കോട്ടയം: ഒറ്റദിവസം കോട്ടയം കെ.എസ്.ആര്.ടി.സി ഡിപ്പോയുടെ വരുമാനം 32.53 ലക്ഷം രൂപ. തിങ്കളാഴ്ചയിലെ സർവിസിലാണ് ലക്ഷ്യം വെച്ചതിനേക്കാൾ ഏഴുലക്ഷത്തിലേറെ രൂപയുടെ വരുമാനം ലഭിച്ചത്. പമ്പ സർവിസുകളടക്കം നടത്തുന്നതിനാൽ ലക്ഷ്യമിട്ടത് 25 ലക്ഷം രൂപയായിരുന്നു. പമ്പ ഒഴികെയുള്ള സര്‍വിസുകളുടെ മാത്രം ടാര്‍ജറ്റ് 16.89 ലക്ഷം രൂപയായിരുന്നുവെങ്കിലും ലഭിച്ചത് 18.86 ലക്ഷം രൂപ.
തിങ്കളാഴ്ച ദീര്‍ഘ, ഹ്രസ്വ ദൂര റൂട്ടുകളിലെല്ലാം യാത്രക്കാരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പമ്പ സര്‍വിസുകളിലും പതിവില്‍ കവിഞ്ഞ തിരക്കുണ്ടായി. ക്രിസ്മസ് അവധി അവസാനിക്കുന്നതിന്റെ തിരക്കും ശബരിമല തീര്‍ഥാടകരുടെ വര്‍ധനവുമാണ് മികച്ച വരുമാനത്തിലേക്ക് ഡിപ്പോയെ എത്തിച്ചത്. സാധാരണ 70 സർവിസുകളാണ് നടത്താറുള്ളത്. എന്നാൽ, തിങ്കളാഴ്ച തിരക്ക് കണക്കിലെടുത്ത് 50 സർവിസുകൾ അധികം നടത്തി.
ബംഗളൂരുവിലേക്ക് ഒരാഴ്ചയിലേറെയായി ഓടിയിരുന്ന സ്പെഷല്‍ സര്‍വിസും തിങ്കളാഴ്ച വരെയുണ്ടായിരുന്നു. നിലവില്‍ ഡിപ്പോയില്‍ നിന്നു സര്‍വിസ് നടത്തുന്ന സ്ലീപ്പര്‍ കം സീറ്റര്‍ സര്‍വിസിനു പുറമേ ഡീലക്സ് സര്‍വിസാണ് ക്രിസ്മസ് അവധി നാളുകളില്‍ ബംഗളൂരുവിലേക്ക് സ്പെഷലായി ഓടിയത്. സ്ലീപ്പര്‍ കം സീറ്റര്‍ സര്‍വിസ് ഒരു തവണ ബംഗളൂരുവിൽ പോയി മടങ്ങി എത്തുമ്പോള്‍ ഒരു ലക്ഷം രൂപയാണ് ശരാശരി വരുമാനം.
കഴിഞ്ഞ ദിവസങ്ങളില്‍ സ്പെഷലായി നടത്തിയ അധിക സര്‍വിസ് സ്ഥിരം സര്വിസാക്കണമെന്ന ആവശ്യം യാത്രക്കാര്‍ ഉയര്‍ത്തുന്നുണ്ട്. മകരവിളക്ക് അടുക്കുന്നതോടെ പമ്പ സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനം. മകര വിളക്ക് ദിവസം 1000 ബസുകള്‍ പമ്പയിലുണ്ടാകുന്ന രീതിയിലാണ് ബസുകള്‍ അനുവദിക്കുക. കോട്ടയത്തിനും കൂടുതല്‍ ബസുകള്‍ കിട്ടും.
നിലവില്‍, റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മുഴുവന്‍ സമയവും പമ്പ സര്‍വിസുകളുണ്ട്. ഇത്തവണ സര്‍വിസുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നില്ലെന്നതും ഡിപ്പോക്ക് നേട്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.