കോട്ടയം: ഇന്ത്യയില്‍ ആദ്യമായി ഒറ്റദിവസം മൂന്ന് പ്രധാന അവയവങ്ങള്‍ മാറ്റിവെക്കുന്ന സര്‍ക്കാര്‍ ആശുപത്രിയാകാന്‍ കോട്ടയം മെഡിക്കല്‍ കോളജ്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും, സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവെക്കുന്നത് ആദ്യമായി നടത്തുന്നതും വ്യാഴാഴ്ച നടക്കും. ഇതോടെ ചരിത്രനേട്ടം കോട്ടയം ഗവ. മെഡിക്കല്‍ കോളജിന് മാത്രം സ്വന്തമാകും.
സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവെക്കുന്നതും ആദ്യമായാണ്. പതിനൊന്നാമത്തെ ഹൃദയംമാറ്റിവെക്കല്‍ ശസ്ത്രക്രിയയും കൂടിയാണ് ഇവിടെ നടക്കുന്നത്. മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിന്‍പുറത്ത് വീട്ടില്‍ എ.ആര്. അനീഷിന്റെ (38) അവയവങ്ങളാണ് ദാനംചെയ്തത്. ഇതിന് സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നന്ദി അറിയിക്കുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.
അനീഷ്
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അസി. പ്രിസണ്‍ ഓഫിസറായ അനീഷിന്റെ ഹൃദയം, ശ്വാസകോശം, രണ്ട് വൃക്ക, പാന്‍ക്രിയാസ്, കരള്‍, കൈ, രണ്ട് നേത്രപടലം എന്നീ അവയവങ്ങളാണ് ദാനംചെയ്തത്. ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട് നേത്രപടലങ്ങളും കോട്ടയം മെഡിക്കല്‍ കോളജിലേക്കും ഒരുവൃക്കയും പാന്‍ക്രിയാസും കൈയും കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്.
ഒക്ടോബര്‍ 17ന് ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് അനീഷ് തിരിച്ചുവരുമ്പോള്‍ പമ്പയില്‍ വച്ച് തലയിടിച്ച് വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഉടന്‍ പത്തനംതിട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു. ബുധനാഴ്ച അനീഷിന് മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരായത്. അമ്മ: അംബിക കുമാരി, സഹോദരിമാർ: എ.ആര്.ലക്ഷ്മി, എ.ആര്.അഞ്ജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.