി മരിക്കുകയായിരുന്നുവെന്നാണ് പരാതി.
ആദ്യം ഗുളിക നൽകിയത് ശരിയാകാതെ വന്നതിനെ തുടർന്ന് രണ്ടാമതും ഗുളിക നിക്ഷേപിച്ചു. 15 മിനിറ്റ് കഴിഞ്ഞപ്പോൾ ശാലിനിക്ക് നെഞ്ചെരിച്ചിലും, വയറുവേദനയും ചൊറിച്ചിലും ഉണ്ടായി. അസ്വസ്ഥത കൂടി ബോധം മറഞ്ഞു. ഉടൻ ഡോക്ടറും നഴ്സും ചേർന്ന് ശാലിനിയെ ക്രിട്ടിക്കൽ ഐ.സി.യുവിലേക്ക് മാറ്റി. തുടർന്ന് പുലർച്ചെ അഞ്ചിന് മരണവാർത്തയാണ് ബന്ധുക്കളെ അറിയിച്ചത്.
ചികിത്സാപിഴവ് മൂലമാണ് ശാലിനി മരണപ്പെട്ടതെന്ന് കാണിച്ച് ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിനും ഗാന്ധിനഗർ പൊലീസിലും പരാതി നല്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മക്കൾ: അശ്വന്ത്, അഭിഷേക്, അർജുൻ. മരുമകൾ: മിഥില അശ്വന്ത്.
സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഗൈനക്കോളജി മേധാവി ഡോ. ബീനാകുമാരി, കാർഡിയോളജി മേധാവി ഡോ. റഹ്മത്ത് മിസ്രിയ, ആർ.എം.ഒ ഡോ. സാംക്രിസ്റ്റി മാമ്മൻ എന്നിവരാണ് അന്വേഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.