മെഡിക്കൽ കോളജിലെ ഒ.പി ടിക്കറ്റ് കൗണ്ടറിന് സമീപത്തെ തകരാറിലായ കുടിവെള്ള സംവിധാനം
ഗാന്ധിനഗർ: മെഡിക്കൽ കോളജ് വിവിധ ഒ.പി കൗണ്ടറുകളിൽ രോഗികളും കൂട്ടിരിപ്പുകാരും മണിക്കൂറുകളോളം കാത്തിരിക്കുന്നത് ദാഹിച്ചുവലഞ്ഞ്. ഒ.പി ടിക്കറ്റ് കൗണ്ടറിന് സമീപം സ്ഥാപിച്ചിരിക്കുന്ന വാട്ടർ സിസ്റ്റം തകരാറിലായിട്ട് ഒരുവർഷം പിന്നിട്ടു. ഇത് മാറ്റി പുതിയത് സ്ഥാപിക്കാനോ മറ്റ് സംവിധാനം തരപ്പെടുത്താനോ അധികൃതർ തയാറാകുന്നില്ലെന്നാണ് പരാതി. ഒ.പി കൗണ്ടർ മുതൽ ഫാർമസിവരെ നീളും ടിക്കറ്റ് എടുക്കാൻ നിൽക്കുന്നവരുടെ നീണ്ടനിര. മണിക്കൂറുകൾ ക്യൂവിൽനിന്നാണ് രോഗികളും കൂടെ വരുന്നവരും ടിക്കറ്റ് എടുക്കുന്നത്.
ഡോക്ടറെ കാണുന്നതിനും മണിക്കൂറുകളുടെ കാത്തിരിപ്പാണ്. രോഗികളും ബന്ധുക്കളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് എല്ലാ ദിവസവും ആറു മണിക്കൂർവരെ ഇവിടെ തങ്ങുന്നത്. എന്നാൽ, ഇരുന്നും നിന്നും മടുക്കുമ്പോൾ രോഗികൾക്കും ബന്ധുക്കൾക്കും ഇത്തിരി വെള്ളം കുടിക്കാൻ ഇവിടെ സംവിധാനമില്ല. ഇതോടെ ഓർത്തോ ഒ.പി, സർജറി ഒ.പി, ഗ്യാസ്ട്രോളജി ഒ.പി തുടങ്ങി വിവിധ ഒ.പി വിഭാഗങ്ങളിലും കാത്തിരിക്കുന്ന രോഗികളും മറ്റും കുടിവെള്ളത്തിനായി മറ്റ് മാർഗങ്ങൾ തേടേണ്ട അവസ്ഥയായി. പുറത്തുനിന്ന് കുപ്പിവെള്ളം വാങ്ങുകയോ വീടുകളിൽനിന്ന് കൊണ്ടുവരുകയോ വേണം. ഇതോടെ രോഗികളും കൂടെയെത്തുന്നവരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.