കോട്ടയം: സംസ്ഥാനത്തെ ലഹരി വ്യാപാരത്തിന്റെ ഇടനാഴിയായി കോട്ടയം മാറുന്നെന്ന സംശയം ശക്തം. അടുത്തിടെയായി ജില്ലയിൽ പിടികൂടുന്ന മയക്കുമരുന്ന് കേസുകളുടെ എണ്ണം ഈ സംശയം ശക്തമാക്കുകയാണ്. ലഹരി ഉപയോഗത്തിലേക്കും വിപണനത്തിലേക്കും വിദ്യാർഥികളെയും യുവാക്കളെയും ആകർഷിക്കുന്ന സംഘങ്ങൾ ജില്ലയിൽ ശക്തമാകുന്നെന്നാണ് വിവരം.
ഇതിനായി പലതരത്തിലുള്ള സ്ഥാപനങ്ങളും കൂട്ടായ്മയും ഒരുക്കുന്നെന്ന വിവരവുമുണ്ട്. മയക്കുമരുന്ന് വിൽപന കേന്ദ്രങ്ങൾക്ക് പ്രത്യേകതരം പേരുകളും കോഡുകളും ഉപയോഗിക്കുന്നതായ വിവരങ്ങൾ എക്സൈസ് വകുപ്പിനുൾപ്പെടെ ലഭിച്ചിട്ടുണ്ട്. ഐസ്ക്രീം പാർലറുകൾ, കോഫി ഷോപ്പുകൾ എന്നിവയുടെ മറവിലെല്ലാം മയക്കുമരുന്ന് വിപണനം നടക്കുന്നെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
നഗരത്തിന്റെ വിവിധ പ്രദേശങ്ങള്‍ ലഹരി മാഫിയ കീഴടക്കിയിരിക്കുകയാണ്. സന്ധ്യ കഴിഞ്ഞാല്‍ നഗരത്തിന്റെ പലയിടങ്ങളിലും ലഹരി കച്ചവടവും ഉപയോഗവും വ്യാപകമാണ്. കഞ്ചാവും രാസലഹരിയുമായി ജില്ലയുടെ വിവിധ പ്രദേശങ്ങളിലും നിന്നും യുവാക്കളെ പൊലീസും എക്സൈസും പിടികൂടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് കിലോക്കണക്കിന് കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരും പിടിയിലാകുന്നുണ്ട്. ഇതര സംസ്ഥാനത്തുനിന്നും എത്തുന്ന ബസുകളില്‍നിന്നും രാസലഹരി കടത്തുന്ന സംഘങ്ങളെയും പൊലീസ് പിടികൂടുന്നത് വർധിക്കുകയാണ്. അധികൃതര്‍ പഴുതടച്ച പരിശോധനകളുമായി രംഗത്തിറങ്ങിയിട്ടും ലഹരി മാഫിയ സംഘങ്ങള്‍ യഥേഷ്ടം വിഹരിക്കുകയാണെന്ന് ഓരോ സംഭവങ്ങളും വ്യക്തമാക്കുന്നു.
അന്യസംസ്ഥാനങ്ങളില്‍നിന്ന് കാരിയർമാർ വഴി പ്രതിദിനം കിലോക്കണക്കിന് കഞ്ചാവാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്കെത്തിക്കുന്നതെന്ന് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, പലപ്പോഴും ഈ സംഘങ്ങളെ പിടികൂടാൻ സാധിക്കുന്നില്ലെന്ന് മാത്രം. പ്രധാനമായും കമ്പത്തുനിന്നാണ് ഇവ എത്തുന്നത്. കേരള-തമിഴ്നാട് ചെക്ക്പോസ്റ്റില്‍ പരിശോധന ശക്തമാക്കിയതോടെ മൊത്ത വിതരണക്കാര്‍ റൂട്ട് മാറ്റി.
പുലര്‍ച്ച ജോലിക്കായി അതിര്‍ത്തി വഴി നടന്നെത്തുന്ന തമിഴ്നാട് സ്വദേശികളായ തൊഴിലാളികള്‍ മുഖേന കുമളിയില്‍ എത്തിക്കുകയും അവിടെനിന്നും റോഡ് മാർഗം കോട്ടയത്ത് എത്തിക്കുകയുമാണ് പുതിയ രീതിയെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
യുവാക്കളെ കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ പച്ചക്കറി ലോറികളിലും ആഡംബര വാഹനങ്ങളിലും ബസുകളിലുമാണ് കഞ്ചാവ് കടത്തുന്നുണ്ട്. എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാമ്പുകൾ, ഹെറോയിൻ, കൊക്കെയ്ൻ തുടങ്ങിയ ലഹരിവസ്തുക്കളും വ്യാപകമായി അതിർത്തികടന്ന് ജില്ലയിലേക്ക് എത്തുന്നുണ്ട്. കഞ്ചാവ് വിൽപനയിലൂടെയുള്ള വരുമാനം കുറഞ്ഞതോടെ രാസലഹരി വിൽപനയിലേക്ക് മയക്കുമരുന്ന് സംഘങ്ങൾ വ്യാപകമായി മാറി.
എളുപ്പം കൂടുതൽ പണം ലഭിക്കുമെന്നതും ആഡംബര ജീവിതവും വാഹനങ്ങളും ലഭിക്കുമെന്നതും വിദ്യാർഥികളെ പ്രധാനമായും ഈ സംഘത്തിലേക്ക് ആകർഷിക്കുന്നു. സ്ത്രീകളെയും പെൺകുട്ടികളെയും മയക്കുമരുന്ന് കാരിയർമാരായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് എം.ഡി.എം.എയുമായി നഗരമധ്യത്തിലെ ലോഡ്ജുകളിൽനിന്നും പത്ത് പോരോളം അറസ്റ്റിലായത്. ലോഡ്ജുകൾ, കഫറ്റേരിയകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ചെല്ലാം ലഹരി പാർട്ടികൾ ജില്ലയിൽ സജീവമാകുന്നെന്നാണ് വിവരം.
എന്നാൽ, ഇത്തരം കേന്ദ്രങ്ങളിൽ പൊലീസിന്റെയും എക്സൈസിന്റെയും പരിശോധനകൾ നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടേയും എക്സൈസിന്റെയും കണക്കുകൾ പ്രകാരം കോട്ടയത്ത് മയക്കുമരുന്ന് കേസുകളിൽ വൻ വർധനയുണ്ടാകുന്നെന്നും വ്യക്തമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.