നെടുംകുന്നം: കറുകച്ചാൽ-മണിമല റോഡിൻെറ നവീകരണത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട ടാറിങ്ങ് ജോലികൾക്കിടെ പ്രതിസന്ധിയായി ഭാരവാഹനങ്ങൾ. നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത്വകുപ്പ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹന ഉടമകൾ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. പ്രധാന റോഡായതിനാൽ പല കാരണങ്ങൾ പറഞ്ഞ് വാഹനങ്ങൾ തുടർച്ചയായി കടന്നു പോകുകയാണ്. ഇത്
നിർമാണ ജോലികളെ ബാധിക്കുന്നതായി കരാറുകാർ പറയുന്നു. തുടർച്ചയായി വാഹനങ്ങൾകടന്നു പോകുന്നത് നിർമാണ ജോലികളെ ബാധിക്കുന്നതായി ചീഫ് വിപ്പ് എൻ.ജയരാജും പറഞ്ഞു. ടാറിങ് നടക്കുമ്പോൾ വാഹനങ്ങൾ കയറിയിറങ്ങി ടാർ ചെയ്ത ഭാഗം വ്യാപകമായി കുഴിഞ്ഞു. കുറഞ്ഞത് ടാർ ചെയ്ത് നാല് മണിക്കൂറെങ്കിലും കഴിഞ്ഞാലേ വാഹനങ്ങൾ കയറാൻ പാടുള്ളൂ. കഴിഞ്ഞ ദിവസം നെടുംകുന്നത് ടാർ ചെയ്യുന്നതിനിടയിൽ വാഹനങ്ങൾ കയറി കേടുപാടുകൾ സംഭവിച്ചു.
ചിലയിടങ്ങൾ ഇളകി പോയി. ഇതിനിടെ, വാഹനംതടയാൻ ജോലിക്കാർ ശ്രമിച്ചതോടെ ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച് യാത്രക്കാരിൽ ചിലർ ബഹളവും സൃഷ്ടിച്ചു. ഇളകി പോയ ഭാഗത്ത് വീണ്ടും ടാർ ചെയ്യുന്നത് സമയ നഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നതായി പി.ഡബ്ല്യു.ഡി പറയുന്നു.
വിവിധ റോഡുകളിലൂടെ ഗതാഗതം വഴിതിരിച്ചു വിട്ടെങ്കിലും പലരും പാലിക്കുന്നില്ല. ഒന്നര വർഷത്തോളമായി തകർന്നു കിടന്ന റോഡാണ് ഇപ്പോൾ പരാതിയെ തുടർന്ന് ഉന്നത നിലവാരത്തിൽ പുനർനിർമിക്കുന്നത്. പണി നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ച ബോർഡുകളും കയറും അഴിച്ചുമാറ്റി ചിലർ വാഹനങ്ങളോടിച്ചു.
കഴിഞ്ഞ മാസം ആദ്യഘട്ട ടാറിങ് ആരംഭിച്ചപ്പോൾ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അന്നും ചില പ്രശ്നങ്ങൾ ഉണ്ടായി. ടാറിങ്ങ് പൂർത്തിയാക്കും വരെ യാത്രക്കാർ സഹകരിക്കണമെന്ന് പി.ഡബ്ല്യു.ഡി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.