'പട്ടി​'യെന്ന് വിളിച്ച് മുഖത്തടിക്കാൻ വന്നെന്ന്; കോട്ടയം മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടറെ അധിക്ഷേപിച്ച പരാതിയിൽ ഫോറൻസിക് വിഭാഗം മേധാവിയെ സ്ഥലം മാറ്റി

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടറെ (പി.ജി വിദ്യാർഥി) അധിക്ഷേപിച്ചു വെന്ന പരാതിയിൽ വകുപ്പ് മേധാവിയെ സ്ഥലം മാറ്റി. കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസ ജോണിനെയാണ് എറണാകുളം മെഡിക്കൽ കോളജിലേക്ക് സ്ഥലം മാറ്റി കൊണ്ട് ഉത്തരവിറങ്ങിയത്.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിലാണ് നടപടി. ഇവർ നിരന്തരമായി പി.ജി വിദ്യാർഥികളെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായിട്ടാണ് ആരോപണം ഉയർന്നത്. തനിക്കിഷ്ടമില്ലാത്ത വിദ്യാർഥികൾക്കു നേരെ മോശം പരാമർശങ്ങളും അസഭ്യ വർഷവും ഇവരുടെ സ്ഥിരം പതിവായിരുന്നുവെന്നും പി.ജി വിദ്യാർഥിയെ പീഡനക്കേസിൽപെടുത്തി കുടുക്കുമെന്നും ഇവർ ഭീഷണിമുഴക്കിയതായി വിദ്യാർഥികൾ പറയുന്നു.

മാനസിക പീഡനം, പരസ്യമായി അസഭ്യം പറയുക, പരീക്ഷയിൽ തോൽപിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി പി.ജി വിദ്യാർഥി ഡോ. വിനീത് ആണ് പരാതി നൽകിയത്. നേരത്തേ ആശുപത്രി അധികൃതർക്ക് നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെന്നും തുടർന്നാണ് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, യുവജന കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയതെന്ന് ഡോ. വിനീത് പറയുന്നു.

കഴിഞ്ഞ നവംബർ എട്ടാം തീയതിയാണ് പരാതിക്ക് ആസപ്‌ദമായ സംഭവം നടന്നത്. ലിസ ജോൺ തന്നെ പട്ടിയെന്ന് വിളിക്കുകയും മുഖത്ത് അടിക്കാൻ വരികയും അശ്ലീലം കലർന്ന പരമാർശങ്ങൾ നടത്തിയിരുന്നുവെന്നും ഡോ. വിനീത് കുമാർ നൽകിയ പരാതിയിൽ പറയുന്നു. 2023 നവംബറിലും സമാനമായ സംഭവം നടന്നതായി പരാതിയിൽ സൂചിപ്പിച്ചിരുന്നു. അന്നേദിവസം മോർച്ചറിയിൽ ഓട്ടോപ്സിക്കിടയിൽ ഡോ. ലിസ ജോൺ തന്നോട് കുപിതയായി സംസാരിച്ചുവെന്നും രണ്ടുപ്രാവശ്യം തനിക്ക് മോർച്ചറി ബാൻ നേരിടേണ്ടിവന്നതായും പോസ്റ്റ്മോർട്ടം ചെയ്യാൻ കേസ് തരാതെയും പോസ്റ്റ്മോർട്ടം കാണാൻ അവസരം നിഷേധിച്ചും മോശമായ അനുഭവം നേരിട്ടതായും വിനീത് കുമാർ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്ന് ഇതു സംബന്ധിച്ച് ഡി.എം.ഇയുടെ നേതൃത്വത്തിലുള്ള സംഘം കോട്ടയം മെഡിക്കൽ കോളജിൽ എത്തി അന്വേഷണം നടത്തിയിരുന്നു. പരാതിക്കൊപ്പം നൽകിയിരുന്ന

ഡിജിറ്റൽ തെളിവുകളും നൽകിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് എറണാകുളം മെഡിക്കൽ കോളജിലേയ്ക്ക് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്.

തന്റെ മാതാപിതാക്കൾ അധ്യാപകരായിരുന്നുവെന്നും അധ്യാപകരുടെ മഹത്വം തനിക്ക് അറിയാമെന്നും ഡോ വിനീത് മാധ്യമത്തോട് പറഞ്ഞു. ഒരു അധ്യാപികക്ക് ചേർന്നതരത്തിലുള്ള പ്രവൃത്തിയും പെരുമാറ്റവുമായിരുന്നില്ല മേധാവിയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. വളരെ ഗൗരവതരമായ ആക്ഷേപങ്ങളാണ് എനിക്കെതിരെ ഉന്നയിച്ചത്. അതിനാൽ എന്നെ കോട്ടയം മെഡിക്കൽ കോളജിൽ നിന്നും മറ്റേതെങ്കിലും ഗവഃ മെഡിക്കൽ കോളജിലേക്കോ മാറ്റണമെന്നും അല്ലെങ്കിൽ മേധാവിയെ സ്ഥലം മാറ്റണമെന്നുമായിരുന്നു ആവശ്യപെട്ടിരുന്നത്. സർക്കാർ നീതീ പൂർവമായ തീരുമാനം എടുത്തെന്നും അതിൽ ഞാൻ സന്തോഷവാനാണെന്നും ഡോ. വിനീത് പറഞ്ഞു.

Tags:    
News Summary - Kottayam Medical College Head of Forensic Department has been transferred over a complaint of a junior doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.